സെപ: ഇന്ത്യ-യുഎഇ വ്യാപാരമേഖലയില്‍ ഗുണം ചെയ്തു, കൂടുതല്‍ രാജ്യങ്ങളുമായി കരാർ ആലോചനയിൽ

സെപ: ഇന്ത്യ-യുഎഇ വ്യാപാരമേഖലയില്‍ ഗുണം ചെയ്തു, കൂടുതല്‍ രാജ്യങ്ങളുമായി കരാർ ആലോചനയിൽ

ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവച്ച സെപ കരാറില്‍ നേട്ടമുണ്ടാക്കി വിപണി. ഇന്ത്യ - യുഎഇ വ്യാപാരം 2022-23 വ‍ർഷത്തില്‍ 16 ശതമാനം വളർച്ച രേഖപ്പെടുത്തി 84.5 ബില്ല്യണ്‍ ഡോളറിലെത്തി. മുന്‍ വർഷം 72.9 ബില്ല്യണ്‍ ഡോളറായിരുന്ന സ്ഥാനത്താണിത്. യുഎഇയിലേക്കുളള ഇന്ത്യയുടെ കയറ്റുമതി 11.8 ശതമാനം വർദ്ധിച്ച് 31.3 ബില്ല്യണ്‍ യുഎസ് ഡോളറിലെത്തി. രത്ന ആഭരണ മേഖലയില്‍ 16.54 ശതമാനമാണ് വളർച്ച രേപ്പെടുത്തിയിട്ടുളളത്.

ഇരു രാജ്യങ്ങള്‍ക്കും ഏറെ ഗുണപ്രദമായ കരാറാണ് സെപയെന്ന് വാണിജ്യമന്ത്രാലയം ഡിപിഐഐടി സെക്രട്ടറി രാജേഷ് കുമാർ സിംഗ് പറഞ്ഞു. സൗദി അറേബ്യ ഉള്‍പ്പടെ വിവിധ ഗള്‍ഫ് രാജ്യങ്ങളുമായി കരാർ ഒപ്പുവയ്ക്കുന്ന കാര്യത്തില്‍ ചർച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.കെ, കനഡ എന്നീ രാജ്യങ്ങളുമായി സമഗ്ര സാമ്പത്തിക കരാർ ഒപ്പുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുളള ഉഭയകക്ഷി-സാമ്പത്തിക വ്യാപാര നിക്ഷേ ബന്ധങ്ങളില്‍ നിർണായകമായ മാറ്റം വരുത്താൻ സെപയ്ക്ക് സാധിച്ചുവെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. ദുബായിൽ ഇന്ത്യ ജ്വല്ലറി എക്​സ്​പൊസിഷൻ സെന്‍റർ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

സെപ കരാർ ഒരു വർഷം പിന്നിടുന്ന പശ്ചാത്തലത്തില്‍ ജെം ആന്‍റ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷന്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ത്യ ജ്വല്ലറി എക്സ് പൊസിഷന്‍ സെന്‍റർ (ഐജക്സ്) 365 ദിന പ്രദർശമൊരുക്കിയിട്ടുണ്ട്. ദുബായ് ദേര ഗോള്‍ഡ് സൂഖിലാണ് പ്രദർശനം നടക്കുന്നത്. മിഡില്‍ ഈസ്റ്റിലെ ജ്വല്ലറികള്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ പ്രദർശിപ്പിക്കുന്നതിനുളള വേദിയാണ് ഇത്. ഇന്ത്യയുടെ രത്ന ആഭരണ കയറ്റുമതിയുടെ 30 ശതമാനവും മിഡില്‍ ഈസ്റ്റ് വിപണിയില്‍ നിന്നാണ്.

ഐജക്സിനൊപ്പം ജെംസ് ആന്‍റ് ജ്വല്ലറി മേഖല ഇരു രാജ്യങ്ങളും തമ്മിലുളള ആഴത്തിലുളള സഹകരണത്തിനും വാണിജ്യ ഇടപെടലിനും ഉത്തേജകമാകുമെന്നും സജ്ഞയ് സുധീർ വിലയിരുത്തി.യുഎഇയും ഇന്ത്യയും തങ്ങളുടെ ദീർഘകാല പങ്കാളിത്തത്തിൽ ഒരു പുതിയ അധ്യായം തീർക്കുന്നുവെന്ന് യുഎഇ യിലെ സാമ്പത്തിക മന്ത്രാലയത്തിലെ ഫോറിൻ ട്രേഡ് അഫയേഴ്‌സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി ജുമാ അൽ കൈത് പറഞ്ഞു. 2030 ഓടെ 100 ബില്ല്യണ്‍ യുഎസ് ഡോളറാണ് വ്യാപാര ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഉഭയകക്ഷി വ്യാപാരബന്ധങ്ങള്‍ പുതിയ തലത്തിലേക്ക് മാറുമെന്നതിന്‍റെ സൂചനയാണ് സെപയുടെ ഒരു വർഷം കാണിച്ചുതരുന്നതെന്ന് ജിജെഇപിസി ചെയർമാൻ വിപുൽ ഷാ പറഞ്ഞു.ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ഡോ. ശ്രീകറും ചടങ്ങിൽ സംബന്ധിച്ചു. ഐജക്സ് സെന്‍റർ ഉദ്യോഗസ്ഥർ സന്ദർശിക്കുകയും ചെയ്തു. ഐജക്സില്‍ ഇന്ത്യയില്‍ നിന്നുളള വിവിധ ജ്വല്ലറികളുടെ ഉല്‍പന്നങ്ങള്‍ പ്രദർശിപ്പിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in