വനിതാ വിനോദിന്‍റെ 'നീ എന്‍റെയൊരു അടയാളം മാത്രമാണ്' കവിതകള്‍ ചൊല്ലി പ്രകാശിതമായി

വനിതാ വിനോദിന്‍റെ 'നീ എന്‍റെയൊരു അടയാളം മാത്രമാണ്' കവിതകള്‍ ചൊല്ലി പ്രകാശിതമായി

'ഞാനങ്ങു മഴയിലേക്കു

മാഞ്ഞുപോയെങ്കിലും

അടുത്ത വേനല്‍ വരേക്കും

മായാതിരിക്കട്ടെയീ ചിത്രം

വരും മഞ്ഞുകാലത്തിലേക്ക്

ചൂടായിരിക്കാനൊരോർമ്മ പോലെ'

വായനക്കാരന്‍റെ മനസിലേക്ക് പെണ്ണനുഭവങ്ങള്‍ ചേർത്തുവയ്ക്കുകയാണ് വനിതാ വിനോദിന്‍റെ നീ എന്‍റെയൊരു അടയാളം മാത്രമാണ് എന്ന കവിതാ സമാഹാരം.

'ഓ‍ർമ്മയൊഴിഞ്ഞൊരു

ശരീരമാകാനില്ലെനിക്ക്'

എന്ന് വനിതയെഴുതുമ്പോള്‍ അവള്‍ക്കൊപ്പം സഞ്ചരിക്കുകയാണ് വായനക്കാരനും. അക്ഷരങ്ങളിലൂടെ സ്വത്വം തിരയുമ്പോഴും വരികളിലെവിടെയോ ഒറ്റപ്പെടലിന്‍റെ നോവുണ്ടല്ലോയെന്ന ചോദ്യത്തിന്, മറുപടിയിങ്ങനെ,

"ഏഴെട്ട് വര്‍ഷങ്ങള്‍കൊണ്ട് കുറിച്ചുവെച്ച വരികളാണിതില്‍. 24 കവിതകളാണ് നീ എന്‍റെയൊരു അടയാളം മാത്രമാണ് എന്ന പുസ്തകത്തിലുള്ളത്. എഴുത്തില്‍ നമ്മുടെ ഭൂതകാലം കടന്നുവരിക സ്വാഭാവികമാണ്. ഇതില്‍ നോവ് മാത്രമല്ല സ്‌നേഹശൂന്യമായ കാലത്തിന്‍റെ സങ്കടക്കഥകളാണ് ഏറെയുള്ളത്.

ദുഖത്തിനൊരു ഔഷധമേയുള്ളൂ അത് നിരുപാധിക സ്‌നേഹം എന്നാണ് ജ്ഞാനപീഠ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഒരിക്കല്‍ അക്കിത്തം പറഞ്ഞത്. എന്നാല്‍ നമുക്കേറെ നിക്ഷിദ്ധമായിരിക്കുന്നതും അതാണ്. അതുകൊണ്ടാകാം സംഘര്‍ഷങ്ങളെ മറികടക്കാന്‍ അക്ഷരങ്ങള്‍ പിറവികൊള്ളുന്നതും. വ്യക്തിപരമായുള്ള സംഘര്‍ഷത്തെ മറികടക്കാനായാണ് ഒരിക്കല്‍ കവിത തിരഞ്ഞുപോയതും കവിതയിലേക്ക് ചേക്കേറിയതും.

എന്നാല്‍ അതില്‍നിന്നും നമുക്കെന്ത് കിട്ടുമെന്ന് തിരഞ്ഞാല്‍ നമ്മള്‍ മടുക്കും. അപ്പോള്‍ കവിയല്ല എന്ന പേരില്‍ ജീവിക്കുമ്പോഴാണ് എഴുത്തിലെ ആനന്ദം അനുഭവിക്കാനാവൂ. എന്നാലേ സ്ഥിരമായൊരു ശൈലിയും ഭാഷയുമില്ലാതെ കവിത പോലെതന്നെ നമുക്ക് ജീവിക്കാനാവൂ"

ഒച്ചയുണ്ടാക്കല്ലേ

ഓർത്തെടുക്കട്ടെ

ഞാനെന്‍ ഭൂതകാലപ്പച്ച ( നീ എന്‍റെയൊരു അടയാളം മാത്രമാണ്, വനിതാ വിനോദ്)

"വീരാന്‍കുട്ടി മാഷ് പറയുന്നതുപോലെ അക്ഷരങ്ങളെല്ലാം ഒരു സ്വകാര്യനിധിപോലെ കൂടെകൊണ്ടുനടക്കുന്നത് സുഖമുള്ള കാര്യമാണ്. അതിനകത്തുനിന്നുകൊണ്ട് ഒരു പുതുനടത്തമാണ് എല്ലാകാലത്തും ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്. സ്‌കൂള്‍ കോളേജ് കാലങ്ങളിലൊക്കെ കൂടെയുണ്ടായിരുന്ന ആ ഒരു എഴുത്തുഭാഷ എപ്പോഴൊക്കെയോ കൈമോശം വന്നുപോയിട്ടുണ്ട്. പക്ഷെ ഒരു മാധ്യമപ്രവര്‍ത്തക ആയതുകൊണ്ടുതന്നെ എഴുത്തെന്ന് പറയുന്നത് പുതുമയുള്ള ഒരു കാര്യമല്ലെങ്കിലും വര്‍ഷങ്ങളായി വാര്‍ത്തക്കപ്പുറം എഴുതുന്നതും പറയുന്നതുമൊന്നും ആ ഭാഷയല്ലെന്ന് തോന്നിയിട്ടുണ്ട്. എങ്കിലും വായിക്കുക, എഴുതുക എന്നത് ചിലര്‍ക്ക് ജീവശ്വാസമാണ്. അങ്ങിനെയുള്ളവരുടെ സ്വകാര്യ അഹങ്കാരമാണ് കഥകളും കവിതകളുമെല്ലാം. വല്ലപ്പോഴുമെങ്കിലും അക്ഷരങ്ങളിലൂടെ കടന്നുപോകുമ്പോഴും അക്ഷരങ്ങളില്‍ നമ്മള്‍ ജീവിക്കുമ്പോഴുമാണ് അതെത്ര അനിവാര്യമാണെന്ന് മനസ്സിലാവുക. അത്തരത്തില്‍ പലപ്പോഴായി പെറുക്കികൂട്ടിയ വരികളാണ് 'നീ എന്‍റെയൊരു അടയാളം മാത്രമാണ്' എന്ന പേരില്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഓര്‍മ്മയെ വീണ്ടെടുക്കാനും താലോലിക്കാനുമെല്ലാം അക്ഷരങ്ങള്‍ തീര്‍ക്കുന്നൊരു മാജിക്കുണ്ട്. അതാണ് ഓര്‍മയൊഴിഞ്ഞൊരു ശരീരമാകാനില്ലെനിക്ക് എന്ന് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നത്. അതോടൊപ്പം കവിതകളിലെല്ലാം ചില രൂപകങ്ങളെ കൊണ്ടുവരാന്‍ ശ്രമം നടത്തിയിട്ടുണ്ട്. അതിലേറ്റവും പ്രധാനം ഉടലിനെ മാറ്റിമറിച്ചുള്ള ഒടിവിദ്യകളാണ്." വനിത പറയുന്നു.

അതുകൊണ്ടുതന്നെയാണ് ആ വരികള്‍ ഇത്രയും തീഷ്ണമാകുന്നതും.

പ്രണയമെന്ന് പേരിട്ട്

നീ എയ്യുന്ന നുണകള്‍

കണ്ണില്‍ തറയ്ക്കുന്നു.

തീഷ്ണമായ ബിംബ സന്നിവേശമാണ് വനിതയുടെ കവിതയെ കരുത്തുറ്റതാക്കുന്നത്, ഉളളടക്കത്തില്‍ വീരാന്‍ കുട്ടിമാഷ് പറഞ്ഞുവയ്കുന്നു.

ഷാർജ അന്താരാഷ്ട്ര പുസ്തകവേദിയിലെ റൈറ്റേഴ്സ് ഫോറത്തില്‍ കവികളായ വീരാന്‍ കുട്ടി, സത്യന്‍ മാടാക്കര, കെപികെ വേങ്ങര എന്നിവർ കവിതകള്‍ ചൊല്ലിയും പറഞ്ഞും പുസ്തകം പരിചയപ്പെടുത്തിയത് സദസ്സിനും നവ്യാനുഭവമായി. പുസ്തകത്തിന്‍റെ ഔദ്യോഗിക പ്രകാശനകര്‍മ്മം തിരക്കഥാകൃത്തും നടനും എഴുത്തുകാരനുമായ മധുപാല്‍ നേരത്തെ ഓൺലൈൻ വഴി നിര്‍വ്വഹിച്ചിരുന്നു.കവികളായ ഇസ്മായില്‍ മേലടി, പി.ശിവപ്രസാദ്, രാജേഷ് ചിത്തിര, അനൂപ് ചന്ദ്രന്‍, ഹമീദ് ചങ്ങരംകുളം, ബബിതാ ഷാജി, അസി, പ്രീതി രഞ്ജിത്ത്, സജ്‌ന അബ്ദുള്ള, ഷഹി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in