
ഷാർജയില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തില്‍ വിദ്യാർത്ഥികളുമായി സംവദിച്ച് എഴുത്തുകാരനും യൂട്യൂബറുമായ വരുണ്‍ ദുഗ്ഗിരാല. 9 മുതല്‍ 12 വയസുവരെയുളള കുട്ടികള്‍ക്കായി സംഘടിപ്പിച്ച സ്റ്റൂഡന്‍സ് സെഷന്‍ വിത്ത് വരുണ്‍ ദുഗ്ഗിരാല യില്‍ വിവിധ സ്കൂളുകളില്‍ നിന്നുളള കുട്ടികള്‍ പങ്കെടുത്തു.
മാനസികാരോഗ്യമുള്‍പ്പടെ ചർച്ചയായ സെഷനില്‍ കുട്ടികളുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വരുണ്‍ മറുപടി നല്‍കി. ദേഷ്യം വരുമ്പോള്‍ 1 മുതല്‍ 10 വരെ എണ്ണുക, അതോടെ ദേഷ്യം നിയന്ത്രിക്കാനാകും, വരുണ്‍ പറഞ്ഞു. മറ്റുളളവരോട് ദയയുളളവരായിരിക്കുകയെന്നതും സഹായിക്കാനുളള മനസുണ്ടാകുകയെന്നുളളതും ജീവിതതതില്‍ പ്രധാനമാണ്, കഥയിലൂടെ ജീവിതത്തിലെ മൂല്യങ്ങളെ കുറിച്ച് കുട്ടിസദസ്സിനെ വരുണ്‍ ബോധ്യപ്പെടുത്തി.
നിങ്ങള്‍ക്ക് ഇഷ്ടമുളള കാര്യങ്ങള്‍ ചെയ്യുക, എന്നാല്‍ ചുറ്റുമുളളതെല്ലാം അറിയാന്‍ ശ്രമിക്കുക. മൊബൈല്‍ സ്ക്രീനിലേക്കല്ല, മറിച്ച് ചുറ്റുമുളളവരുടെ മുഖത്തേക്ക് നോക്കാന്‍ പഠിക്കണം, അദ്ദേഹം പറഞ്ഞു. പാട്ടിലൂടെയും കഥയിലൂടെയും കുട്ടി സദ്ദസിനെ കൈയ്യിലെടുത്തു വരുണ്‍. ഷാർജ എക്സ്പോ സെന്‍ററില്‍ നടക്കുന്ന വായനോത്സവം മെയ് നാലിന് അവസാനിക്കും. പ്രവേശനം സൗജന്യമാണ്.