ശാസ്ത്ര ഗവേഷണ മേഖലയിൽ സഹകരണവും ജീവനക്കാർക്ക് ആരോഗ്യസേവനവും,ബുർജീൽ ഹോൾഡിംഗ്സുമായി കൈ കോർത്ത് അബുദബി പോലീസ്

ശാസ്ത്ര ഗവേഷണ മേഖലയിൽ സഹകരണവും ജീവനക്കാർക്ക് ആരോഗ്യസേവനവും,ബുർജീൽ ഹോൾഡിംഗ്സുമായി കൈ കോർത്ത് അബുദബി പോലീസ്

വൈദ്യശാസ്ത്രം, ശാസ്ത്ര ഗവേഷണം, വിദഗ്ദ പരിശീലനം എന്നീ മേഖലകളിൽ സഹകരിക്കുന്നതിനും സേനാംഗങ്ങൾക്കും ജീവനക്കാർക്കും ഉന്നത നിലവാരമുള്ള മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാനുമായി അബുദബി പോലീസ് ജനറൽ കമാൻഡും ബുർജീൽ ഹോൾഡിംഗ്സും തമ്മിൽ ധാരണയായി. അബുദബി പോലീസ് ജനറൽ കമാൻഡ് ഫിനാൻസ് ആന്‍റ് സർവീസസ് സെക്ടർ ഡയറക്ടർ മേജർ ജനറൽ ഖലീഫ മുഹമ്മദ് അൽ ഖൈലിയും ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർമാനുമായ ഡോ.ഷംഷീർ വയലിലും ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.

WAM

അനുഭവസമ്പത്തും പ്രവർത്തന പരിചയവും പങ്കിടാനും മികവുറ്റ നൂതന സമ്പ്രദായങ്ങൾ അവലോകനം ചെയ്യുന്നതിനും ശാസ്ത്ര പുരോഗതിക്ക് അനുസൃതമായി പ്രകടന നിലവാരം ഉയർത്താനുമായി വിവിധ ഏജൻസികളുമായി പങ്കാളിത്തവും സഹകരണവും ശക്തമാക്കാനുള്ള അബുദാബി പോലീസിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കരാർ.

ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച ആരോഗ്യ സേവനങ്ങൾ നൽകാൻ ബുർജീൽ ഹോൾഡിംഗ്സുമായുള്ള സഹകരണം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും മേജർ ജനറൽ ഖലീഫ മുഹമ്മദ് അൽ ഖൈലി പറഞ്ഞു. രാജ്യത്തെ പ്രധാന സുരക്ഷാ സേനകളിലൊന്നായ അബുദാബി പോലീസിലെ അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ നൽകുന്നതിലും ശാസ്ത്ര ഗവേഷണ രംഗങ്ങളിൽ കൂട്ടായി പ്രവർത്തിക്കുന്നതിലും ഏറെ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

ധാരണ പ്രകാരം അബുദാബി പോലീസ് ജനറൽ കമാൻഡിലെ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും അബുദാബി, ദുബായ്, ഷാർജ, അൽ ഐൻ എന്നിവിടങ്ങളിലെ ബുർജീൽ ഹോൾഡിംഗ്സിന് കീഴിലെ ആശുപത്രികളിൽ ചികിത്സ തേടുന്നതിന് പ്രത്യേക പ്രിവിലേജ് കാർഡ് നൽകും. യുഎഇയിലും ഒമാനിലുമായി 16 ആശുപത്രികളും 23 മെഡിക്കൽ സെന്‍ററുകളുളള ബുർജീൽ ഹോൾഡിംഗ്സ് വിദഗ്ദ ഡോക്ടർമാരുടെ സേവനങ്ങളും അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളും ഗുണഭോക്താക്കൾക്ക് ലഭ്യമാക്കും. യുഎഇ ആഭ്യന്തര മന്ത്രാലയം, വ്യാവസായിക സാങ്കേതിക മന്ത്രാലയം എന്നിവയുമായുള്ള സുപ്രധാന സഹകരണ കരാറുകൾക്ക് പിന്നാലെയാണ് അബുദാബി പോലീസ് ജനറൽ കമാൻഡുമായി ബുർജീൽ ഹോൾഡിംഗ്സ് കൈകോർക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in