
ടൊവിനോ തോമസും കല്ല്യാണി പ്രിയദർശനും ആദ്യമായി ഒരുമിക്കുന്ന തല്ലുമാല സിനിമയുടെ വ്യത്യസ്ത പ്രചാരണത്തിന് വേദിയായി ദുബായ്. ദുബായ് ഫെസ്റ്റിവല്‍ സിറ്റി ഫൗണ്ടേനില്‍ ലേസർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രത്തിന്‍റെ പേരു തെളിഞ്ഞപ്പോള്‍ ഫെസ്റ്റിവല്‍ സിറ്റിയിലെത്തിയ ആയിരങ്ങള്‍ ആവേശഭരിതരായി. ഇതോടൊപ്പം നായകന്‍ ടൊവിനോ തോമസിന്‍റേയും നായിക കല്ല്യാണിയുടേയും പേരുകളും വെളളത്തില്‍ തെളിഞ്ഞു. ഫെസ്റ്റിവൽ സിറ്റി മാളിന്‍റെ പുറം ചുവരിൽ തല്ലുമാലയുടെ ട്രെയിലർ ഷോയും നടന്നു. നായികയ്ക്കും നായകനുമൊപ്പം ആഘോഷങ്ങളില്‍ പങ്കുചേരാന്‍ ഷൈന്‍ ടോം ചാക്കോയും ചെമ്പന്‍ വിനോദുമടക്കമുളള വന്‍ താരനിരയുമെത്തിയിരുന്നു. ആദ്യമാണ് ഫെസ്റ്റിവല്‍ സിറ്റി ഇത്തരത്തിലൊരു സിനിമാ പ്രചാരണത്തിന് വേദിയാകുന്നത്.
മലയാള സിനിമയില്‍ ഉളളടക്ക ദാരിദ്ര്യമില്ല, ടൊവിനോ
മികച്ച ഉളളടക്കമാണ് മലയാള സിനിമകളുടെ കരുത്തെന്ന് നായകന്‍ ടൊവിനോ തോമസ് പറഞ്ഞു. അതുകൊണ്ടുതന്നെയാണ് മലയാള സിനിമകള്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. കോവിഡ് കാലത്തിനു ശേഷം തിയറ്റുകളിലേക്ക് ജനങ്ങളെയെത്തിക്കാന്‍ നല്ല സിനിമകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തല്ലുമാല സാധാരണക്കാരന്‍റെ സിനിമയാണ്. എല്ലാതരത്തിലുളള പ്രേക്ഷകരെയും തല്ലുമാല രസിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് കല്ല്യാണി പ്രിയദർശനും പറഞ്ഞു. പ്രേക്ഷകനെ രസിപ്പിക്കാന്‍ തല്ലുമാലയ്ക്ക് സാധിക്കുമെന്നായിരുന്നു തിരക്കഥാകൃത്ത് മുഹ്സിന്‍ പരാരിയുടെ പ്രതികരണം. ഷൈന്‍ ടോം ചാക്കോ, ആഷിഖ് റഹ്മാന്‍ എന്നിവരും ദേര സിറ്റി സെന്‍ററില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ പങ്കെടുത്തു.തല്ലുമാല 12 ന് തിയറ്റുകളിലെത്തും.