ഷെയ്ഖ് സായിദ് റോഡ് മുതല്‍ ഹാ‍ർബർ വരെ പാലം നിർമ്മിക്കാന്‍ ദുബായ് ആർടിഎ

ഷെയ്ഖ് സായിദ് റോഡ് മുതല്‍ ഹാ‍ർബർ വരെ പാലം നിർമ്മിക്കാന്‍ ദുബായ് ആർടിഎ

ദുബായ് ഷെയ്ഖ് സായിദ് റോഡില്‍ നിന്ന് ദുബായ് ഹാർബറിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനും തിരികെ വരുന്നതിനും പുതിയ പാലം വരുന്നു. ഹാർബറില്‍ നിന്ന് ഷെയ്ഖ് സായിദ് റോഡിലേക്ക് 1500 മീറ്റർ നീളത്തില്‍ എന്‍ട്രി എക്സിറ്റ് പോയിന്‍റുകള്‍ നിർമ്മിക്കുകയാണ് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. 431 ദശലക്ഷം ദിർഹം ചെലവു പ്രതീക്ഷിക്കുന്നതാണ് പദ്ധതി ഷമാല്‍ ഹോല്‍ഡിങ്സിന്‍റെ സഹകരണത്തോടെയാണ് നടപ്പിലാക്കുക.

രണ്ട് ദിശയിലേക്കും രണ്ട് വരിയിലാണ് റോഡ് നിർമ്മിക്കുക. നിർമ്മാണം പൂർത്തിയായാല്‍ റോഡിലൂടെ മണിക്കൂറില്‍ 6000 വാഹനങ്ങള്‍ക്ക് കടന്നുപോകാനാകും. ദുബായുടെ നഗരവികസനത്തില്‍ നിർണായകമാണ് റോഡ് ശൃംഖലകള്‍. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദ്ദേശ പ്രകാരമാണ് ജനസംഖ്യാവളർച്ചയ്ക്ക് ആനുപാതികമായി അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിക്കുന്നത്.

ഹാർബറിലേക്കുളള നേരിട്ടുളള പ്രവേശനവും തിരിച്ചുമുളള യാത്ര സുഗകരമാക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനുമായ മാതർ അല്‍ തായർ പറഞ്ഞു. ദുബായ് അമേരിക്കന്‍ യൂണിവേഴ്സിറ്റിക്ക് സമീപമുളള ഷെയ്ഖ് സായിദ് റോഡ് മുതല്‍ ദുബായ് ഹാർബർ സ്ട്രീറ്റ് വരെ നീളുന്ന പാലം വരുന്നതോടെ യാത്രാസമയം 12 മിനിറ്റില്‍ നിന്ന് 3 മിനിറ്റായി കുറയും. സന്ദർശകരുടേയും താമസക്കാരുടെയും യാത്ര സുഗമമാക്കി ജീവിത നിലവാരം ഉയർത്തുകയെന്നുളതാണ് ലക്ഷ്യമെന്ന് ഷമാൽ ഹോൾഡിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അബ്ദുല്ല ബിൻഹാബ്തൂർ പറഞ്ഞു.

ബ്ലൂ വാട്ടേഴ്സ് ദ്വീപിനും പാം ജുമൈറയ്ക്കുമിടയിലായാണ് ദുബായ് ഹാർബർ സ്ഥിതി ചെയ്യുന്നത്. അറബിക്കടലിലേക്ക് 550 മീറ്റർ തളളി നില്‍ക്കുന്ന 770 മീറ്റർ നീളത്തിലുളള സ്കൈ ഡൈവ് ഉള്‍പ്പെടുന്ന 1.5 കിലോമീറ്റർ ദൈർഘ്യമുളള പാത ഉള്‍പ്പെടുന്ന 7500 അപാർട്മെന്‍റുകളുളള പാർപ്പിട സമുച്ചയ പദ്ധതിയും ഹാർബറില്‍ ഉടനെ പൂർത്തിയാകും.

Related Stories

No stories found.
logo
The Cue
www.thecue.in