സ്കൂളുകള്‍ തുറന്നു, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധനകള്‍ നടത്തി ദുബായ് മുനിസിപ്പാലിറ്റി

സ്കൂളുകള്‍ തുറന്നു, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധനകള്‍ നടത്തി ദുബായ് മുനിസിപ്പാലിറ്റി
Published on

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ബോധവല്‍ക്കരണപരിപാടികളോടൊപ്പം വിവിധ മേഖലകളിലെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധനകളും നടത്തി ദുബായ് മുനിസിപ്പാലിറ്റി. പരിസ്ഥിതി, ആരോഗ്യം, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി നിരവധി ബോധവല്‍ക്കരണപരിപാടികളാണ് മുനിസിപ്പാലിറ്റി സംഘടിപ്പിച്ചത്.എമിറേറ്റിലെ കിന്‍റർഗാർട്ടനുകള്‍,നഴ്‌സറികൾ, സ്‌കൂളുകൾ തുടങ്ങി 500-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയത്.

നിർദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്കൂള്‍യൂണിഫോമുകള്‍ നല്‍കിയിരിക്കുന്നത് എന്നതടക്കമുളള കാര്യങ്ങളും മുനിസിപ്പാലിറ്റി പരിശോധിച്ചു. അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വിവിധ റീട്ടെയിൽ & ഡിപ്പാർട്ട്‌മെന്‍റ് സ്റ്റോറുകളിൽ നിന്നും ഇ-കൊമേഴ്‌സ് സൈറ്റുകളിൽ നിന്നും 178 ഭക്ഷണ പാത്രങ്ങളുടെയും വെള്ളക്കുപ്പികളുടെയും സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഗുണനിലവാരം പാലിക്കാത്ത സാധനങ്ങളാണെങ്കില്‍ ഉചിത നടപടി സ്വീകരിക്കും.

സ്കൂള്‍ കെട്ടിടങ്ങളും ദുബായ് മുനിസിപ്പാലിറ്റിയുടെ മാർഗ്ഗ നിർദ്ദേശങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചാണ് പ്രവർത്തിക്കുന്നത് എന്നും ഉറപ്പുവരുത്തി.ഇതിന്‍റെ ഭാഗമായി, മലിനീകരണ ഘടകങ്ങൾ കുറയ്ക്കുന്നതിന് എയർ ഡക്‌ടുകളും ഫിൽട്ടറുകളും പരിശോധിച്ച് വെന്‍റിലേഷന്‍, എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾ പരിശോധിച്ചു. ജലസംവിധാനങ്ങളിലും പരിശോധന നടത്തി. അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ടാങ്കുകളിൽ നിന്നും നീന്തൽക്കുളങ്ങളിൽ നിന്നും കൂളറുകളിൽ നിന്നുമുള്ള 240 ജല സാമ്പിളുകൾ പരിശോധിച്ചു.കുട്ടികള്‍ക്ക് ഗുണനിലവാരമുളള ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഭക്ഷണവിതരണം നടത്തുന്ന കമ്പനികള്‍ക്ക് അനുമതി ആവശ്യമാണ്. ഇത്തരത്തില്‍ അനുമതിയുളള കമ്പനികള്‍ നല്‍കുന്ന അംഗീകൃത ഭക്ഷണങ്ങൾ മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്നുള്ളൂവെന്നും മുനിസിപ്പാലിറ്റി ഉറപ്പാക്കുന്നുവെന്നും അധികൃതർ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in