രാഷ്ട്രീയത്തിന്‍റെ പേരില്‍ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ നല്‍കുന്നവരെ ഗൗനിക്കാറില്ലെന്ന് സുരേഷ് ഗോപി

രാഷ്ട്രീയത്തിന്‍റെ പേരില്‍ സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ നല്‍കുന്നവരെ ഗൗനിക്കാറില്ലെന്ന് സുരേഷ് ഗോപി

രാഷ്ട്രീയത്തിന്‍റെ പേരില്‍ താന്‍ അഭിനയിച്ച സിനിമയ്ക്കെതിരെ മനപ്പൂർവ്വമായ വിമർശനങ്ങളും മോശം പരാമർശങ്ങളും നടത്തുന്ന സംഘങ്ങളെയും സംഘാംങ്ങളെയും ഗൗനിക്കാറില്ലെന്ന് നടന്‍ സുരേഷ് ഗോപി. നവംബർ മൂന്നിന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമായ ഗരുഡന്‍ സിനിമയുടെ പ്രമോഷനോടനുബന്ധിച്ച് ദുബായില്‍ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത്തരം മോശം പരാമർശങ്ങളും വിമർശനങ്ങളുമൊക്കെ നടത്തുന്നത് കൈവിരലില്‍ എണ്ണാവുന്ന ചില സംഘങ്ങളും സംഘാംഗങ്ങളുമാണ്. അത് ഗൗനിക്കാറില്ല.സിനിമയെന്ന് പറയുന്നത് കലാസ്വാദനത്തിന് വേണ്ടി കാത്തിരിക്കുന്നവരുടെ മുന്നിലേക്കെത്തുന്ന സൃഷ്ടിയാണ്.അതില്‍ താന്‍ മാത്രമല്ല ഉളളത്. ഇഷ്ടമുളള കഥാപാത്രങ്ങള്‍ ഇഷ്ടമില്ലാത്തവർ ചെയ്താലും കഥാപാത്രങ്ങള്‍ക്ക് സെന്‍സിബിലിറ്റിയുണ്ട്. സിനിമ വിനോദവും വിജ്ഞാനവും നല്‍കുന്നതാണെങ്കില്‍ അത് അംഗീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുകയെന്നുളളതിന് ഒരു നടനെന്ന രീതിയില്‍ പരിമിതികളുണ്ട്. മമ്മൂട്ടി മാത്രമാണ് അതില്‍ നിന്നും വേറിട്ട് സഞ്ചാരം നടത്തിയിട്ടുളളത്. അത്തരത്തില്‍ ശ്രമങ്ങള്‍ നടത്താഞ്ഞിട്ടല്ല, ഗരുഡനെന്ന സിനിമയില്‍ തന്നെ, തന്നോട് കഥ പറയുമ്പോള്‍ ഫൈറ്റില്ല, എന്നാല്‍ സിനിമയില്‍ ഫൈറ്റുണ്ട്. തന്നില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നതെന്താണോ അത് നല്‍കുകെയെന്നുളളതാണ് ചെയ്യുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വ്യത്യസ്തത ഒരു താരത്തില്‍ നിന്ന് ആവശ്യപ്പെടാനാകില്ല.പക്ഷെ ലഭിക്കുന്ന കഥാപാത്രങ്ങളുടെ വ്യത്യസ്തത ഒരു താരത്തിന് അവലംബിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വിലയിരുത്തി.

ജോഷി രഞ്ജി സുരേഷ് ഗോപി സിനിമ ഒരാഗ്രഹിക്കുന്നുണ്ട്. രഞ്ജി എഴുതി സംവിധാനം ചെയ്യുന്ന താന്‍ അഭിനയിക്കുന്ന സിനിമ പണിപ്പുരയിലാണ്. ഷാജി കൈലാസ് എം കെ സാജന്‍റെ തിരക്കഥയിലൊരുക്കുന്ന സിനിമ എല്‍കെ (ലൈസന്‍സ് ടു കില്‍) എത്രയും പെട്ടെന്ന് നടക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ചിന്താമണിയുടെ തുടർച്ചയായുളള സിനിമയല്ല. ആ സിനിമയില്‍ പ്രധാനകഥാപാത്രം ചെയ്ത തിലകന്‍ ഇപ്പോഴില്ല. ഭാവനയുടെ കഥാപാത്രം ആ സിനിമയില്‍ അവസാനിച്ചതുമാണ്. ആരോഗ്യപ്രശ്നം നേരിടുന്ന നടൻ ടി.പി.മാധവന് ചിത്രത്തില്‍ അവസരം നല്‍കണമെന്ന് സംവിധായകനോടും തിരക്കഥാകൃത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ക്രൈം ത്രില്ലേഴ്സ് എപ്പോഴും ഒരു സന്ദേശം തരണമെന്നുളളത് ഒരു കോസ്മിക് നിയമമാണ്. ഈ സിനിമയിലും അത്തരത്തിലൊരു സന്ദേശമുണ്ട്. ഒന്നോ രണ്ടോ വർഷത്തിനുളളില്‍ പാർലമെന്‍റില്‍ വരാന്‍ സാധ്യതയുളള പ്രധാനപ്പെട്ട ഒരു നിയമത്തിലേക്കുളള സന്ദേശം ഈ സിനിമയിലുണ്ട്. ഒരാള്‍ എപ്പോഴാണ് കുറ്റക്കാരനാകുന്നത്. ബിനീഷ് കോടിയേരിയുടെ കാര്യമായാലും സ്വപ്ന സുരേഷിന്‍റെ കാര്യമായാലും ദിലീപിന്‍റെ കാര്യമായാലും നിലപാട് ഒന്നേയുളളൂ,കോടതി പറയട്ടെ, എങ്കിലേ വിശ്വസിക്കൂ, അതല്ലേ നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥയെന്നും അദ്ദേഹം ചോദിച്ചു. സത്യത്തെ നിഷേധിക്കരുതെന്നാണ് സിനിമ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഔട്ട്ഡേറ്റഡായി പോകരുതെന്നുളളതുകൊണ്ടുതന്നെ എപ്പോഴും അപ്ഡേറ്റായിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്ന് സിദ്ദീഖ് പറഞ്ഞു. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാന്‍ ബോധപൂർവ്വമായ ശ്രമങ്ങള്‍ നടത്താനുളള തന്നെപ്പോലുളള നടന്മാർക്ക് അവസരങ്ങളില്ല, എങ്കിലും കിട്ടുന്ന കഥാപാത്രങ്ങള്‍ മുന്‍പ് ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കാന്‍ ശ്രമിക്കാറുണ്ടെന്നും സിദ്ദീഖ് പറഞ്ഞു.ഓരോ സിനിമ വരുമ്പോഴും അത് വിജയിക്കണമെന്ന് ആഗ്രഹിക്കാറുണ്ടെന്നും സിദ്ദീഖ് പറഞ്ഞു. സുരേഷ് ഗോപിയുടെ മറ്റ് പോലീസ് കഥാപാത്രങ്ങളെപ്പോലെയല്ല, മറ്റൊരു പോലീസാണ് ഗരു‍‍ഡനിലേതെന്ന് സംവിധായകന്‍ അരുണ്‍ പറഞ്ഞു. ബിജുമേനോനും സുരേഷ് ഗോപിയും നടത്തുന്ന നീതിക്ക് വേണ്ടിയുളള പോരാട്ടമാണ് ക്രൈം ലീഗല്‍ ത്രില്ലറായ ഗരുഡനെന്നും അദ്ദേഹം വിശദീകരിച്ചു. തന്‍റെ കഥാപാത്രത്തിന് എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ഗരുഡനിലെ കഥാപാത്രത്തിലേക്ക് എത്തിയതെന്ന് അഭിരാമി പറഞ്ഞു. ഈ ടീമിന്‍റെ കൂടെ ജോലിചെയ്യാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. നടിയായ ദിവ്യപിളളയും വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in