ആന്ധ്രാ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം : നിക്ഷേപകരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് ചന്ദ്രബാബു നായിഡു; വിശാഖപട്ടണത്ത് ലുലുമാളുയരും

ആന്ധ്രാ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം : നിക്ഷേപകരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് ചന്ദ്രബാബു നായിഡു; വിശാഖപട്ടണത്ത് ലുലുമാളുയരും
Published on

മൂന്ന് ദിവസത്തെ ഔദ്യോഗിക യു.എ.ഇ. സന്ദർശനത്തിനെത്തിയ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി യു.എ.ഇ.യിലെ വാണിജ്യ വ്യവസായ രംഗത്തുള്ള പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. കാർഷികരംഗം, റീട്ടെയ്ൽ, ടെക്നോളജി അടക്കം വിവിധമേഖലകളിലായി മികച്ച നിക്ഷേപം സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുമായും ചന്ദ്രബാബു നായിഡു അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പിൻ്റെ ആന്ധ്രാപ്രദേശിലെ നിക്ഷേപപദ്ധതികളുടെ തുടർനീക്കങ്ങൾ ചർച്ചയായി. വിശാപട്ട‌ണത്തെ നിർദ്ദിഷ്ട ഷോപ്പിങ്ങ് മാളിന്‍റെ നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കും, 2028 ഡിസംബറോടെ നിർമ്മാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് യൂസഫലി പറഞ്ഞു. ആന്ധ്രയിലെ കർഷകർക്ക് അടക്കം പിന്തുണയേകുന്ന വിജയവാഡയിലെ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം മൂന്ന് മാസത്തിനകം പ്രവർത്തനം സജ്ജമാകുമെന്നും യൂസഫലി ആന്ധ്രമുഖ്യമന്ത്രിയെ അറിയിച്ചു. ലുലുവിന്‍റെ പദ്ധതികൾക്ക് പൂർണ പിന്തുണ ആന്ധ്രമുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു കൂടിക്കാഴ്ചയിൽ ഉറപ്പ് നൽകി.

ആന്ധ്ര നിക്ഷേപ മന്ത്രി ബി.സി ജനാർദ്ധൻ റെ‍ഡ്ഢി, വ്യവസായ മന്ത്രി ടി.ജി ഭരത്, വ്യവസായ വകുപ്പ് സെക്രട്ടറി എൻ. യുവരാജ്, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഇന്‍റർനാഷണല്‍ ഹോൾഡിങ്ങ്സ് ഡയറക്ടർ ആനന്ദ് എ.വി എന്നിവരും കൂടിക്കാഴ്ചയിൽ ഭാഗമായി. ഇന്ത്യയിലെ ആദ്യ എഐ ഹബ്ബും ഡിജിറ്റൽ ഡേറ്റാ സെന്‍ററും വിശാഖപട്ടണത്ത് യാഥാർത്ഥ്യമാക്കുമെന്ന ഗൂഗിൾ പ്രഖ്യാപനത്തിന് പിന്നാലെയാണ് യുഎഇയിലെ മുൻനിര കമ്പനി മേധാവികളുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. നവംബർ 14, 15 തീയ്യതികളിൽ വിശാഖപട്ടണത്ത് നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയിൽ സംബന്ധിക്കാൻ യു.എ.ഇ. വ്യവസായികളെ മുഖ്യമന്ത്രി നായിഡു ആന്ധ്രയിലേക്ക് ക്ഷണിച്ചു.

രാഷ്ട്രീയ സാഹചര്യങ്ങള്‍മൂലം 2019ൽ ആന്ധ്രാപ്രദേശില്‍ നിന്ന് പിന്മാറിയ ലുലുവിനെ, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു താൽപ്പര്യമെടുത്താണ് വീണ്ടും സംസ്ഥാനത്തേക്ക് എത്തിച്ചത്. ആദ്യ വരവിൽ നിലച്ചുപോയ പദ്ധതികളാണ് യാഥാർത്ഥ്യമാകുന്നത്. ഗൂഗിൾ അടക്കമുള്ള വൻകിട കമ്പനികൾ എത്തുന്നതിനാൽ മികച്ച അടിസ്ഥാനസൗകര്യ വികസനമെന്ന സർക്കാർ നയത്തിന്‍റെ ഭാഗമായാണ് ആന്ധ്രയിലെ ലുലുവിന്‍റെ വൻനിക്ഷേപം.

Related Stories

No stories found.
logo
The Cue
www.thecue.in