സിനിമാ നിരൂപകരില്‍ ചിലർ വാടക ഗുണ്ടകളെപ്പോലെയെന്ന് ലാല്‍ ജോസ്

സിനിമാ നിരൂപകരില്‍ ചിലർ വാടക ഗുണ്ടകളെപ്പോലെയെന്ന് ലാല്‍ ജോസ്

സിനിമയ്ക്കെതിരെ മനപ്പൂർവ്വമായ ഡീ ഗ്രേഡിംഗ് നടക്കുന്നുണ്ടോയെന്നുളള സംശയം തോന്നാറുണ്ടെന്ന് സംവിധായകന്‍ ലാല്‍ ജോസ്. സിനിമയക്ക് നല്ല പ്രതികരണം വരുന്ന സമയത്താണ് വളരെ മോശമായെന്നുളള ഒരു വ്യക്തിയുടെ അഭിപ്രായം ശ്രദ്ധയില്‍ പെടുന്നത്. അതേ വ്യക്തിതന്നെ മറ്റൊരു സിനിമയെ പുകഴ്ത്തുന്നു. അതില്‍ നിന്നും മനസിലായൊരു കാര്യം ഇവിടെ നിന്ന് പണം എത്തിയിട്ടില്ല, മറ്റിടത്ത് നിന്ന് പണം നല്‍കിയിട്ടുണ്ട് എന്നാണ്. അത്തരം അനാരോഗ്യകരമായ പ്രവണതകളുണ്ട്. ചിലർ വാടക കൊലയാളികളെ പോലെയോ വാടക ഗുണ്ടകളെപോലെയോ ഒക്കെയാണ് സിനിമാ നിരൂപണം നടത്തുന്നതെന്നും ലാല്‍ ജോസ് പറഞ്ഞു.പണം തന്നാല്‍ സിനിമയെ കുറിച്ച് എന്തും പറയും. പണം തരാത്തയാളുകളെ തട്ടിക്കളയുമെന്നുളളതാണ് ലൈന്‍.നിസ്വാർത്ഥമായി സിനിമാ നിരൂപണം നടത്തുന്നവരുണ്ട്. അത് ഓരോരുത്തരുടേയും ക്രെഡിബിലിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യരാജ്യമാണ് ആർക്കും എന്തും പറയാം. ആരെയും പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സോളമന്‍റെ തേനീച്ചകളുടെ ജിസിസി റിലീസുമായി ബന്ധപ്പെട്ട് ദുബായില്‍ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ലാല്‍ജോസിന്‍റെ പ്രതികരണം. മലയാളികള്‍ക്ക് വേണ്ടിയാണ് സിനിമ ചെയ്യുന്നത്. മറ്റുളളവർക്കിഷ്ടപ്പെട്ടാല്‍ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.ഒടിടി മലയാള സിനിമകള്‍ക്ക് ഗുണമായിട്ടുണ്ടെന്നും അതേസമയം തന്നെ തിയറ്റർ റിലീസുകളെ ബാധിക്കാത്ത രീതിയിലായിരിക്കണം ഒടിടിയില്‍ സിനിമകളെത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിനിമ മാറിയിട്ടുണ്ട്. സിനിമാ ആസ്വാദകരും. പുതിയ കാലത്ത് ആർക്കും ഏത് ആശയത്തിലും എങ്ങനെയും സിനിമയെടുക്കാം. അതിന്‍റെ ഗുണം പുതിയ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്നും ലാല്‍ ജോസ് അഭിപ്രായപ്പെട്ടു.

സിനിമകണ്ട് അഭിപ്രായം പറയാനുളള സമയം പ്രേക്ഷകർക്ക് നല്‍കണമെന്നുളളതാണ് അഭിപ്രായമെന്ന് വിന്‍സി അലോഷ്യസ് പറഞ്ഞു. ആരോഗ്യകരമായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നതിനൊപ്പം തന്നെ മനപ്പൂർവ്വമായ ഡീ ഗ്രേഡിംഗിനെ ശക്തമായി എതിർക്കുന്നുവെന്നും അവർ പ്രതികരിച്ചു.

ക്രൈം ത്രില്ലർ സീരീസില്‍ ഉള്‍പ്പെട്ട സിനിമയാണ് സോളമന്‍റെ തേനീച്ചകള്‍. വിന്‍സി അലോഷ്യസിനൊപ്പം ദര്‍ശന സുദര്‍ശന്‍, ജോജു ജോര്‍ജ്, ശംഭു, ആഡിസ് തുടങ്ങിയവര്‍ ചേര്‍ന്നഭിനയിച്ച സിനിമ കഴിഞ്ഞ 18 നാണ് കേരളത്തില്‍ റീലീസ് ചെയ്തത്. യുഎഇ അടക്കമുളള ജിസിസി രാജ്യങ്ങളില്‍ വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്.വിദ്യാസാഗറാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. പി.ജി പ്രഗീഷ് തിരക്കഥ, അജ് മൽ സാബു ക്യാമറ, രഞ്ജൻ എബ്രഹാം എഡിറ്റിങ്ങ്. ഗാനരചന : വയലാർ ശരത്, വിനായക് ശശികുമാർ, ആർട് - അജയ് മങ്ങാട്, കോസ്റ്റ്യൂം -റാഫി കണ്ണാടിപറമ്പ , മേക്കപ്പ് -ഹസൻ വണ്ടൂർ. എൽ.ജി ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in