പ്രശ്നങ്ങൾ സ്വയം പരിഹരിക്കുക, സ്വയം പ്രചോദിതരാവുക: നീന ഗുപ്ത

പ്രശ്നങ്ങൾ സ്വയം പരിഹരിക്കുക, സ്വയം പ്രചോദിതരാവുക: നീന ഗുപ്ത

സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾക്ക് അവരവർ തന്നെ പരിഹാരം കണ്ടെത്തുന്നതാണ് ഉചിതമെന്ന് ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ നീന ഗുപ്ത മറ്റൊരാൾ വന്ന് അത് പരിഹരിച്ച് തരുമെന്ന കാത്തിരിപ്പ് വെറുതെയാകുമെന്നും അവർ അഭിപ്രായപ്പെട്ടു. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലെ ബുക് ഫോറം 1 ൽ 'സച്ച് കഹോം തോ' സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നീന ഗുപ്ത.

അഭിനയ ജീവിതവും എഴുത്തും സാമൂഹിക പ്രവർത്തനങ്ങളും മുൻനിർത്തിയാണ് നീന ഗുപ്ത സംസാരിച്ചത്. നിങ്ങൾ വിജയിച്ചവരാണെങ്കിൽ എല്ലാം നല്ലതായി തോന്നും, സുന്ദരമായി തോന്നും. നിങ്ങൾ പരാജയപ്പെട്ടവരാണെങ്കിൽ ചെയ്യുന്നത് നല്ലതായി തോന്നണമെന്നില്ല. ജീവിതത്തിൽ വിജയിക്കാൻ ആത്മവിശ്വാസമാണ് പ്രധാനം. ആത്മാർത്ഥതയും അത്ര തന്നെ പ്രധാനപ്പെട്ടതാണെന്നും അവർ പറഞ്ഞു.

ജീവിതത്തിൽ എന്തെങ്കിലും കാര്യങ്ങളോട് നോ പറയുമ്പോൾ വലിയ സന്തോഷം തോന്നിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. സ്വന്തം നിലപാടിന്‍റെ പ്രകടനമാണത്.സത്യം പറയൽ പലപ്പോഴും അപകടകരമാണ്. ജീവിതാനുഭവങ്ങളിൽ നിന്നാണ് അത് പറയുന്നതെന്നും അവർ സൂചിപ്പിച്ചു.

തന്‍റെ അഭിനയ കരിയറിൽ കുറെയധികം ടൈപ്പ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു. ജനങ്ങൾ അവാർഡിനെ കുറിച്ചല്ല ചിന്തിക്കുന്നത്, അഭിനയത്തെ കുറിച്ച് മാത്രമാണ്. നല്ല രീതിയിൽ അഭിനയിച്ച് പുരസ്കാരങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും പിന്നീട് മികച്ച റോളുകളെന്നും കിട്ടിയിട്ടില്ല. കോളജ് പഠന കാലത്ത് നാടകങ്ങളിൽ പുരുഷ വേഷങ്ങളിലാണ് ധാരാളം അഭിനയിച്ചിട്ടുള്ളത്. അത് നല്ല ശരീര ഉയരമുണ്ടായിരുന്നതിനാലായിരുന്നു. നാടകങ്ങളിൽ സ്ഥിരമായി അഭിനയിച്ചത് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ എത്താൻ സഹായിച്ചു. അവിടെ എൽഗാസിയെ കണ്ടുമുട്ടാൻ കഴിഞ്ഞു. എൽഗാസി പ്രോൽസാഹനം നൽകിയിരുന്നുവെന്നും അഭിനയ ജീവിതത്തിലേക്ക് എത്തിയത് സംബന്ധിച്ച് ഗുപ്ത വിശദീകരിച്ചു.

സ്ത്രീകളെ സംബന്ധിക്കുന്ന പല കാര്യങ്ങളിലും പുസ്തകത്തിൽ എഴുതിയത് നടപ്പാക്കൽ അത്ര എളുപ്പമല്ല.ഇന്ത്യൻ വനിതകളുടെ ജീവിത നിലവാരത്തിൽ കാര്യമായ മാറ്റമുണ്ടെന്ന് പറയാനാവില്ല. ഒരു ശതമാനത്തിൽ താഴെ മാത്രമേ മാറ്റങ്ങൾ കണ്ടു തുടങ്ങുന്നുള്ളൂ. ഇന്ത്യൻ വനിതകൾ ആദ്യം വീട്ടു ജോലികൾ മാത്രമേ ചെയ്തിരുന്നുള്ളൂ. എന്നാൽ, ഇന്ന് അങ്ങനെയല്ല, ഒരു ജോലിയുണ്ട്, അതോടൊപ്പം വീട്ടു ജോലികളും ചെയ്യണം. അതവരുടെ ജീവിത ഭാരം കൂട്ടുന്നതാണ്. സ്വന്തം ജീവിതത്തെ ഒറ്റ വാചകത്തിൽ ചുരുക്കാമോ എന്നതിന് അവർ നൽകിയ മറുപടി , "മൂവ് ഓൺ" എന്നായിരുന്നു. മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു തന്‍റെ ജീവിതമെന്നും അൻ അഭിപ്രായപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസം വളരെ അത്യാവശ്യമുള്ള ഒരു കാലമാണിത്.പ്രതിസന്ധികളെ അതിജീവിക്കാൻ വിദ്യാഭ്യാസം സഹായിക്കും. തനിക്ക് മാതാപിതാക്കൾ നല്ല വിദ്യാഭ്യാസം നൽകി. പിഎച്ച്ഡി വരെ ചെയ്യാൻ സാധിച്ചു.

മറ്റൊരുപ്രധാന സന്ദേശമായി അവർ പറഞ്ഞത്, സിനിമാ മേഖലയിൽ നിലനിൽക്കാൻ സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പബ്ലിക്കായി പുക വലിക്കരുത് എന്നായിരുന്നു. പലപ്പോഴും സുഹൃത്തുക്കളെയൊക്കെ വിശ്വസിച്ച് നാം പലതും ചെയ്യും. എന്നാൽ, അതെല്ലാം പിന്നീട് പൊതുസമൂഹത്തിന് മുന്നിലെത്തുമ്പോൾ ദോഷകരമായിപ്പോകും. അതിന് വലിയ വില കൊടുക്കേണ്ടി വരും. താനങ്ങനെ ചെയ്തതു വഴിയുണ്ടായ ദുരനുഭവം പങ്കുവച്ചു കൊണ്ടാണ് അവർ ഇങ്ങനെയൊരു ഉപദേശം നൽകിയത്. അത്തരം തെറ്റുകൾ പറ്റിക്കൂടാ. മകൾ നന്നായി അഭിനയിക്കുന്നുണ്ടെന്ന കാര്യം അവർ പങ്കു വച്ചു. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഒരധ്യായം തന്നെ അവരുടെ പുസ്തകത്തിലുണ്ട്. എന്നാൽ, കാസ്റ്റിങ് കൗച്ചിന്‍റെ ഗുണഫലങ്ങളോ ദോഷ ഫലങ്ങളോ അതൊരു വ്യക്തിയെ ആശ്രയിച്ചിരിക്കുന്നുവെന്നാണവർ അഭിപ്രയപ്പെട്ടത്. എഴുത്ത് പോലെ തന്നെ ധീരമായാണ് നീന ഗുപ്ത തന്‍റെ നിലപാടുകൾ അവതരിപ്പിച്ചത്. ഗൾഫ് ന്യൂസ് എന്റർടെയിൻമെൻറ് എഡിറ്റർ മഞ്ജുഷ മോഡറേറ്ററായിരുന്നു. സദസ്സിൽ നിന്നുള്ള ചോദ്യങ്ങളോട് നീന ഗുപ്ത സന്ദർഭോചിതവും രസകരവുമായി മറുപടി നൽകി. ബുക് സൈനിംഗ് സെഷനും ഉണ്ടായിരുന്നു

Related Stories

No stories found.
logo
The Cue
www.thecue.in