ദുബായ് സമ്മർ സർപ്രൈസിന് വെള്ളിയാഴ്ച തുടക്കം

ദുബായ് സമ്മർ സർപ്രൈസിന് വെള്ളിയാഴ്ച തുടക്കം

ദുബായ് സമ്മർ സർപ്രൈസിന്‍റെ 2024 ലെ പതിപ്പിന് വെളളിയാഴ്ച തുടക്കമാകും. സെപ്റ്റംബർ 1 വരെ നീണ്ടുനില്‍ക്കുന്ന വേനല്‍ക്കാല ഉത്സവത്തില്‍ നിരവധി പരിപാടികളും അവിശ്വസനീയമായ വിലക്കുറവുമെല്ലാം ഒരുക്കിയിട്ടുണ്ട്. ദുബായ് ഫെസ്റ്റിവല്‍സ് ആന്‍റ് റീടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ നേതൃത്വത്തിലാണ് വർഷം തോറും ദുബായ് സമ്മർ സർപ്രൈസ് സംഘടിപ്പിക്കുന്നത്. പതിവുപോലെ ഇത്തവണയും ഡിഎസ്എസ് അവിസ്മരീണയ അനുഭവം സമ്മാനിക്കുമെന്ന് ഡിഎഫ്ആർഇ സിഇഒ അഹമ്മദ് അല്‍ ഖാജ പറഞ്ഞു. യുഎഇയിലെ സ്വദേശികള്‍ക്കും താമസക്കാർക്കും സന്ദർശകർക്കും ആസ്വദിക്കാന്‍ കഴിയുന്ന പരിപാടികളാണ് എമിറേറ്റിലുടനീളം ഒരുക്കിയിട്ടുളളത്. വേനല്‍ക്കാലമാസ്വദിക്കാന്‍ ദുബായ് തിരഞ്ഞെടുക്കുന്നവർക്ക് സമാനതകളില്ലാത്ത വിനോദ അനുഭവം നല്‍കുകയെന്നുളളതാണ് ഡിഎസ് എസിലൂടെ ലക്ഷ്യമിടുന്നത്. ജീവിക്കാനും ജോലി ചെയ്യാനുമുളള മികച്ച നഗരമാക്കി ദുബായിയെ മാറ്റുകയെന്ന ഡി33 യുടെ ലക്ഷ്യത്തിന് അനുസൃതമായാണ് ഓരോ പരിപാടികളും സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡിഎസ്എസ് ആരംഭിക്കുന്ന ആദ്യ ആഴ്ചയിലെ വാരാന്ത്യദിനങ്ങളില്‍ (28,29) വിവിധ മാളുകളില്‍ തല്‍സമയ വിനോദ പരിപാടികള്‍ ഒരുക്കും. മിർദിഫ് സിറ്റി സെന്‍ററില്‍ നോർവീജിയന്‍ ഡാന്‍സ് ക്വുക്ക് സ്റ്റൈല്‍, ജോർദാനീയന്‍ ഇന്‍ഡീ ബാന്‍ ഓട്ടോ സ്ട്രാഡ് എന്നിവരുടെ കലാപരിപാടികള്‍ അരങ്ങേറും. ജോർദാനീയന്‍-പലസ്തീനിയന്‍ ഗായകനും എഴുത്തുകാരനുമായ ദനാ സലാ, ഇറാഖി കനേഡിയന്‍ ഗായകന്‍ അലി ഗേറ്റി എന്നിവരുടെ പ്രകടനങ്ങളും ആസ്വദിക്കാം. മാള്‍ ഓഫ് ദ എമിറേറ്റ്സില്‍ ഡിജെ കെസാ, ഡിജെ ടലാ സമാന്‍, ഡിജെ സോണിയ സ്പിന്‍ എന്നിവരുമെത്തും. കൂടാതെ ഹോളിവുഡ് താരങ്ങളുടെ പ്രകടനങ്ങളുമുണ്ടാകും. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലും കലാ പരിപാടികള്‍ അരങ്ങേറും. ദുബായ് കൊക്കൊ കോള അരീനയില്‍ 28 ന് ജോർജ്ജസ് വാസോഫും അല്‍ ഷമിയും പങ്കെടുക്കുന്ന പരിപാടിയും അരങ്ങേറും. എക്സിബിറ്റ്, ഡി12,ഓബീ ട്രൈസ് എന്നിവരുടെ പ്രകടനം ജൂണ്‍ 28 നാണ്. എതോപ്യയിലെ പോപ് സ്റ്റാർ ടെഡി അഫ്രോ ജൂണ്‍ 30 ന് പരിപാടി അവതരിപ്പിക്കും.

ജുണ്‍ 28 ന് രാവിലെ 10 മുതല്‍ വൈകീട്ട് 10 മണിവരെ 12 മണിക്കൂർ സൂപ്പർ സെയില്‍ നടക്കും. വിവിധ ഷോപ്പിംഗ് മാളുകളില്‍ 90 ശതമാനം വരെയാണ് വിലക്കുറവ് നല്‍കുന്നത്. മാജിദ് അല്‍ ഫുത്തൈമിന്‍റെ വിവിധ മാളുകളില്‍ 100 ലധികം ബ്രാന്‍ഡുകള്‍ക്കാണ് വിലക്കുറവ് ലഭിക്കുക. ദുബായുടെ പ്രിയപ്പെട്ട വേനല്‍ക്കാല ലക്ഷ്യമായ മോദേഷ് വേള്‍ഡ് ഇത്തവണ 25 ആം വാർഷികം ആഘോഷിക്കുകയാണ്. കുട്ടികള്‍ക്കായി നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുളളത്.

എമിറേറ്റിലെ വിവിധ ഹോട്ടലുകളില്‍ കിഡ്സ് ഗോ ഫ്രീ ഓഫർ ലഭ്യമാകും. കൂടാതെ അയ യൂണിവേഴ്സ്, ദി വ്യൂ, അറ്റ് ദ ടോപ് ബുർജ് ഖലീഫ തുടങ്ങിയവയിലും കുട്ടികള്‍ക്ക് ഇളവുകള്‍ ലഭ്യമാണ്. ദുബായ് സമ്മ‍ർ സർപ്രൈസ് നടക്കുന്ന 10 ആഴ്ചകളില്‍ എമിറേറ്റിലുടനീളമുളള 3500 സ്റ്റോറുകളില‍ 800 ലധികം ടോപ് ബ്രാന്‍ഡുകള്‍ക്ക് 75 ശതമാനത്തിലധികം വിലക്കിഴിവ് ലഭ്യമാകും. ഷെയർ മില്ല്യണയർ ക്യാംപെയ്നനും അനുബന്ധമായി നടക്കും. മാള്‍ ഓഫ് ദ എമിറേറ്റ്സ്, ദേര സിറ്റി സെന്‍റർ, മിർദിഫ് സിറ്റി സെന്‍റർ എന്നിവിടങ്ങളില്‍ നിന്ന് 300 ദിർഹമോ അതിലധികമോ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങിച്ചാല്‍ ഷെയർ മില്ല്യണയർ ക്യാംപെയിനിന്‍റെ ഭാഗമാകാം. ആഢംബര കാർ ഉള്‍പ്പടെയുളളവയാണ് സമ്മാനം.ഇത് കൂടാതെ നിരവധി പ്രമോഷനുകളും നറുക്കെടുപ്പുകളും റാഫിള്‍ പ്രമോഷനുകളും ഡിഎസ്എസിന്‍റെ ഭാഗമായി നടക്കുന്നുണ്ട്.

സ്കീ ദുബായില്‍ ഉള്‍പ്പടെയുളളവയില്‍ സമ്മർ ക്യാംപുകളുമുണ്ട്. എക്സ്പോ സിറ്റി ദുബായ്, അൽ ഷിന്ദഗ മ്യൂസിയം എന്നിവയിലും കുട്ടികള്‍ക്കായി പരിപാടികളുണ്ട്.സ്നോ സ്പോർട്സ്,വോക്സ് സിനിമാസ്, മാജിക് പ്ലാനറ്റ് എന്നിവയിലേക്കുളള യാത്രകള്‍,ജ്വല്ലറി ആർട്ട് വർക്കുകള്‍, വിവിധ വർക്ക് ഷോപ്പുകളെന്നിവയും ഡിഎസ് എസിന്‍റെ ഭാഗമായി നടക്കും.

Related Stories

No stories found.
logo
The Cue
www.thecue.in