അഷ്കർ സൗദാൻ, ഷഹീൻ സിദ്ദിഖ്,സാക്ഷി അഗർവാൾ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനു സമദ് സംവിധാനം ചെയ്ത 'ബെസ്റ്റി' യുഎഇയില്‍ പ്രദർശനത്തിനെത്തി. "എല്ലാ ബെസ്റ്റിയും ബെസ്റ്റിയല്ല" എന്ന ടാഗ് ലൈനില്‍ പ്രദർശനത്തിനെത്തിയ ചിത്രം വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ തന്നെ തെറ്റിദ്ധാരണയുടെ പുറത്ത് പിരിയാന്‍ തീരുമാനിക്കുന്ന ദമ്പതികളുടെ ഇടയിലേക്ക് ഒരു സുഹൃത്ത് വരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പറയുന്നത്.
വിവാഹവും തലാഖും ഇടക്കെട്ട് സമ്പദ്രായവും പ്രമേയമായി വരുന്ന സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് ഷിബുചക്രവർത്തിയും ഔസേപ്പച്ചനും ചേർന്നാണ്. മുസ്ലീം പശ്ചാത്തലത്തിലൊരുക്കിയ പാട്ടുകള്‍ ചിത്രത്തിന്‍റെ റിലീസിന് മുന്‍പേ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുധീർ കരമന, സാദിക്ക്, നിർമ്മല്‍ പാലാഴി, നസീർ സംക്രാന്തി, സോന നായർ തുടങ്ങിയവർക്കൊപ്പം ജാഫർ ഇടുക്കി,ഹരീഷ് കണാരന്‍, ഗോകുലൻ, ഉണ്ണിരാജ,മെറിന മൈക്കിൾ തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി അബ്ദുൾ നാസറാണ് സിനിമ നിർമിച്ചത്.യുഎഇയില്‍ രേഷ് രാജ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്.