വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

Published on

യുഎഇയിലെ ഏറ്റവും വലിയ ആഘോഷകേന്ദ്രമായ ഗ്ലോബല്‍ വില്ലേജ് തുറന്നു. യുഎഇ സമയം വൈകീട്ട് ആറുമണിയോടെയാണ് ആഗോളഗ്രാമത്തിന്‍റെ 30 മത് പതിപ്പിന്‍റെ വാതില്‍ സന്ദർശകർക്കായി തുറന്നുകൊടുത്തത്. പുതിയ പതിപ്പിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വർണാഭമായ വെടിക്കെട്ടും ഡ്രോണ്‍ ഷോയും ഒരുക്കിയിരുന്നു. സ്കൈ ഡൈവ് ഷോയും പരേഡും ആഘോഷചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി.

ഉദ്ഘാടന ദിവസമായ ബുധനാഴ്ച ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ ദൃശ്യമായിരുന്നു. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുളള ടിക്കറ്റിന് 25 ദിർഹമാണ് നിരക്ക്. അതേസമയം വാരാന്ത്യ അവധി ദിനങ്ങളില്‍ 30 ദിർഹാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസിന് താഴെയുളള കുട്ടികള്‍ക്കും 65 വയസിന് മുകളിലുളളവർക്കും നിശ്ചയദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്. ഗ്ലോബല്‍ വില്ലേജില്‍ നേരിട്ടെത്തിയും ആപ്പിലൂടെയും ടിക്കറ്റുകള്‍ വാങ്ങാം.

യുഎഇയില്‍ തണുപ്പുകാലം ആരംഭിക്കുന്നതേയുളളൂ. സൂര്യതപത്തിതപത്തില്‍ നിന്നും രക്ഷനേടാന്‍ അതിന് അനുയോജ്യമായ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. മാത്രമല്ല, ലോകത്തിന്‍റെ വവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുന്ന ഇടമായതുകൊണ്ടുതന്നെ സന്ദർശകർ, തോളുകളും കാല്‍മുട്ടുകളും മൂടിയ രീതിയിലുളള മാന്യമായ വസ്ത്രം ധരിക്കണമെന്ന് വെബ് സൈറ്റില്‍ നിർദ്ദേശമുണ്ട്. വീഴ്ച വരുത്തിയാല്‍ പ്രവേശനം തടസ്സപ്പെടാം.

ദുബായ് പോലീസിന്‍റെ ഓട്ടോമാറ്റിക് റോബോട്ടിക് പട്രോള്‍ സുരക്ഷയുണ്ട് ഇത്തവണ ഗ്ലോബല്‍ വില്ലേജിന്. കമാന്‍റ് ആന്‍റ് കണ്‍ട്രോള്‍ കേന്ദ്രത്തിന്‍റെ നിയന്ത്രണത്തില്‍ റോബോ ആഗോള ഗ്രാമത്തിലുടനീളം സഞ്ചരിക്കും. അത്യാവശ്യസന്ദർഭങ്ങളില്‍ വേഗത്തില്‍ പ്രവർത്തനസജ്ജരാകാന്‍ പോലീസ് സേനയെ ഓട്ടോമാറ്റിക് റോബോ സഹായിക്കും.

1996 ലാണ് ഗ്ലോബല്‍ വില്ലേജ് ആരംഭിച്ചത്. ഓരോ വർഷങ്ങളിലും ആഗോളഗ്രാമത്തിലേക്ക് ഒഴുകിയെത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. ഗാർഡന്‍സ് ഓഫ് ദ വേള്‍ഡ്, ദ ഡ്രാഗണ്‍ കിംഗ്ഡം, സീസണ്‍ 30 കേക്ക് മോണ്യുമെന്‍റ് എന്നിവയെ കൂടാതെ യോർക്ക് ബൈക്സ്, ടൊറോന്‍റോ ടൊർണാഡോ, ഡെസേർട്ട് ഡാഷേഴ്സ്, കേപ് ഗ്ലൈഡർ, റിയോ റോക്കറ്റ്, ദ ലിറ്റില്‍ വണ്ടേഴ്സ് എന്നിവയാണ് പുതിയ ആകർഷണങ്ങള്‍.

പൊതുഗതാഗതം ഉപയോഗപ്പെടുത്തി ഗ്ലോബല്‍ വില്ലേജിലെത്താം. ഓരോ മണിക്കൂർ ഇടവിട്ട് അല്‍ റാഷിദിയ ബസ് സ്റ്റേഷനില്‍ നിന്ന് റൂട്ട് 102 ബസുണ്ട്. യൂണിയനില്‍ നിന്ന് റൂട്ട് 103 ബസ് ഓരോ 40 മിനിറ്റിലുമാണ് സർവ്വീസ് നടത്തുന്നത്. അല്‍ ഖുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് (റൂട്ട് 104) മാള്‍ ഓഫ് ദ എമിറേറ്റ് ബസ് സ്റ്റേഷനില്‍ നിന്ന് (റൂട്ട് 106) എന്നീ ബസുകളും ഓരോ മണിക്കൂറിന്‍റെ ഇടവേളയില്‍ ഗ്ലോബല്‍ വില്ലേജിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്.

logo
The Cue
www.thecue.in