ദുബായ് വിമാനത്താവള റണ്‍വെ നവീകരണം: കോഴിക്കോട്ടേക്ക് ഉള്‍പ്പടെയുളള വിമാന സർവ്വീസുകള്‍ക്ക് മാറ്റം

ദുബായ് വിമാനത്താവള റണ്‍വെ നവീകരണം: കോഴിക്കോട്ടേക്ക് ഉള്‍പ്പടെയുളള വിമാന സർവ്വീസുകള്‍ക്ക് മാറ്റം

ദുബായ് വിമാനത്താവളത്തിന്‍റെ റണ്‍വെ നവീകരണത്തിന്‍റെ ഭാഗമായി മെയ് 9 തിങ്കളാഴ്ച മുതല്‍ 45 ദിവസം അടച്ചിടുകയാണ്. ഇതിന്‍റെ ഭാഗമായി ചില വിമാന സർവ്വീസുകള്‍ ദുബായ് വേള്‍ഡ് സെന്‍ട്രല്‍, ഷാർജ വിമാനത്താവളം എന്നിവിടങ്ങളിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

ഫ്ളൈ ദുബായുടെ ഏതാനും സർവ്വീസുകള്‍ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്. flydubai.com എന്ന വെബ്സൈറ്റിലൂടെ ഏത് വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെടുന്നതെന്നും സമയക്രമവും യാത്രാക്കാർ മുന്‍കൂട്ടി അറിഞ്ഞുവെയ്ക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഡിഡബ്ല്യൂസി വിമാനത്താവളത്തില്‍ നിന്നും യാത്രചെയ്യുന്നവർക്ക് സൗജന്യ പാർക്കിംഗ് നല്‍കും. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി എല്ലാ 30 മിനിറ്റിലും ദുബായ് വിമാനത്താവളത്തിന്‍റെ എല്ലാ ടെർമിനലില്‍ നിന്നും ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് സൗജന്യ ബസ് സർവ്വീസും ഒരുക്കിയിട്ടുണ്ട്. https://www.flydubai.com/en/contact/operational-updates/temporary-operations-to-and-from-DWC എന്ന ലിങ്കിലൂടെ ഏതൊക്കെ സർവ്വീസുകളാണ് മാറ്റിയിട്ടുളളതെന്ന് യാത്രാക്കാർക്ക് മനസിലാക്കാം. കൊച്ചി,ചെന്നൈ,മുംബൈ ഫ്ളൈറ്റുകള്‍ക്ക് മാറ്റമുണ്ട്.

എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ ചില സർവ്വീസുകള്‍ ഷാർജ വിമാനത്താവളത്തിലേക്കും ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്കും മാറ്റിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഉപഭോക്തൃ കേന്ദ്രത്തിലൂടെയും സിറ്റി ഓഫീസുകളിലൂടെയും വിവരങ്ങള്‍ അറിയാം. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കുളള സർവ്വീസുകള്‍ക്ക് മാറ്റമുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസം കോഴിക്കോട്ടേക്ക് സർവ്വീസ് നടത്തുന്ന IX345, IX346 എന്നീ വിമാനസർവ്വീസുകള്‍ ഷാർജ വിമാനത്താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്. https://blog.airindiaexpress.in/dubai-airport-change-alert/ എന്ന ലിങ്കില്‍ വിശദ വിവരങ്ങള്‍ ലഭ്യമാണ്.

ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങളുടെ സർവ്വീസുകളിലും മാറ്റമുണ്ട്.