ജപ്പാന്‍ ക്യോട്ടോ ട്രേഡ് പ്രദർശനം ജനുവരിയില്‍

ജപ്പാന്‍ ക്യോട്ടോ ട്രേഡ് പ്രദർശനം ജനുവരിയില്‍

യുഎഇയും ജപ്പാനും തമ്മിലുളള വ്യാപാരം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ജപ്പാന്‍ ക്യോട്ടോ ട്രേഡ് പ്രദർശനം ജനുവരിയില്‍ നടക്കും. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ജനുവരി 22 മുതല്‍ 24 വരെയാണ് എക്സിബിഷന്‍ നടക്കുക. ജപ്പാന്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന 200 ലധികം സ്ഥാപനങ്ങള്‍‍ പ്രദർശനത്തിന്‍റെ ഭാഗമാകും. സാങ്കേതികവിദ്യ, ഓട്ടോമോട്ടീവ്, ഭക്ഷണം, പാനീയം എന്നിവയുള്‍പ്പടെ വിവിധ മേഖലകളിലുളള കമ്പനികളാണ് പ്രദർശനത്തിന്‍റെ ഭാഗമാകുക. 20,000 ലധികം സന്ദർശകർ പ്രദർശനം കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ജപ്പാനിലുളള ബിസിനസുകാർക്ക് അവരുടെ സേവനങ്ങളും ഉല്‍പന്നങ്ങളും പ്രദർശിപ്പിക്കാനുളള വേദിയാണ് എക്സിബിഷനിലൂടെ ഒരുക്കുന്നതെന്ന് ക്യോട്ടോ സർക്കാരിന്‍റെ വ്യവസായ, തൊഴിൽ, ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹിഡേയുകി കമ്പയാഷി പറഞ്ഞു.ജപ്പാനും യുഎഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് എക്സിബിഷന്‍റെ ലക്ഷ്യം. ജപ്പാനീസ് ഉല്‍പന്നങ്ങള്‍ യുഎഇ വിപണിയിലേക്ക് കൂടുതലായി എത്തിക്കുകയെന്നുളളതും പ്രദർശനത്തിന്‍റെ ലക്ഷ്യമാണ്. ജപ്പാനീസ് വ്യാപാര കൂട്ടായ്മായ മൈകോ എന്‍റർപ്രൈസസ് ആണ് എക്സിബിഷന് നേതൃത്വം നൽകുക. ദുബായ് ചേംബറിന്‍റെ ഓഫീസ് അടുത്ത മാസം ജപ്പാനിൽ ആരംഭിക്കുമെന്നും പ്രതിനിധികള്‍ അറിയിച്ചു. ക്യോട്ടോ ഗവർണറായ മിസ്റ്റർ തകതോഷി നിഷിവാക്കി,മൈക്കോ എന്‍റർപ്രൈസസ് സിഇഒ മായി സാകായൂ തുടങ്ങിയവർ വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in