ഉദ്ഘാടനത്തിന് ഒരുങ്ങി യുഎഇയിലെ ബാപ്സ് ഹിന്ദുമന്ദി‍ർ

ഉദ്ഘാടനത്തിന് ഒരുങ്ങി യുഎഇയിലെ ബാപ്സ് ഹിന്ദുമന്ദി‍ർ

യുഎഇയുടെ തലസ്ഥാനമായ അബുദബിയിലെ ബാപ്സ് ഹിന്ദുമന്ദിറിന്‍റെ ഉദ്ഘാടനം ഫെബ്രുവരി 14 ന് നടക്കും.മഹന്ത് സ്വാമി മഹാരാജാണ് മൈത്രാഭിഷേക ചടങ്ങ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ബാപ്സ് ഹിന്ദുമന്ദിറിന്‍റെ ഉദ്ഘാടനം നിർവ്വഹിക്കും. അബുദബി അബു മുറെയ്ഖയിലെ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.108 അടി ഉയരത്തില്‍ 410 സ്തംഭങ്ങളുള്‍പ്പടെയാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

2015 ഓഗസ്റ്റിലാണ് ക്ഷേത്രത്തിനായി യുഎഇ ഭരണകൂടം സ്ഥലം അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശന വേളയിൽ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ സമ്മാനമായാണ് സ്ഥലം ലഭിച്ചത്. 2018 ഫെബ്രുവരിയിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. രാജസ്ഥാനില്‍ നിന്നും ഇറക്കുമതി ചെയ്ത പിങ്ക് ശിലയിൽ നിർമിച്ചിരിക്കുന്ന ക്ഷേത്രത്തിന് 1000 വർഷത്തെ ആയുസ്സാണു പറയുന്നത്. 55 ഡിഗ്രി സെല്‍ഷ്യസ് വരെയുളള ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന മാർബിള്‍.

വിശാലമായ പാർക്കിങ് സ്ഥലമുള്‍പ്പടെയാണ് നിലവില്‍ ക്ഷേത്രം പണിപൂർത്തിയായിരിക്കുന്നത്. യമുനയും ഗംഗയും സരസ്വതിയും ഒരുമിച്ച് ചേരുന്ന ത്രിവേണി സംഗമമെന്ന ആശയത്തിലാണ് ക്ഷേത്രനിർമ്മാണം.ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന ഏഴ് ഗോപുരങ്ങളുണ്ട്. സ്വാമിനാരായണ്‍ അക്ഷർ പുരുഷോത്തം മഹാരാജ്, ശിവന്‍,കൃഷ്ണന്‍,രാമന്‍, അയ്യപ്പന്‍,ജഗന്നാഥ്,വെങ്കിടേശ്വര എന്നിങ്ങനെ 7 മൂർത്തികളാണ് ക്ഷേത്രത്തിലുളളത്.

കൈകള്‍കൊണ്ടുളള കൊത്തുപണികളാണ് ക്ഷേത്രത്തിന്‍റെ പ്രധാന ആകർഷണം. രാമനേയും സീതയേയും പ്രതിഷ്ഠിച്ച സ്ഥലത്ത് രാമായണത്തിലെ പ്രസക്തഭാഗങ്ങളും ശിവപാർവതി പ്രതിഷ്ഠസ്ഥലത്ത് ശിവപുരാണത്തിലെ പ്രസക്തഭാഗങ്ങളും കൊത്തിവച്ചിട്ടുണ്ട്. മഹാഭാരതവും അയ്യപ്പചരിതവും ഭഗവാന്‍ സ്വാമിനാരായണ ചരിതവും ഭഗവത്ഗീതയുമെല്ലാം കല്ലുകളില്‍ കൊത്തിവച്ചിരിക്കുന്നു. അതുമാത്രമല്ല, അറബ് ചൈനീസ് മെസപ്പോട്ടോമിയ സംസ്കാരത്തിലുള്‍പ്പടെയുളള വിശ്വാസസംഹിതകളും കാണാം.250 ഗുണപാഠകഥകള്‍ ശില്‍പങ്ങളായി സന്ദർശകർക്ക് കാണാം.

ജാതിമത അതിർവരമ്പുകള്‍ക്കപ്പുറത്തേക്ക് എല്ലാവർക്കും പ്രവേശനം അനുവദിച്ചിട്ടുളള ക്ഷേത്രത്തില്‍ സന്ദ‍ർശകകേന്ദ്രവും പ്രാർത്ഥനാഹാളും സജ്ജമാക്കിയിട്ടുണ്ട്. ക്ഷേത്ര പ്രവേശനത്തിന് മാന്യമായ വസ്ത്രധാരണമുള്‍പ്പടെയുളള നിർദ്ദേശങ്ങള്‍ പാലിക്കണം. കുട്ടികള്‍ക്കായുളള കായിക ഇടങ്ങള്‍,പഠനമേഖലകള്‍,പുസ്തകകേന്ദ്രങ്ങള്‍,ഭക്ഷണശാലകള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in