ബുർജ് ഖലീഫയില്‍ തെളിഞ്ഞു, സേതുരാമയ്യരുടെ മുഖം

ബുർജ് ഖലീഫയില്‍ തെളിഞ്ഞു, സേതുരാമയ്യരുടെ മുഖം

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബു‍‍ർജ് ഖലീഫയില്‍ മമ്മൂട്ടി ചിത്രമായ സിബിഐ5 - ബ്രയിനിന്‍റെ ട്രെയില‍ർ പ്രദർശിപ്പിച്ചു. ട്രെയിലർ കാണാന്‍ മമ്മൂട്ടിയും രണ്‍ജി പണിക്കരും രമേഷ് പിഷാരടിയും എത്തിയിരുന്നു. മമ്മൂട്ടിയുടെ മുഖം ബുർജ് ഖലീഫയില്‍ തെളിഞ്ഞപ്പോള്‍ ആവേശത്തോടെയാണ് ആയിരങ്ങള്‍ ട്രെയിലറിനെ വരവേറ്റത്.

ചിത്രത്തില്‍ ജഗതി ശ്രീകുമാറുണ്ട്, കാത്തിരിക്കൂവെന്ന് മമ്മൂട്ടി

കണ്ടുശീലിച്ച ചടുലമായ അന്വേഷണരീതികള്‍ക്ക് അപ്പുറത്ത് സൂക്ഷ്മമായി, സത്യമായി കേസന്വേഷിക്കുന്ന സേതുരാമയ്യരെ വിശ്വസിക്കാമെന്ന് മമ്മൂട്ടി. ആധുനിക സംവിധാനങ്ങള്‍ അധികം ഉപയോഗിക്കാതെ കേസന്വേഷിക്കുന്ന അയ്യരുടെ രീതി ഇക്കാലത്ത് പുതുമയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെയ് ഒന്നിനുളള സിനിമയുടെ ഗ്ലോബല്‍ റിലീസിംഗിന്‍റെ ഭാഗമായി ദുബായ് മാളിലെ റീല്‍ സിനിമാസില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേതുരാമയ്യരെന്ന കഥാപാത്രത്തിന് മാത്രമെ മാറ്റമില്ലാതുളളൂ, സഹപ്രവർത്തകരും ജോലി സാഹചര്യവും എല്ലാം മാറി. ബാസ്കറ്റ് കില്ലിംഗിന്‍റെ ഛായ സിനിമയ്ക്കുണ്ടോയെന്നുളള ചോദ്യത്തിനും കുസൃതിയോടെയായിരുന്നു മറുപടി,സിനിമയുടെ കഥ സസ്പെന്‍സാണ്, കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ജഗതിശ്രീകുമാർ ചിത്രത്തിലുണ്ട്, എന്നാല്‍ അദ്ദേഹത്തിന്‍റെ കഥാപാത്രത്തെ കുറിച്ചുളളതും സസ്പെന്‍സാണ്. അദ്ദേഹത്തെ കാണാന്‍ കാത്തിരിക്കൂവെന്നും മമ്മൂക്ക പറഞ്ഞു.

മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്നത് വേറിട്ട മനോഹര അനുഭവം, രണ്‍ജി പണിക്കർ

ഒരാളെ ഇരുത്തിക്കൊണ്ട് ദൈവം എന്ന് പറയുന്നത് സ്നേഹത്തിന്‍റെ പ്രകടനമാണ്,എന്നാല്‍ അങ്ങനെ പറയുമ്പോഴും മനുഷ്യനായിരിക്കുന്നുവെന്നുളളതാണ് മമ്മൂട്ടിയുടെ പ്രത്യേകതയെന്ന് രണ്‍ജി പണിക്കർ. ആ സ്നേഹം കൊണ്ടുതന്നെയാണ് അഞ്ചാമത്തെ സിബിഐയേയും ആകാംക്ഷയോടെ നാം കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയിട്ടുണ്ട്, സിനിമയെടുത്തിട്ടുണ്ട്, എന്നാല്‍ ഒപ്പം അഭിനയിക്കുകയെന്നുളളത് പറഞ്ഞ് അറിയിക്കാന്‍ വയ്യാത്ത മനോഹരമായ അനുഭവമാണ്. ആളുകള്‍ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നുവെന്നുളളതാണ് മമ്മൂക്കയുടെ ഇത്രയും കാലത്തെ സഞ്ചാരത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്നും രണ്‍ജി പണിക്കർ പറഞ്ഞു.

സിനിമയില്‍ വന്നിട്ട് 33 വർഷങ്ങള്‍ കഴിഞ്ഞു. സിനിമയില്‍ വരുന്നതിന് മുന്‍പാണ് ആദ്യത്തെ സിബിഐ പുറത്തിറങ്ങുന്നത്. എസ് എന്‍ സ്വാമി മലയാളം കണ്ട ഏറ്റവും ബ്രില്ല്യന്‍റായ എഴുത്തുകാരനാണ്. അദ്ദേഹത്തെ കവച്ചുവയ്ക്കുന്ന ബുദ്ധി സിനിമയെഴുത്തില്‍ മറ്റൊരാള്‍ക്കും ഉണ്ടായിട്ടില്ല.ആ പ്രതീക്ഷതന്നെയാണ് സിബിഐ അഞ്ചാം പതിപ്പിനായി നമ്മെ കാത്തിരുത്തുന്നതെന്നും എന്നും അദ്ദേഹം പറഞ്ഞു.

സിബിഐ സിനിമയില്‍ ഭാഗമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് രമേഷ് പിഷാരടി

പഠിക്കുമ്പോള്‍ സിബിഐ ബീജിംഗ് അനുകരിച്ച് സ്കൂള്‍ വരാന്തയിലൂടെ നടന്ന കുട്ടിക്കാലമുണ്ടായിരുന്നു തനിക്കെന്ന് രമേഷ് പിഷാരടി.അന്നോ, സിബിഐ സീരീസിന്‍റെ നാല് ഭാഗങ്ങള്‍ തിയറ്ററില്‍ കണ്ടപ്പോഴോ വിചാരിക്കാത്ത കാര്യമാണ് ഈ സിനിമയില്‍ എന്നെങ്കിലുമൊരിക്കല്‍ അഭിനയിക്കാന്‍ പറ്റുമെന്നുളളത്.

സിനിമയിലെ നടന്‍മാരെ നമുക്ക് വീണ്ടും കാണാ‍ന്‍ സാധിക്കും, എന്നാല്‍, കഥാപാത്രങ്ങളെ വീണ്ടും നേരിട്ട് കാണാന്‍ സാധിക്കുക, അവരോടൊപ്പം അഭിനയിക്കാന്‍ സാധിക്കുക എന്നുളളതെല്ലാം വലിയ അത്ഭുതമായി കാണുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു.

സേതുരാമയ്യരെ കുറിച്ച്പറയാന്‍ പറ്റുന്ന എല്ലാ കാര്യവും പ്രേക്ഷകർക്കറിയാം, പ്രേക്ഷകർക്ക് അറിയാത്ത കാര്യങ്ങളൊന്നും ഇപ്പോള്‍ പറയാനും പറ്റില്ല എന്നുളളതുകൊണ്ടാണ് ഈ ചിത്രത്തിന്‍റെ വാർത്താസമ്മേളനങ്ങളോ അഭിമുഖങ്ങളോ അധികം കാണാഞ്ഞതെന്നും രമേഷ് പിഷാരടി പറഞ്ഞു.

സാധാരണകഥപറഞ്ഞ് കഥാപാത്രത്തെ കുറിച്ചറിഞ്ഞാണ് ഓരോ അഭിനേതാവും ചിത്രത്തില്‍ അഭിനയിക്കാനായെത്തുക. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാനായെത്തുന്നവർക്കടക്കം സസ്പെന്‍സ് നിലനിർത്തിയാണ് ചിത്രം പൂർത്തിയാക്കിയതെന്ന് രമേഷ് പിഷാരടി പറഞ്ഞു.

ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ചെയര്‍മാന്‍ അബ്ദുള്‍ സമദും റീജിയണല്‍ മാനേജര്‍ ആര്‍ ജെ സൂരജും ദുബായ് മാളിലെ റീല്‍ സിനിമാസില്‍ നടന്ന വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in