എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസുകള്‍ വർദ്ധിപ്പിക്കുന്നു

എയർ ഇന്ത്യ എക്സ്പ്രസ്  സർവ്വീസുകള്‍ വർദ്ധിപ്പിക്കുന്നു

ഗള്‍ഫ് മേഖലയിലേക്ക് ഉള്‍പ്പടെ സ‍ർവ്വീസുകളും സേവനങ്ങളും വർദ്ധിപ്പിക്കാന്‍ ഒരുങ്ങി എയർ ഇന്ത്യ എക്സ് പ്രസ്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള ശേഷിയാണ് വര്‍ധിപ്പിക്കുന്നത്. യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്‍പ്പടെയുളള സ‍ർവ്വീസുകളിലും വർദ്ധനവുണ്ടാകും. ദുബായ് പാം ജുമൈറയില്‍ നടന്ന ചടങ്ങില്‍ കമ്പനിയുടെ പുതിയ സേവനങ്ങളെകുറിച്ചും ലക്ഷ്യങ്ങളെകുറിച്ചുമുളള വിവരങ്ങളും എയ‍ർ ഇന്ത്യ അധികൃതർ പങ്കുവച്ചു. ടാറ്റാഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യ എക്സ് പ്രസ് അടുത്തിടെ എയർ ഏഷ്യയുമായുളള ലയനവും പൂർത്തിയാക്കിയിരുന്നു. പുതിയ മുഖവും ലോഗോയുമായിട്ടായിരിക്കും ഇനി സേവനമെന്നും യാത്രാക്കാരുടെ ആവശ്യങ്ങള്‍ക്ക് പ്രധാന പരിഗണനനല്‍കുമെന്നും അധികൃതർ അറിയിച്ചു. വ്യോമഗതാഗതം വലിയ തോതില്‍ വളർച്ച കൈവരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആഭ്യന്തര അന്താരാഷ്ട്ര ഗതാഗതമേഖലയില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കും. എയർ ഏഷ്യ എയർ ഇന്ത്യ എയർഇന്ത്യ എക്സ് പ്രസ് വിസ്താര എന്നീ നാല് കമ്പനികള്‍ ഒരുമിക്കുമ്പോഴുണ്ടാകുന്ന സാങ്കേതികത്വങ്ങള്‍ മറികടന്ന് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ഒരുക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നത്.

നിലവില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് 195 വിമാന സർവ്വീസുകളാണ് നടത്തുന്നത്. ദുബായിലേക്ക് 80 സർവ്വീസുകളും ഷാ‍ർജയിലേക്ക് 77 സർവ്വീസുകളും അബുദബിയിലേക്ക് 31 സർവ്വീസുകളുമാണുളളത്.. റാസല്‍ഖൈമയിലേക്ക് 5 സർവ്വീസുകളും അലൈനിലേക്ക് 2 സർവ്വീസുകളും നടത്തുന്നത്. ഇന്ത്യയില്‍ നിന്ന് ഒമാനിലേക്ക് 32 സർവ്വീസുകളും ബഹ്റൈനിലേക്ക് 14 സ‍ർവ്വീസുകളും ഖത്തറിലേക്ക് 26 സർവ്വീസുകളുമുണ്ട്.കുവൈറ്റിലേക്ക് 9 സർവ്വീസുകളം സൗദി അറേബ്യയിലേക്ക് 32 സർവ്വീസുകളുമുണ്ട്. ഗള്‍ഫ് മേഖലയില്‍ ആകെ 308 സർവ്വീസുകളാണുളളത്. അന്താരാഷ്ട്രതലത്തില്‍ ദിവസനേയുളള സർവ്വീസുകള്‍ 89 ല്‍ നിന്ന് മാർച്ച് 2024 ആകുന്നതോടെ 139 ആയി ഉയർത്തും. 14 അന്താരാഷ്ട്രലക്ഷ്യസ്ഥാനങ്ങളിലാണ് ഇപ്പോള്‍ സേവനമുളളത്. ഇത് മാർച്ചാകുമ്പോഴേക്കും 17 ആയി ഉയർത്തും.

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വിപുലപ്പെടുത്തുന്നതോടെ 1250 പൈലറ്റുമാരെയും കാബിന്‍ ക്രൂവിനേയും നിയമിക്കും. കഴിഞ്ഞ ആറുമാസത്തിനിടെ 350 പൈലറ്റുമാരെയും 550 കാബിന്‍ ക്രൂവിനേയും നിയമിച്ചിട്ടുണ്ട്. 2024 അവസാനത്തോടെ 450 പൈലറ്റുമാരെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത 15 മാസത്തിനിടെ 700 മുതല്‍ 800 വരെ കാബിന്‍ ക്രൂ ജീവനക്കാരെയും നിയമിക്കും. 2024 അവസാനത്തോടെ 100 പുതിയ വിമാനങ്ങള്‍ കൂടി ലഭിക്കും. അഞ്ച് വർഷത്തിനിടെ 175 വിമാനങ്ങളായി ഇത് ഉയർത്തും. 3 ബോയിംഗ് 737-8 ഉള്‍പ്പടെയാണിത്. യാത്രാക്കാർക്ക് വിമാനങ്ങളുടെ സമയക്രമമുള്‍പ്പടെ അറിയാനായി നവീകരിച്ച ചാറ്റ് ബോട്ടുകളുടെ സേവനം വിപുലപ്പെടുത്തും. എഫ് എ ക്യു മാത്രമല്ല, വിമാനങ്ങള്‍ സാങ്കേതിക തകരാറുകളാല്‍ റദ്ദാക്കപ്പെട്ടാല്‍ ടിക്കറ്റിന്‍റെ റീഫണ്ടോ സമയക്രമം മാറ്റുന്നത് ഉള്‍പ്പടെയുളള കാര്യങ്ങളും ചാറ്റ് ബോട്ടിലൂടെ ചെയ്യാന്‍ സാധിക്കുമെന്നും അധികൃതർ പറഞ്ഞു.2022 ജനുവരിയിലാണ് എയർ ഇന്ത്യ എക്സ് പ്രസും എയർ ഇന്ത്യയും സ്വകാര്യവല്‍ക്കരിച്ചത്. 2023 മാർച്ചില്‍ എയർ ഏഷ്യയുടെ സംയോജനവും പൂർത്തിയാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര വിപണിയിലും സർവ്വീസുകള്‍ വർദ്ധിപ്പിക്കുമെന്ന് എയർ ഇന്ത്യ വക്താക്കള്‍ വ്യക്തമാക്കി.ചടങ്ങില്‍ എയർ ഇന്ത്യ എക്സ് പ്രസ് എംഡി അലോക് സിംഗ്, ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസർ അങ്കൂര്‍ ഗാര്‍ഗ്, ഇന്‍റർനാഷണല്‍ ബിസിനസ് വിഭാഗം വൈസ് പ്രസിഡന്‍റ് താര നായിഡു, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ സിദ്ധാര്‍ഥ ബുടാലിയ എന്നിവർസംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in