സന്ദർശകർക്ക് വിനോദത്തിന്‍റെ പുതിയ അനുഭവം നല്‍കുന്ന ഇമ്മേഴ്സീവ് എക്സീപിയന്‍ഷ്യല്‍ എന്‍റർടെയ്ന്‍മെന്‍റ് പാർക്ക് അതായത് പുതിയ തലമുറ ഡിജിറ്റല്‍ പാർക്കായ എവൈഎയ്ക്ക് മികച്ച സന്ദർശക പ്രതികരണം. ദുബായ് വാഫി സിറ്റിയില്‍ കഴിഞ്ഞ ഡിസംബറിലാണ് എവൈഎ പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ഡിസംബറില്‍ തുറന്ന എവൈഎയിലേക്ക് ആദ്യ ആഴ്ചയില്‍ തന്നെ 3,45,000 പേരാണ് ടിക്കറ്റെടുത്ത് സന്ദർശനം നടത്തിയത്. യുഎഇ സന്ദർശിക്കാനെത്തുന്നവരുടെ ബക്കറ്റ് ലിസ്റ്റില്‍ ഏറ്റവും പ്രധാനമായി ഇടം പിടിക്കുകയാണ് എവൈഎ.
40,000 ചതുരശ്ര അടിയില്‍ 12 സോണുകളാണ് എവൈഎയില്‍ സജ്ജമാക്കിയിട്ടുളളത്. ഡിജിറ്റല്‍ ഫിസിക്കല്‍ പാർക്കുകള്‍ നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുയും ചെയ്യുന്ന ഫ്യൂച്ചർ ഫോർവേഡ് എന്‍റടൈന്‍മെന്‍റ് കമ്പനിയായ ഹൈപ്പർസ്പേസാണ് എവൈഎ നിർമ്മിച്ചിരിക്കുന്നത്. ഒറോറ, ദ സോഴ്സ് ഡ്രിഫ്റ്റ്, ഔട്ട്ലാന്‍റ്,ലൂണ,സെലസ്റ്റിയ,ദ പൂള്‍, ദ റിവർ, ദ ഫാള്‍സ്, ടൈഡ്സ്,, ഹാർമോണിയ, ഫ്ലോറ എന്നിവയാണ് 12 സോണുകള്‍.
ഒരു പാർക്കിലെത്തിയാല്‍ നമുക്കുണ്ടാകുന്ന അനുഭവങ്ങളാണ് എവൈഎ നല്‍കുക. അത് ഡിജിറ്റലായാണെന്ന് മാത്രം. വെളിച്ചമായി പൂക്കള്‍ തെളിയുന്ന പുല്ലുകള്‍, വെള്ളത്തിന്‍റെ ഒഴുക്ക് അനുഭവിച്ചറിയുന്ന ഡിജിറ്റല്‍ അരുവികള്‍, മുകളിലോട്ട് പെയ്യുന്ന വെളളത്തുളളികള്‍, വെളിച്ചവും ശബ്ദവും സംവേദിക്കുന്ന ആറ് മിനിറ്റ് നീണ്ടുനില്‍ക്കുന്ന പ്രത്യേക ഷോയെല്ലാം സന്ദർശകർക്ക് അനുഭവവേദ്യമാകും.
നിശ്ചയദാർഢ്യക്കാർക്ക് പ്രവേശനം സൗജന്യമാണ്. ഇവരുടെ കൂടെ വരുന്ന ആള്‍ക്കും സൗജന്യമായി പാർക്കില്‍ പ്രവേശിക്കാം. മൂന്ന് വയസില്‍ താഴെയുളളവർക്കും പ്രവേശനം സൗജന്യമാണ്. 99 ദിർഹമാണ് ഒരാള്‍ക്കുളള പ്രവേശന ഫീസ്.