പ്രവാസികളുടെ വിമാനടിക്കറ്റ് നിരക്ക് വിഷയത്തില്‍ കേന്ദ്ര വ്യോമയാനമന്ത്രിയെ കാണും, ഷാഫി പറമ്പില്‍ എം പി

പ്രവാസികളുടെ വിമാനടിക്കറ്റ് നിരക്ക് വിഷയത്തില്‍ കേന്ദ്ര വ്യോമയാനമന്ത്രിയെ കാണും, ഷാഫി പറമ്പില്‍ എം പി
Published on

സീസണ്‍ സമയങ്ങളില്‍ യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് വിമാനകമ്പനികള്‍ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിഷയം, ഇന്ത്യന്‍ പാര്‍ലിമെന്‍റിലെ മുഴുവന്‍ അംഗങ്ങളും, കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചര്‍ച്ച ചെയ്ത് തുടങ്ങിയെന്ന് ഷാഫി പറമ്പില്‍ എം പി. പ്രവാസികള്‍ക്കായി പാര്‍ലിമെന്‍റില്‍ സംസാരിച്ചതിന്‍റെ തുടര്‍ച്ചയായി പ്രവാസി സംഘടനാ പ്രതിനിധികള്‍ കേന്ദ്ര വ്യോമയാനമന്ത്രിയെ കാണും. വടകര പാര്‍ലിമെന്‍റ് മണ്ഡലത്തില്‍ നിന്നും വിജയിച്ച ഷാഫി പറമ്പിലിന് ഷാര്‍ജയില്‍ നല്‍കിയ സ്വീകരണത്തിന് ,നന്ദി പറയുകയായിരുന്നു അദേഹം.

പ്രവാസികള്‍ക്ക് വേണ്ടി താന്‍ മാത്രമല്ല, മറ്റു എംപിമാരും പാര്‍ലിമെന്‍റില്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. വടകരയിലും തലശേരിയിലും എംപി ഓഫീസ് പ്രവര്‍ത്തിക്കും. പരാതികളും മറ്റും നല്‍കാന്‍ മൊബൈല്‍ ആപ്‌ളിക്കേഷന്‍ ഉടന്‍ ആരംഭിക്കും. ഇതില്‍ പ്രവാസികള്‍ക്കായി പ്രത്യേക വിന്‍ഡോ തുറക്കുമെന്നും ഷാഫി പറഞ്ഞു. ഇപ്പോഴത്തെ പാര്‍ലിമെന്‍റിലെ പ്രധാന ആകര്‍ഷണം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ്. നാല് പ്രധാന വിഷയങ്ങളില്‍ മോദി സര്‍ക്കാര്‍ യു-ടേണ്‍ എടുത്തു കഴിഞ്ഞു. ഇത് ശുഭസൂചനയാണെന്നും ഷാഫി കൂട്ടിച്ചേര്‍ച്ചു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് പേര്‍ സംബന്ധിച്ചു. അസോസിയേഷന്‍ പ്രസിഡന്‍റ് നിസാര്‍ തളങ്കര യോഗം ഉദ്ഘാടനം ചെയ്തു. കെഎംസിസി ഷാര്‍ജ കോഴിക്കോട് പ്രസിഡണ്ട് പി കെ അബ്ബാസ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍ എ പാറക്കല്‍ അബ്ദുള്ള, കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് അഡ്വ കെ പ്രവീണ്‍ കുമാര്‍, കെപിസിസി നേതാക്കളായ എന്‍ സുബ്രമണ്യന്‍, കാറ്റാനം ഷാജി, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുനില്‍ അസീസ്, ഹാഷിം മുന്നേരി, എ പി പ്രജിത്ത് എന്നിവര്‍ സംസാരിച്ചു. വിജയ് തോട്ടത്തില്‍ സ്വാഗതവും ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in