തിരമാലകള്‍ തീരത്ത് തീ‍ർത്ത മണല്‍ ചിത്രങ്ങള്‍ പകർത്തി, മലയാളിക്ക് പുരസ്കാരം

തിരമാലകള്‍ തീരത്ത് തീ‍ർത്ത  മണല്‍ ചിത്രങ്ങള്‍ പകർത്തി, മലയാളിക്ക് പുരസ്കാരം

പ്രകൃതിക്ക് മനുഷ്യനേല്‍പിക്കുന്ന മുറിവുകളാണ് പ്രകൃതി ക്ഷോഭങ്ങള്‍ക്ക് കാരണമെന്ന് വിലയിരുത്താറുണ്ട്. കാലാവസ്ഥ വ്യതിയാനം മുതല്‍ ഭൂചലനങ്ങള്‍ വരെയുളളയ്ക്ക് മുന്നറിപ്പുകള്‍ നല്‍കാറുണ്ടോ പ്രകൃതി. ഉണ്ടെന്ന് പറയും അമീറലി ഒലിവറയുടെ ക്യാമറ പകർത്തിയ ചിത്രങ്ങള്‍.

2013 ല്‍ ഗോവയിലെ ബാഗ തീരത്ത് നിന്നാണ് അപൂർവ്വ ചിത്രങ്ങള്‍ ഷാർജയില്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ അമീറലി പകർത്തിയത്. ഒരോ തിരമാലയും തീരത്തെത്തി തിരിച്ചുപോകുന്ന നിമിഷങ്ങള്‍ക്കുളളിലാണ് ചിത്രങ്ങളെടുത്തത്. ബാഹാ ഇരുമ്പയിര് നിറഞ്ഞ തീരമായതിനാലാകാം തിരമാലകള്‍ തീരത്തണഞ്ഞ് തിരിച്ചുപോകുമ്പോള്‍വ്യത്യസ്തമായ ചിത്രങ്ങള്‍ പതിഞ്ഞതെന്ന് അമീറലി പറയുന്നു. കൈപ്പത്തിയുടെ രൂപത്തിലും, മരങ്ങളുടെ രൂപത്തിലുമെല്ലാം തീരത്ത് ചിത്രങ്ങള്‍ വരച്ച് തിരിച്ചുപോകുന്നു തിരമാലകള്‍. പ്രകൃതിക്ക് മനുഷ്യനേല്‍പിക്കുന്ന മുറിവുകള്‍ക്കുളള മുന്നറിയിപ്പുകളാണ് ഓരോ ചിത്രങ്ങളുമെന്ന് അമീറലി പറയുന്നു.

വീണ്ടും വിവിധ തീരങ്ങളില്‍ ഇത്തരം ചിത്രങ്ങള്‍ക്കായി കാത്തിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. 2013 ല്‍ അമ്പതോളം ചിത്രങ്ങള്‍ പകർത്തിയിരുന്നു. എന്നാല്‍ ഇതില്‍‍ 20 ഓളം വ്യത്യസ്ത ചിത്രങ്ങള്‍ ഉള്‍പ്പടുത്തി യുഎഇയില്‍ ചിത്ര പ്രദർശനം നടത്തി. മണലില്‍ ചെയ്ത ചിത്രങ്ങളാണെന്ന ധാരണയിലാണ് പലരും പ്രദർശനം കണ്ടത്. എന്നാല്‍ തിരമാലകള്‍ സൃഷ്ടിച്ച ചിത്രങ്ങളാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വീണ്ടും ആദ്യം മുതല്‍ പ്രദർശനം കണ്ടവരുമുണ്ടെന്ന് അമീറലി പറയുന്നു. കാസർഗോഡാണ് സ്വദേശം.

തിരമാലകള്‍ തീർത്ത ചിത്രങ്ങള്‍ പകർത്തിയ ആദ്യ ഇന്ത്യന്‍ ഫോട്ടോഗ്രാഫറെന്ന വേള്‍ഡ് റെക്കോർഡ് ഓഫ് ഇന്ത്യയുടെ പുരസ്കാരമാണ് ഈ ചിത്രങ്ങള്‍ക്ക് അമീറലിക്ക് ലഭിച്ചത്. ഗിന്നസ് വേള്‍ഡ് റെക്കോർഡിനും ലിംക ബുക്ക് ഓഫ് റെക്കോർഡിനായും സമർപ്പിച്ചിട്ടുണ്ട്. ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഡോക്യുമെന്‍ററി ഒരുക്കുന്നതിനുളള തയ്യാറെടുപ്പിലാണ് അമീറലി ഇപ്പോള്‍. കഴിഞ്ഞ എട്ട് വർഷമായി അന്ധർക്കായുളള കമ്പ്യൂട്ടർ നിർമ്മിക്കുന്ന ജോലി ചെയ്തിരുന്നു ഇലക്ട്രോണിക് എഞ്ചിനീയർ കൂടിയായ അമീറലി.നിലവില്‍ മുഴുവന്‍ സമയ ഫോട്ടോഗ്രാഫറാണ്. 2011 ല്‍ മേലേരി എന്ന ഡോക്യുമെന്‍ററിക്ക് തൃശൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുളള പുരസ്കാരം ലഭിച്ചു. 2012 ദൈവക്കരുവെന്നുളള ഡോക്യുമെന്‍ററിക്ക് സംസ്ഥാന സർക്കാരിന്‍റെ സ്പെഷല്‍ ജൂറി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in