മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ 3000 ദി‍ർഹം, ഓർമ്മപ്പെടുത്തി അധികൃതർ

മാസ്ക് ധരിച്ചില്ലെങ്കില്‍ പിഴ 3000 ദി‍ർഹം, ഓർമ്മപ്പെടുത്തി അധികൃതർ

യുഎഇയില്‍ കോവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ മാസ്ക് ധരിച്ചില്ലെങ്കിലുളള പിഴ ഓർമ്മപ്പെടുത്തി അധികൃതർ.ജൂണ്‍മാസത്തിന്‍റെ തുടക്കത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ 450 ആയിരുന്നുവെങ്കില്‍ കഴിഞ്ഞദിവസം 1319 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ജനുവരിയില്‍ 3000 പ്രതിദിന കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് ക്രമാനുഗതമായി കുറഞ്ഞ് 300 ന് താഴെ എത്തിയിരുന്നു. എന്നാല്‍ ജൂണ്‍ രണ്ടാം പകുതിയിലെത്തിനില്‍ക്കുമ്പോള്‍ വീണ്ടും പ്രതിദിന കോവിഡ് കേസുകള്‍ ഉയരുന്ന പ്രവണതയാണ് രാജ്യത്ത് കാണുന്നത്.

കോവിഡ് പൂർണമായും വിട്ട് പോയിട്ടില്ല, അതുകൊണ്ടുതന്നെ മുന്‍കരുതലുകളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അധികൃതർ ഓർമ്മിപ്പിച്ചു. അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്ക് നിർബന്ധമാണ്. ഇത് പാലിച്ചില്ലെങ്കില്‍ 3000 ദിർഹമാണ് പിഴ. കൃത്യമായ ഇടവേളകളില്‍ പരിശോധനകളുണ്ടാകും. അടച്ചിട്ട സ്ഥലങ്ങളിലും ആള്‍ക്കൂട്ടങ്ങളിലും കോവിഡ് പ്രതിരോധത്തിന് മാസ്ക് മികച്ച മാർഗ്ഗമാണ്, അധികൃതർ ഓർമ്മപ്പെടുത്തി. കോവിഡ് സ്ഥിരീകരിച്ചാലും ചിലർ ഐസൊലേഷന്‍ ഉള്‍പ്പടെയുളള നടപടികള്‍ പാലിക്കാറില്ലയെന്നുളളതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് സമൂഹത്തിനെതിരെയുളള വെല്ലുവിളിയാണെന്നും നാഷണല്‍ എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി പറഞ്ഞു. ദുബായില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ 10 ദിവസമാണ് ക്വാറന്‍റീന്‍.

അതേസമയം, അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍പാസ് കാലാവധി കുറച്ചു. 30 ദിവസത്തില്‍ നിന്ന് 14 ദിവസമാക്കിയാണ് കാലാവധി കുറച്ചത്. അതായത് പൂർണമായും വാക്സിനെടുത്തയാള്‍ പിസിആർ പരിശോധന നടത്തി ഫലം നെഗറ്റീവാണെങ്കില്‍ അല്‍ ഹോസന്‍ ആപ്പിലെ ഗ്രീന്‍ പാസ് 14 ദിവസം നിലനില്‍ക്കും. നേരത്തെ ഇത് 30 ദിവസമായിരുന്നു. ജൂണ്‍ 15 മുതലാണ് ഇത് നിലവില്‍ വരിക. രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സ്കൂള്‍ മേഖലയില്‍ വിദ്യാർത്ഥികള്‍ക്കും അധ്യാപകർക്കും ജൂണ്‍ 20 മുതലാണ് തീരുമാനം ബാധകമാകുക. അബുദബിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ഗ്രീന്‍പാസ് നിർബന്ധമാണ്. യുഎഇയില്‍ ഇന്ന് 1319 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in