അവധിക്കാലതിരക്ക്: മാർഗ്ഗനിർദ്ദേശം നല്കി ദുബായ് വിമാനത്താവളം

അവധിക്കാലതിരക്ക്: മാർഗ്ഗനിർദ്ദേശം നല്കി ദുബായ് വിമാനത്താവളം

അവധിക്കാല തിരക്ക് മുന്നില്‍ കണ്ട് മാ‍ർഗനിർദ്ദേശം നല്‍കി ദുബായ് വിമാനത്താവള അധികൃതർ. ഈദ് അല്‍ അവധിയും വേനല്‍ അവധിയും ഒരുമിച്ച് വരുന്ന അടുത്ത രണ്ടാഴ്ചക്കാലത്തിനിടെ 35 ലക്ഷം യാത്രാക്കാർ ദുബായ് വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 20 നും ജൂലൈ 3 നുമിടയില്‍ ശരാശരി 252000 പേർ ഓരോ ദിവസവും വിമാനത്താവളം വഴി യാത്ര ചെയ്യും.ഈദ് അല്‍ അദ അവധി ദിനങ്ങളില്‍ ഇത് വർദ്ധിക്കും. ജൂലൈ രണ്ടിന് ശരാശരിയാത്രാക്കാരുടെ എണ്ണം 305000 ലെത്തുമെന്നും ദുബായ് വിമാനത്താവള അധികൃതർ കണക്കുകൂട്ടുന്നു.

അവധിയോട് അനുബന്ധിച്ചുളള തിരക്ക് കുറയ്ക്കാന്‍ യാത്രാക്കാർക്ക് വിമാനത്താവള അധികൃതർ മാർഗനിർദ്ദേശം നല്‍കി.12 വയസിന് മുകളിലുളളവ‍ർക്ക് സ്മാർട് ചെക്ക് ഇന്‍ സേവനം ഉപയോഗിക്കാം. കുടുംബവുമായി യാത്ര ചെയ്യുന്നവർക്ക് ഇത് പ്രയോജനപ്പെടും. യാത്ര പോകുന്ന രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസൃതമായുളള രേഖകള്‍ കൈയ്യില്‍ കരുതണം. റോഡ് വഴി ഗതാഗതകുരുക്ക് അനുഭവപ്പെടാന്‍ സാധ്യയുളളതിനാല്‍ ദുബായ് വിമാനത്താവളത്തിലെ ടെർമിനല്‍ 1 ലും 3 ലെത്താന്‍ മെട്രോ സേവനം പ്രയോജനപ്പെടുത്താം.

തിരക്ക് മുന്നില്‍ കണ്ട് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് വിമാനകമ്പനികളും ഇതിനകം തന്നെ മാർഗനിർദ്ദേശം നല്‍കി കഴി‍ഞ്ഞു. യാത്രയുടെ നാല് മണിക്കൂർമുന്‍പെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് ഫ്ളൈ ദുബായ് നിർദ്ദേശിച്ചു. യാത്രയുടെ മൂന്ന് മണിക്കൂർ മുന്‍പെങ്കിലും എത്തണമെന്ന് മറ്റ് വിമാനകമ്പനികളും നി‍ർദ്ദേശം നല്‍കി കഴിഞ്ഞു.

എമിറേറ്റ്സില്‍ യാത്ര ചെയ്യുന്നവർക്ക് സൗജന്യമായി നേരത്തെ തന്നെ ബാഗേജ് നിക്ഷേപിക്കാനുളള സൗകര്യം നല്‍കിയിട്ടുണ്ട്. ദുബായില്‍ നിന്ന് എമിറേറ്റ്സില്‍ യാത്രചെയ്യുന്നവർക്ക് ആപ്പ് വഴിയോ ഇ മെയില്‍ വഴിയോ ഡിജിറ്റലായാണ് ബോർഡിംഗ് പാസ് നല്‍കുന്നത്.

ഷാ‍ർജ വിമാനത്താവളത്തില്‍ നിന്ന് എയ‍ർ അറേബ്യയില്‍ യാത്രചെയ്യുന്നവർ യാത്രയുടെ മൂന്ന് മണിക്കൂർ മുന്‍പ് വിമാനത്താവളത്തിലെത്തണം. യാത്രയുടെ 36 മണിക്കൂ‍ർ മുന്‍പ് തന്നെ ഓണ്‍ലൈനിലൂടെ ബാഗേജ് ചെക്ക് ഇന്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. നീണ്ട ക്യൂ ഒഴിവാക്കാന്‍ ഓണ്‍ ലൈന്‍ ചെക്ക് ഇന്‍ സേവനം പ്രയോജനപ്പെടുത്താം.

Related Stories

No stories found.
logo
The Cue
www.thecue.in