അര്‍ബുദശസ്ത്രക്രിയ, റോബോട്ടിക് സൈബര്‍ നൈഫ് സാങ്കേതികവിദ്യ യുഎഇയില്‍

അര്‍ബുദശസ്ത്രക്രിയ, റോബോട്ടിക് സൈബര്‍ നൈഫ് സാങ്കേതികവിദ്യ യുഎഇയില്‍

അര്‍ബുദ ചികിത്സയില്‍ നിര്‍ണായക ചുവടുവയ്പായ റോബോട്ടിക് സൈബര്‍ നൈഫ് സാങ്കേതിക വിദ്യ ഉപയോഗിച്ചുളള ചികിത്സാരീതി യുഎഇയിലും പ്രാവര്‍ത്തികമാകുന്നു.

വേദനയില്ലാതെ ശസ്ത്രക്രിയ നടത്താനാകുമെന്നുളളതാണ് ഈ ചികിത്സാ രീതിയുടെ ഏറ്റവും വലിയ പ്രത്യേകത. ദുബായ് ന്യൂറോ സ്‌പൈനല്‍ ആശുപത്രിയാണ് പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നത്.

ദുബായ് അല്‍ബര്‍ഷ സയന്‍സ് പാര്‍ക്കിലെ ന്യൂറോ സ്‌പൈനല്‍ ആശുപത്രിയില്‍ ആരംഭിച്ച അര്‍ബുദ ചികില്‍സാ കേന്ദ്രത്തിലാണ് നിലവില്‍ ഈ ചികിത്സാരീതി പരിചയപ്പെടുന്നത്. യു എ ഇയില്‍ ആദ്യമായാണ് റോബോട്ടിക് സൈബര്‍ നൈഫ് എന്ന നൂതന ശസ്ത്രക്രിയാ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുന്നത്. ഏറ്റവും കൃത്യമായി അര്‍ബുദം ബാധിച്ച ഭാഗത്ത് മാത്രം ചികിത്സ നടത്താനാകും. മറ്റ് കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതെ ശസ്ത്രക്രിയ നടത്താമെന്നുളളതാണ് ഇതിന്റെ മറ്റൊരു ഗുണം.

ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുളള ശരീരഭാഗങ്ങളില്‍ ഇത്തരം ചികിത്സ ഫലപ്രദമാകുമെന്ന് ആശുപത്രി സ്ഥാപകനായ പ്രഫസര്‍ അബുദല്‍കരീം മസാദി പറഞ്ഞു. രോഗിക്ക് വേദനയില്ലാതെയാണ് ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയ നടത്തിയ ദിവസം തന്നെ രോഗിക്ക് ആശുപത്രി വിടാനാകുമെന്നും അര്‍ബുദ ചികിത്സാ വിദഗ്ധ ഡോ സലാം യാനക് പറഞ്ഞു.

ചികിത്സാ ചെലവും നിലവില്‍ പിന്തുടരുന്ന അര്‍ബുദ ചികിത്സാ രീതിയുടേതിന് സമാനമാണ്. ചികിത്സയ്ക്ക് പണമടക്കാന്‍ അസൗകര്യമുളളവര്‍ക്ക് തവണകളായി അടക്കാനടക്കമുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സി ഒ ഒ ഡാന മസ്ദിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു