മതമേലധ്യക്ഷന്മാരുടെ തിണ്ണ നിരങ്ങുന്ന സിപിഎം രാഷ്ട്രീയം, ഉമാ തോമസിനായി തൃക്കാക്കരയിലേക്ക് പോകുമെന്നും കെ കെ രമ

മതമേലധ്യക്ഷന്മാരുടെ തിണ്ണ നിരങ്ങുന്ന സിപിഎം രാഷ്ട്രീയം, ഉമാ തോമസിനായി  തൃക്കാക്കരയിലേക്ക് പോകുമെന്നും കെ കെ രമ

മതമേലധ്യക്ഷന്മാരുടെ നടുവിലിരുന്നുകൊണ്ട് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്ക് സിപിഎം മാറിയെന്ന് കെകെ രമ എംഎല്‍എ. സിപിഎം പോലുള്ളൊരു പാർട്ടി ഇപ്പോള്‍ നടത്തുന്നത് വർഗീയവേർതിരിവുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ്. ഈ അധപതനത്തെ കുറിച്ചാണ് ടിപി ചന്ദ്രശേഖരന്‍ വർഷങ്ങള്‍ക്ക് മുന്‍പ് ചൂണ്ടിക്കാണിച്ചതെന്നും അവർ പറഞ്ഞു. മതമേലധ്യക്ഷന്മാരുടെ തിണ്ണ നിരങ്ങുന്ന രീതിയിലേക്ക് സിപിഎം രാഷ്ട്രീയം അധപതിച്ചു. പാർലമെന്‍ററി വ്യാമോഹത്തിന്‍റെ ഫലമായി ഒത്തുതീർപ്പ് രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്. സർക്കാരിന്‍റെ ജനദ്രോഹ നിലപാടുകളെ എതിർക്കും. അതുകൊണ്ടുതന്നെ തൃക്കാക്കരയില്‍ ഉമാ തോമസിന്‍റെ പ്രചരണത്തിനായി പോകുമെന്നും കെ കെ രമ പറഞ്ഞു.

മരണത്തിലും ശക്തനായി ടിപി ചന്ദ്രശേഖരന്‍

ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് 10 വർഷങ്ങള്‍ കഴിയുമ്പോഴും ജനമനസില്‍ അദ്ദേഹം ജീവിക്കുകയാണ്. ജീവിച്ചിരിക്കുന്ന ടിപിയേക്കാള്‍ ശക്തനാണ് മരിച്ച ടിപി യെന്നുളളത് തെളിയിച്ചുകൊണ്ടുതന്നെയാണ് ഓരോ വർഷവും അനുസ്മരണ യോഗങ്ങളില്‍ കൂടുതല്‍ ആളുകള്‍ എത്തുന്നത്. അദ്ദേഹം ഉയർത്തിയ, ചോദ്യം ചെയ്ത മൂല്യച്യുതികളാണ് സിപിഎമ്മില്‍ ഇന്ന് സംഭവിച്ചികൊണ്ടിരിക്കുന്നതെന്നും അവർ പറഞ്ഞു.

ടിപിയുടെ ഗൂഢാലോചനയുടെ പ്രധാനികളിലേക്ക് ഇതുവരെയും അന്വേഷണം എത്തിയിട്ടില്ല. കണ്ണൂരിലെ നേതാക്കന്മാരാണ് ഗൂഢാലോചനയ്ക്ക് പുറകില്‍. പകുതി വഴിയിയില്‍ അന്വേഷണം അവസാനിപ്പിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. 10 വർഷത്തിനിപ്പുറവും ഗൂഢാലോചനയുടെ പ്രധാനികളിലേക്ക് അന്വേഷണം എത്താത്തതില്‍ നിരാശയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം പാർട്ടി സെക്രട്ടറിയായിരുന്ന സമയത്ത് നടന്ന കൊലപാതകം, അദ്ദേഹമറിയാതെ ഇതൊന്നും നടക്കില്ലെന്ന ആരോപണത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും കെകെ രമ പറഞ്ഞു.

ഹേമകമ്മീഷന്‍ റിപ്പോർട്ട് പുറത്തുവിടണം

സിനിമ ഉള്‍പ്പടെയുളള തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ കൃത്യമായി ഇടപെടാന്‍ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല. ടിപിയുടെ കൊലപാതകത്തില്‍ പ്രതികള്‍ക്കായി ഹാജരായ രാമന്‍ പിളളയാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിഭാഗത്തിനായി ഹാജരാകുന്നത്. ടിപി കേസില്‍ നടത്തിയ ഇടപടലിന്‍റെ പ്രത്യുപകാരമായാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ സർക്കാർ രാമന്‍പിളളയ്ക്ക് അനുകൂല നിലപാട് എടുക്കുന്നതെന്നും കെകെ രമ ആരോപിച്ചു. ഹേമ കമ്മീഷന്‍ റിപ്പോർട്ട് പുറത്തുവരണമെന്നുളളതു തന്നെയാണ് നിലപാട്.

ബദല്‍ രാഷ്ട്രീയം ചർച്ചയാകുന്നു, ആ‍ർഎംപിയും

കെ റെയില്‍ ഉള്‍പ്പടെ ജനദ്രോഹ നടപടികളാണ് ഓരോ ദിവസവും ഈ സർക്കാർ എടുക്കുന്നത്. ബദല്‍ രാഷ്ട്രീയത്തില്‍ ശക്തമായ നിലപാട് എടുത്ത് മുന്നോട്ട് പോകും. ആ‍ർഎംപി ഇന്ന് വിവിധ സംസ്ഥാനങ്ങളില്‍ സാന്നിദ്ധ്യമറിയിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ്. രണ്ടാം അഖിലേന്ത്യാ സമ്മേളനത്തിലേക്ക് ആ‍ർഎംപി കടക്കുകയാണെന്നും രമ പറഞ്ഞു.

പിണറായി വിജയന്‍റേത് സംഘി പോലീസ്

ഗുണ്ടകളുടെ നാടായി കേരളം മാറിയിരിക്കുന്നു. പോലീസ് നിഷ്ക്രിയമാണ്. കേരളത്തിലെ പോലീസ് സംഘി പോലീസായി അധപതിച്ചിരിക്കുകയാണെന്നും അവർ ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ കുറ്റപ്പെടുത്തി. രാജീവ് കുന്നംകുളം, എ പി പ്രജിത്ത്,രാഗിഷ,സുജില്‍ മണ്ടോടി എന്നിവരും വാർത്താസമ്മേളത്തില്‍ പങ്കെടുത്തു. ഷാ‍ർജ ഇന്ത്യന്‍ അസോസിയേഷനില്‍ ഗ്രാമം കൂട്ടായ്മ ഞായറാഴ്ച സംഘടിപ്പിച്ച ടിപി ചന്ദ്രശേഖരന്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാനായാണ് കെ കെ രമ യുഎഇയിലെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in