പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ മലബാർ ഗോള്‍ഡിന്‍റെ പേരില്‍ വ്യാജമായി പ്രവർത്തിച്ചിരുന്ന ഷോറൂം അധികൃതർ അടപ്പിച്ചു. മലബാര്‍ ഗോള്‍ഡ് നൽകിയ പരാതിയെ തുടർന്നാണ് അധികൃതർ നടപടിയെടുത്തത്. സ്ഥാപനം നടത്തിയിരുന്ന പാകിസ്ഥാന്‍ പൗരനായ മുഹമ്മദ് ഫൈസാനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
മലബാർ ഗോള്‍ഡിന്‍റെ ബ്രാന്‍ഡ് നെയിമും മറ്റും ഉപയോഗിച്ചതിന് പുറമെ ഇതെല്ലാം ഉപയോഗപ്പെടുത്തി സമൂഹമാധ്യമ പേജുകളും ഇയാള്‍ സജീവമായി നിലനിർത്തിയിരുന്നു. സ്ഥാപന അധികൃതരുടെ പരാതി പരിഗണിച്ച പാകിസ്ഥാന്‍ കോടതി മലബാര്‍ ഗോള്‍ഡിന്‍റെ പേരിലുള്ള എല്ലാ സൈന്‍ ബോര്‍ഡുകളും ഉടൻ നീക്കം ചെയ്യാനും ബ്രാന്‍ഡ് നാമത്തിന്‍റെയും വ്യാപാരമുദ്രകളുടെയും എല്ലാ ഉപയോഗവും നിര്‍ത്താനും ഉത്തരവിറക്കി.
എന്നാല്‍ കോടതി ഉത്തരവുകള്‍ പാലിക്കാന്‍ സ്ഥാപനമുടമ വിസമ്മതിച്ചു. ഇതോടെ മലബാര്‍ ഗോള്‍ഡ് കോടതിയലക്ഷ്യ ഹർജി ഫയല്‍ ചെയ്യുകയായിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. ഇതോടെ ബ്രാന്‍ഡ് മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ക്കനുസൃതമായി ഒത്തുതീര്‍പ്പിനും തുടര്‍ന്നുള്ള കരാറിനുമായി ഫൈസാന്‍ മലബാര്‍ ഗോള്‍ഡിനെ സമീപിച്ചു. തന്‍റെ പേരില്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രതി നല്‍കിയ ട്രേഡ്മാര്‍ക്ക് അപേക്ഷ പിന്‍വലിക്കുക, പ്രധാന ഇംഗ്ലീഷ്, ഉറുദു പത്രങ്ങളുടെ എല്ലാ പതിപ്പുകളിലും കുറ്റസമ്മതം നടത്തുക തുടങ്ങിയ ഉപാധികളുമാണ് മുന്നോട്ടുവെച്ചത്. ഇതെല്ലാം ഇയാള്‍ സമ്മതിച്ചു.
വിശ്വാസത്തിന്‍റെ അടിത്തറയിലാണ് മലബാർ ഗോള്‍ഡ് വളർന്നത്. കഠിനാധ്വാനം കൊണ്ട് നേടിയെടുത്തതാണ് ബ്രാന്‍ഡ് മൂല്യം ഇതിന് ഭംഗം വരുത്തുന്ന പ്രവൃത്തികള്‍ എന്ത് വിലകൊടുത്തും തടയുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാന്‍ എം പി അഹമ്മദ് പറഞ്ഞു. ഒത്തുതീർപ്പ് വ്യവസ്ഥകള്‍ അംഗീകരിച്ച ഫൈസാന്‍ മലബാർ ഗോള്‍ഡിന്‍റെ വ്യാപാരമുദ്രകളും ബ്രാന്‍ഡ് നാമവുമുളള എല്ലാ അടയാള ബോർഡുകളും നീക്കം ചെയ്തു.