ഈദ്അല്‍അദ: നവീന സൗകര്യമൊരുക്കി ദുബായ് നഗരസഭ

ഈദ്അല്‍അദ: നവീന സൗകര്യമൊരുക്കി ദുബായ് നഗരസഭ

ഈദ് അല്‍ അദ ദിവസം ബലി അറുക്കാനും മാംസം വിതരണം ചെയ്യുന്നതിനും നവീന സൗകര്യങ്ങളൊരുക്കി ദുബായ് നഗരസഭ. നഗരസഭയ്ക്ക് കീഴിലുളള അറവുശാലകളില്‍ വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുളളത്. ബലി മൃഗങ്ങളെ ഓണ്‍ലൈനായി വാങ്ങാനും ബലി നല്‍കി മാംസം വീടുകളില്‍ എത്തിക്കുന്നതിനും സൗകര്യമൊരുക്കി 7 ആപ്പുകളും നഗരസഭ പുറത്തിറക്കിയിട്ടുണ്ട്.

അൽ മവാഷി, തുർക്കി, ഷബാബ് അൽ ഫ്രീജ്, ദബായി അൽദാർ, അൽ അനൗദ് സ്ലോട്ടേഴ്‌സ്, ദബായെ യുഎഇ, ടെൻഡർ മീറ്റ് എന്നിവയാണ് ആപ്പുകള്‍.ഉയർന്ന നിലവാരത്തിലുളളതും ഉപഭോക്തൃകേന്ദ്രീകൃതവും സമയം ലാഭിക്കുന്നതുമായ ആപ്പുകളാണ് ഓരോന്നും.ഇവയിലൂടെ ബലി മൃഗങ്ങളെ തെരഞ്ഞെടുക്കാനും ബലി കർമ്മവുമായി ബന്ധപ്പെട്ട നടപടികള്‍ പൂർത്തിയാക്കാനും സാധിക്കും. അല്‍ ഖിസൈസിലെ അറവുശാല അറഫാ ദിനത്തില്‍ രാവിലെ 7 മണിമുതല്‍ വൈകീട്ട് 6 വരെ പ്രവർത്തിക്കും. ഈദ് അല്‍ അദയുടെ ആദ്യ മൂന്ന് ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകീട്ട് നാല് വരെയാണ് പ്രവർത്തനം. അല്‍ ഖൂസ്, ഹത്ത, അല്‍ ലിസാലി എന്നിവിടങ്ങളിലെ അറവുശാലകള്‍ അറഫാ ദിനത്തില്‍ രാവിലെ 8 മുതല്‍ വൈകീട്ട് 4 വരെയും ഈദ് അല്‍ അദയുടെ മൂന്ന് ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 4 വരെയും നാലാം ദിവസം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയുമാണ് പ്രവർത്തിക്കുക.

മൃഗങ്ങളെ അറവുശാലകളിലേക്ക് കൊണ്ടുപോകുന്നതിന് ദുബായ് മുനിസിപ്പാലിറ്റി മാർഗ്ഗനിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകർച്ചാവ്യാധികള്‍ പടരാനുളള സാധ്യത മുന്നില്‍ കണ്ട് നിർദ്ദേശങ്ങള്‍ പാലിച്ച് സുരക്ഷഉറപ്പാക്കിവേണം ബലികർമ്മങ്ങള്‍ പൂർത്തിയാക്കേണ്ടത്. ഫാമുകളിലുള്‍പ്പടെ കന്നുകാലികളെ അറവ് നല്‍കുന്നത് ഒഴിവാക്കണമെന്നും നഗരസഭ അധികൃതർ ഓർമ്മിപ്പിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in