സിറിയന്‍ പ്രതിസന്ധി പരിഹരിക്കാന്‍ വേഗത്തിലുളള പ്രായോഗിക മാർഗ്ഗങ്ങള്‍ തേടി അറബ് ലീഗ്. രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനുളള അടിയന്തര നടപടികള്‍ വേണമെന്ന് ജിദ്ദയില്‍ നടന്ന അറബ് ഉച്ചകോടി ആവശ്യപ്പപെട്ടു.
ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തെ തീവ്രവാദത്തില്‍ നിന്ന് സംരക്ഷിക്കുകയും വേണം. അഭയാർത്ഥികളായവരെ സംരക്ഷിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.സിറിയന്‍ പ്രസിഡന്‍റ് ബഷർ അല്‍ അസദിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് അറബ് ലീഗ് ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്തത്.
2011 ല്‍ നടന്ന പ്രതിഷേധക്കാർക്കെതിരായ അടിച്ചമർത്തലിനെ തുടർന്ന് രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് കടന്നിരുന്നു. ഇതേ തുടർന്ന് ബഷർ അല്‍ അസദിനെ അറബ് ലീഗില്‍ നിന്ന് മാറ്റിനിർത്തിയിരുന്നു. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം അറബ് ലീഗിലേക്ക് തിരികെയെത്തിയതില്‍ സന്തോഷമുണ്ടെന്നും പുതുയുഗത്തുടക്കമാണിതെന്നും ബഷർ അല്‍ അസദ് ഉച്ചകോടിയില്‍ പറഞ്ഞു.
സിറിയന്‍ പ്രസിഡന്‍റിന്‍റെ അറബ് ലീഗ് പ്രസംഗം ബഹിഷ്കരിച്ച് ഖത്തർ
അറബ് ലീഗിലെ സിറിയയുടെ പ്രസംഗം ബഹിഷ്കരിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. സിറിയൻ പ്രസിഡന്‍റ് ബഷർ അൽ-അസദിന്‍റെ പ്രസംഗത്തിൽ പങ്കെടുക്കാതെ ഖത്തർ അമീർ വിട്ടുനിന്നു.അറബ് ലീഗിലേക്ക് സിറിയ തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട സമയവായ ശ്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഖത്തർ നേരത്തെ അറിയിച്ചിരുന്നു.
വെളളിയാഴ്ചയാണ് ഖത്തർ അമീർ ജിദ്ദയിലെത്തിയത്. സൗദി അറേബ്യ, ജോർദാൻ, ഇറാഖ്, പലസ്തീൻ, മറ്റ് അംഗരാജ്യങ്ങൾ എന്നിവിടങ്ങളില്‍ നിന്നുളള പ്രാദേശിക നേതാക്കള്‍ക്കൊപ്പം സിറിയന്‍ പ്രസിഡന്‍റും ഉച്ചകോടിയെ അഭിസംബോധന ചെയ്തു. ആ സമയം ഖത്തർ അമീർ സമ്മേളന ഹാളില്‍ നിന്ന് പുറത്തുപോയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
സിറിയയില്‍ സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കാനുള്ള പരിഹാരം സിറിയന്‍ ജനതയെ തൃപ്തിപ്പെടുത്തുന്നതായിരിക്കണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.സിറിയന്‍ ഭരണകൂടവുമായുള്ള ബന്ധത്തില്‍ ഓരോ അറബ് രാജ്യത്തിനും അവരുടേതായ തീരുമാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2011 ല്‍ സിറയയില്‍ ആഭ്യന്തര സംഘർഷം ആരംഭിച്ചത് മുതല്‍ അസദ് ഭരണകൂടത്തിന്‍റെ കടുത്തവിമർശകരാണ് ഖത്തർ.