കുറഞ്ഞ ചെലവില്‍ ലൈസന്‍സും വിസയും തുടങ്ങി ഫ്രീലാന്‍സ് വിസ വരെ, വിവിധ വിസ തട്ടിപ്പുകളില്‍ വേണം ജാഗ്രത

കുറഞ്ഞ ചെലവില്‍ ലൈസന്‍സും വിസയും തുടങ്ങി ഫ്രീലാന്‍സ് വിസ വരെ, വിവിധ വിസ തട്ടിപ്പുകളില്‍ വേണം ജാഗ്രത
Published on

കുറഞ്ഞ ചെലവില്‍ ലൈസന്‍സും വിസയും തുടങ്ങി യുഎഇയിലെവിടെയും ജോലി ചെയ്യാന്‍ സാധിക്കുന്ന ഫ്രീലാന്‍സ് വിസ എന്നതടക്കമുളള പരസ്യവാചകത്തിലൂടെ സാധാരണക്കാരെ കേന്ദ്രീകരിച്ച് നിരവധി തട്ടിപ്പുകള്‍ നടക്കുന്നതായി യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മള്‍ട്ടിഹാന്‍ഡ്സ് സ്റ്റാഫ് അസോസിയേഷന്‍. സാധാരണക്കാരായ പ്രവാസികളെയാണ് ഇവർ ലക്ഷ്യമിടുന്നത്. അതിലേറ്റവും പ്രധാനമാണ് യു എ ഇ യിൽ എവിടെയും ജോലി ചെയ്യാൻ പറ്റുന്ന 'ഫ്രീ ലാൻസ് വിസ'എന്ന പേരിലുള്ള വിസ ഓഫർ. ഫ്രീ ലാൻസ് വിസ 'എന്ന പേരിൽ ഒരു വിസ യുഎഇ സർക്കാർ നല്കുന്നില്ല എന്ന യാഥാർത്ഥ്യം നിലനില്‍ക്കെ ഇതൊന്നുമറിയാതെ എത്തുന്നവരെയാണ് തട്ടിപ്പുകാർ ലക്ഷ്യമിടുന്നെന്നും ഇവർ പറയുന്നു.

യുഎഇയിലെ വിസ നിരക്കുകള്‍ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. പലപ്പോഴും , മാതാപിതാക്കളെയോ വീട്ടു ജോലിക്കാരെയോ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ സ്വന്തം സ്പോണ്‍സർഷിപ്പില്‍ കഴിയാത്ത സാഹചര്യത്തിലാണ് ഫ്രീ ലാൻസ് എന്ന പേരിൽ ലഭിക്കുന്ന പാർട്ണർ വിസയെ ആശ്രയിക്കേണ്ടി വരുന്നത് . കുറഞ്ഞ നിരക്കില്‍ വിസ വാഗ്ദാനം ചെയ്യുമ്പോള്‍ ലക്ഷ്യമിടുന്നത് ഇത്തരം ആവശ്യക്കാരെയാണ്. ഇവർ കൊടുക്കുന്ന രേഖകള്‍ ഉപയോഗിച്ച് ഒരു ട്രേഡ് ലൈസന്‍സ് നല്‍കുകയും അതേ സമയം ഈ ലൈസന്‍സില്‍ അവരറിയാതെ തന്നെ മറ്റു പാർട്ണർ വിസയും തുടർന്ന് എംപ്ലോയ്‌മെന്‍റ് വിസയും മറ്റു പലർക്കും നല്കുകയും ചെയ്യുന്നു. ഒരു വർഷം കഴിഞ്ഞാൽ ലൈസൻസ് പുതുക്കണമെന്നോ പാർട്നെർസ് ആരൊക്കെയാണെന്നോ ഇത്തരം ഓഫറുകാർ ഈ ഉപഭോക്താക്കളെ അറിയിക്കുകയുമില്ല

ഒരു വർഷം പിന്നിടുമ്പോൾ ലൈസൻസ് കാലാവധി കഴിയുകയും ആ ലൈസൻസിന്‍റെ കീഴിൽ നല്‍കിയ തൊഴില്‍ വിസക്കാരുടെ ഉത്തരവാദിത്തം കൂടി ഈ പാർട്നെർസിന്‍റെ പേരിലാവുകയും ചെയ്യുന്നു. തൊഴില്‍വിസ ലഭിച്ചവർ മറ്റൊരു ജോലി കിട്ടിയാൽ ക്യാൻസൽ ചെയ്യേണ്ട സമയത്തു ലൈസൻസ് ഉടമയെ കിട്ടാതിരിക്കുകയും ലേബർ കോർട്ടിൽ പരാതി നൽകുകയും ലേബർ കോർട്ടിൽ നിന്ന് വിളി വരുകയും ചെയ്യുമ്പോളാണ് പലർക്കും തട്ടിപ്പ് മനസിലാകുന്നത്. തൊഴില്‍ വിസക്ക് നിയന്ത്രണങ്ങളുള്ള ബംഗ്ലാദേശ് പോലുള്ള രാജ്യക്കാർക്കും ഇത്തരം പാർട്ണർ വിസ വില്‍ക്കുകയും അവർ ഈ രാജ്യത്ത് ജോലി കിട്ടാതെ നടക്കുന്നതും ഗുരുതരമായ സാമൂഹ്യ പ്രശ്നമായി മാറുകയും ചെയ്യുന്നു . ഇത്തരം തട്ടിപ്പ് വിസക്കാരെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ അറി‍ഞ്ഞോ അറിയാതെയോ വ്ളോഗർമാരും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.

MULTY HANDS
MULTY HANDS

സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വർഷത്തെ വിസ സംബന്ധിച്ചം വ്യക്തത വരേണ്ടത് അനിവാര്യമാണ്.ഇത് ഒരു റിമോട്ട് വർക്ക് വിസയാണ് . അഥവാ യു എ ഇക്കു പുറത്തുള്ള കമ്പനികളിൽ 3500 ഡോളറിന് മുകളിൽ സാലറി യുള്ളവർക്ക്‌ രാജ്യത്ത് താമസിച്ചു റിമോട്ട് ജോബ് ചെയ്യാൻ അനുവദിക്കുന്ന വിസയാണ് ഒരു വർഷ വിസ എന്നത് .ഈ വിസയെ മറയാക്കി പുറത്തു ചില തട്ടിക്കൂട്ടിയ കമ്പനികളിൽ താല്കാലികമായി വലിയ സാലറി കോൺട്രാക്ട് ഉണ്ടാക്കി അതിന്‍റെ പേരിൽ ഇവിടെ വിസ സംഘടിപ്പിക്കുന്ന പ്രവണതയും കണ്ടുവരുന്നു. പരസ്യവാചകങ്ങളില്‍ വ‍ഞ്ചിതരാകാതെ വിശ്വാസയോഗ്യമായി ഇടപാടുകള്‍ നടത്താന്‍ ശ്രദ്ധിക്കണമെന്നും മള്‍ട്ടിഹാന്‍ഡ്സ് സ്റ്റാഫ് അസോസിയേഷന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ഡയറക്ടർമാരായ കെ.കെ.സി.ദാവുദ്, അബ്ദല്ല മഹമൂദ്, ടി.വി.സവാദ്, ഇ.സി.യാസർ എന്നിവരും സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളായ അൻഷാദ് കാഞ്ഞങ്ങാട്, എം,കെ. ഹാഷിർ, സി.എ. റഷീദ് തുടങ്ങിയവരും പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in