ഹാപ്പിനസ് വെഹിക്കിള്‍ ആരംഭിച്ച് ദുബായ് മുനിസിപ്പാലിറ്റി

ഹാപ്പിനസ് വെഹിക്കിള്‍ ആരംഭിച്ച്  ദുബായ് മുനിസിപ്പാലിറ്റി

മുതിർന്ന പൗരന്മാർക്കും നിശ്ചയദാർഢ്യക്കാർക്കുമായി ഹാപ്പിനസ് വെഹിക്കിള്‍ സംരംഭം ആരംഭിച്ച് ദുബായ് മുനിസിപ്പാലിറ്റി. സ്മാർട് ഇലക്ട്രോണിക് സേവനങ്ങള്‍ക്കായി അപേക്ഷിക്കുന്നതില്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹാപ്പിനസ് വെഹിക്കിള്‍ ആരംഭിച്ചിരിക്കുന്നത്.

ആവശ്യക്കാർക്ക് അവരുടെ സ്ഥലവും സേവനവും വ്യക്തമാക്കി വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും. തുടർന്ന് മുനിസിപ്പാലിറ്റിയില്‍ നിന്നുളള ഒരു ജീവനക്കാരന്‍ താമസസ്ഥലം സന്ദർശിച്ച് അവർക്ക് ആവശ്യമുളള സേവനത്തില്‍ അവരെ സഹായിക്കും. നിശ്ചയദാർഢ്യക്കാരെയും മുതിർന്ന പൗരന്മാരെയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യപ്രദമായ ഇടപെടലുകള്‍ നടത്തുകയെന്നുളളതാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്.

ഏറ്റവും എളുപ്പത്തിലും വേഗത്തിലും സേവനങ്ങള്‍ നല്‍കുകയെന്നുളളതാണ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യമെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ കോർപ്പറേറ്റ് സപ്പോർട്ട് സർവീസസ് സെക്ടർ സിഇഒ വെസം ലൂത്ത പറഞ്ഞു.ഉപഭോക്താക്കളുടെ സന്തോഷവും ക്ഷേമവും മുന്‍നിർത്തി സേവനനിലവാരം ഉയർത്തുന്നതിന് ഇത് ഗുണകരമാകുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ കസ്റ്റമർ ഹാപ്പിനെസ് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ മനാൽ ഒബെയ്ദ് ബിൻ യാറൂഫ് പറഞ്ഞു.

ഹാപ്പിനസ് വെഹിക്കിളിന്‍റെ ആദ്യഘട്ടത്തില്‍ അംഗീകൃത എൻജിനീയറിംഗ് ഡ്രോയിങ്ങുകളുടെ പകർപ്പിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾ സുഗമമാക്കും.പൂർത്തീകരണ സർട്ടിഫിക്കറ്റിന്‍റെ പകർപ്പ്, കീട നിയന്ത്രണ സേവനങ്ങൾ, കാർഷിക കീടനിയന്ത്രണത്തിനുള്ള അപേക്ഷകൾ, മാലിന്യ നിർമാർജനം തുടങ്ങിയ സേവനങ്ങൾക്ക് 800900 എന്ന നമ്പറിൽ മുനിസിപ്പാലിറ്റി കോൾ സെന്‍ററുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് വാഹനം ബുക്ക് ചെയ്യാമെന്നും അവർക്ക് ആവശ്യമായ സേവനം തിരഞ്ഞെടുക്കാമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. അത് പ്രകാരം മുനിസിപ്പാലിറ്റിയില്‍ നിന്ന് ഒരു ഉദ്യോഗസ്ഥന്‍ തിരികെ വിളിക്കും. സന്ദർശനത്തിന്‍റെ തിയതിയും സമയവും ബുക്ക് ചെയ്ത് സേവനം ഉപയോഗിക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in