ബുർജീൽ ഹോൾഡിംഗ്സിന്‍റെ അറ്റാദായത്തിൽ 61.7% വർധനവ്; പ്രഖ്യാപിച്ചത് 2022ന്‍റെ ആദ്യ ഒൻപത് മാസങ്ങളിലെ സാമ്പത്തിക ഫലങ്ങൾ

ബുർജീൽ ഹോൾഡിംഗ്സിന്‍റെ അറ്റാദായത്തിൽ 61.7% വർധനവ്; പ്രഖ്യാപിച്ചത് 2022ന്‍റെ ആദ്യ ഒൻപത് മാസങ്ങളിലെ സാമ്പത്തിക ഫലങ്ങൾ

അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്സ്) ലിസ്റ്റ് ചെയ്ത മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ബുർജീൽ ഹോൾഡിംഗ്സിന്‍റെ ഒൻപത് മാസത്തെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള സാമ്പത്തിക ഫലങ്ങൾ പ്രകാരം ഗ്രൂപ്പിന്‍റെ ആകെ വരുമാനത്തിലുണ്ടായത് വൻ വളർച്ചയാണ്. 2.83 ബില്യൺ ദിർഹമാണ് ഈ കാലയളവിലെ ആകെ വരുമാനം. മുൻ വർഷത്തേക്കാൾ 17% വർധനവ്. അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 61.7% ഉയർന്ന് 205.1മില്യൺ ദിർഹമായി.

ബുർജീൽ ഹോൾഡിംഗ്സിന്‍റെ മുൻനിര സ്ഥാപനമായ ബുർജീൽ മെഡിക്കൽ സിറ്റി (ബിഎംസി) യിൽ നിന്നുള്ള വരുമാനത്തിൽ 145.6% വളർച്ചയാണ് രേഖപ്പെടുത്തിയത്. അർബുദ പരിചരണം, വൃക്ക മാറ്റിവയ്ക്കൽ എന്നിവയുൾപ്പെടെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി പരിചരണത്തിന്‍റെ ഭാഗമായാണ് ബിഎംസിയുടെ വരുമാന വളർച്ച. ആശുപത്രികൾ, മെഡിക്കൽ സെന്‍ററുകൾ എന്നിവയടക്കമുള്ള സെഗ്മെന്‍റുകളിലെ മികച്ച പ്രകടനത്തിന്‍റെ കൂടി ഭാഗമായി പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം (EBITDA) 13.2% വർധിച്ച് 608.4 മില്യൺ ദിർഹമായി. ബുർജീൽ മെഡിക്കൽ സിറ്റിയും മറ്റു പ്രധാന ആശുപത്രികളും കൂടുതൽ ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുകയും നിക്ഷേപങ്ങൾ നടത്തുകയും ചെയ്തിട്ടും EBITDA 21.5% സ്ഥിരം മാർജിനിൽ നിലനിർത്താനായത് ഗ്രൂപ്പിന് നേട്ടമായി.

മൊത്തം രോഗികളുടെ എണ്ണം 20.4% വർധിച്ചു. ഒൻപത് മാസകാലയളവിലെ ആകെ ഔട്ട്‌പേഷ്യന്‍റ് സന്ദർശനങ്ങൾ 4.1 ദശലക്ഷത്തിലധികമാണ്. മെഡിക്കൽ സെന്‍ററുകളുടെയും ആശുപത്രികളുടെയും പരസ്പര ബന്ധിതമായ ശൃംഖലയിലൂടെ കൂടുതൽ രോഗികളെ ആകർഷിക്കുകയെന്ന മാതൃകയുടെ വിജയം കൂടിയാണ് ഈ കണക്കുകൾ.ലോകോത്തര ആരോഗ്യസേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്നും ഇതിനായുള്ള ശ്രമങ്ങളുടെ ഫലമാണ് മികച്ച വളർച്ചയെന്നും ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഐപിഒയിലൂടെ സമാഹരിച്ച 2.2 ബില്യൺ ദിർഹത്തിലൂടെ നിലവിലുണ്ടായിരുന്ന ബാധ്യതകൾ നികത്താനായി. ഇതോടെ നൂതന പദ്ധതികൾ നടപ്പാക്കാനും പുതിയ വിപണികളിലേക്ക് പ്രവേശിക്കാനും ബിസിനസിലുടനീളം മികച്ച വളർച്ച കൈവരിക്കാനും കൂടുതൽ കരുത്താർജ്ജിച്ചിരിക്കുകയാണ് ബുർജീൽ ഹോൾഡിംഗ്സെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആസ്തികളുടെ വിനിയോഗം ഉയർത്തുന്നതും സൂപ്പർ സ്പെഷ്യാലിറ്റികളിലൂടെ സങ്കീർണ്ണ സേവനങ്ങൾ വർധിപ്പിക്കുന്നതുമടക്കമുള്ള തന്ത്രപ്രധാനമായ മുൻഗണനകൾ നടപ്പാക്കാനുള്ള ഗ്രൂപ്പിന്‍റെ ശേഷിയാണ് സാമ്പത്തിക ഫലങ്ങൾ വ്യക്തമാക്കുന്നതെന്ന് ബുർജീൽ ഹോൾഡിംഗ്‌സ് സിഇഒ ജോൺ സുനിൽ പറഞ്ഞു.ഡോ. ഷംഷീറിന് ഭൂരിപക്ഷ ഓഹരിപങ്കാളിത്തമുള്ള ബുർജീൽ ഹോൾഡിംഗ്സ് ഒക്ടോബർ 10നാണ് എഡിഎക്‌സിൽ ലിസ്റ്റ് ചെയ്തിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in