
അനാരോഗ്യകരമായ ഭക്ഷണരീതികളാണ് രോഗങ്ങള്‍ വർദ്ധിക്കാന്‍ ഇടയാക്കുന്നതെന്ന് സെലിബ്രിറ്റി ഷെഫ് ആബിദ റഷീദ്. ഓരോ നാടിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതികളുണ്ട്.അതില്‍ നിന്നെല്ലാം മാറി ശരീരത്തിന് ചേരാത്ത ഭക്ഷണശീലമാണ് രോഗങ്ങള്‍ക്ക് ഇടയാക്കുന്നതെന്നും അവർ പറഞ്ഞു. ദുബായ് ഖിസൈസിലെ ആദാമിന്‍റെ ചായക്കടയില്‍ സെപ്റ്റംബർ 26 മുതല്‍ 28 വരെ നടക്കുന്ന മാപ്പിള ഫൂഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആബിദ റഷീദ്. മലബാറിന് സ്വന്തം രുചികളും ഭക്ഷണ സംസ്കാരവുമുണ്ട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി മലബാര്‍ ബിരിയാണി എന്ന ആശയവുമായി താന്‍ സഞ്ചരിക്കുകയാണ്. മലബാറിന്‍റെ രുചികള്‍ കൂടുതല്‍ മേഖലകളിലേക്ക് എത്തണമെന്നുളളതാണ് തന്‍റെ ആഗ്രഹമെന്നും ആബിദ റഷീദ് പറഞ്ഞു.
ഭക്ഷണം ജീവിതത്തിലെ പ്രധാന ഭാഗമാണ്. സ്കൂളുകളില്‍ നിന്നുതന്നെ ഭക്ഷണത്തെ കുറിച്ചും പാചകത്തെ കുറിച്ചുമുളള ധാരണ കുട്ടികള്‍ക്ക് നല്‍കണം. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ പാചകം പരിശീലിപ്പിക്കണം. വീട്ടില്‍ നിന്നുളള ഭക്ഷണം കുറഞ്ഞതാണ് മറ്റ് പല ഭക്ഷണശീലങ്ങളിലേക്ക് പുതിയ തലമുറ മാറിപ്പോകാനുണ്ടായ കാരണം. സ്നേഹവും കരുതലുമെല്ലാം ഭക്ഷണത്തിലൂടെയും നല്‍കണം. ആരോഗ്യമുളള തലമുറയ്ക്കുമാത്രമെ ആരോഗ്യകരമായ ചിന്തകളും പ്രവൃത്തികളുമുണ്ടാകൂ.
ആരോഗ്യകരമായ ഭക്ഷണസംസ്കാരമാണ് കേരളത്തിന്‍റേത്. എന്നിട്ടും എന്തുകൊണ്ടാണ് നമ്മുടെ ഭക്ഷണം ലോകത്ത് എല്ലായിടത്തും എത്താത്തത് എന്നതാണ് തന്‍റെ ആശങ്ക. ഈ ഭക്ഷണ സംസ്കാരം എല്ലായിടത്തും എത്തിക്കാനുളള ശ്രമമാണ് ഈ ഫൂഡ് ഫെസ്റ്റിവലിലൂടെ നടത്തുന്നുതെന്നും അവര്‍ പറഞ്ഞു. മാപ്പിള-അറബ് ഫ്യൂഷന്‍ വിഭവങ്ങളാണ് ആദാമിന്‍റെ ചായക്കടയിലെ ഭക്ഷ്യോത്സവത്തില്‍ ആബിദ റഷീദിന്‍റെ മേല്‍നോട്ടത്തില്‍ വിളമ്പുകയെന്ന് അനീസ് ആദം പറഞ്ഞു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകിട്ടത്തെ പലഹാരങ്ങള്‍, രാത്രി ഭക്ഷണം എന്നിവയെല്ലാം ലഭ്യമാകും.