കൂറ്റൻ പൂക്കളമൊരുക്കി അബുദബിയില്‍ ആരോഗ്യപ്രവർത്തകരുടെ വ്യത്യസ്ത ഓണാഘോഷം

കൂറ്റൻ പൂക്കളമൊരുക്കി അബുദബിയില്‍ ആരോഗ്യപ്രവർത്തകരുടെ വ്യത്യസ്ത ഓണാഘോഷം

മരുഭൂമിയിൽ നിന്ന് ആഗോളനഗരമായുള്ള അബുദാബിയുടെ വളർച്ച പലനിറങ്ങളുള്ള പൂവുകളിലൂടെ ഒരിക്കൽ കൂടി വിടർന്നു. രണ്ടര നൂറ്റാണ്ടുമുമ്പ് കല്ലിൽ കെട്ടിയുയർത്തിയ പൗരാണിക കൊട്ടാരമായ ഖസ്ർ അൽ ഹൊസൻ മുതൽ കാഴ്ചക്കാർക്ക് അത്ഭുതമായി വൃത്താകൃതിയിലുയർത്തിയ അൽദാർ ആസ്ഥാന നിലയവും സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ ഷെയ്ഖ് സായിദ് വലിയ പള്ളിയും വരെ. അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് നഗര വളർച്ചയുടെ നാൾവഴികൾ അടയാളപ്പെടുത്തുന്ന പൂക്കളം ഒരുങ്ങിയത്. വ്യത്യസ്തമായി ഓണമാഘോഷിക്കാൻ അബുദാബിയിലെ ആരോഗ്യപ്രവർത്തകർ ഒരുമിച്ചപ്പോഴാണ് 700 കിലോ പൂക്കൾ കൊണ്ട് നഗര ചരിത്രം പ്രമേയമാക്കിയ പൂക്കളമെന്ന ആശയം യാഥാർഥ്യമായത്.

ShibilZain

ആഗോള നഗരമെന്ന പ്രൗഢിക്ക് ഇണങ്ങും വിധം ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള അബുദാബിയിലെ താമസക്കാരായ നാനൂറിലധികം ആരോഗ്യപ്രവർത്തകർ പൂക്കളമൊരുക്കാനായി ഒത്തുചേർന്നു. ഇവരുടെ 16 മണിക്കൂർ നീണ്ട പ്രയത്ന ഫലമാണ് 250 ചതുരശ്ര മീറ്റർ വലുപ്പത്തിലുള്ള പൂക്കളം. അബുദാബി സ്‌കൈലൈൻ കാഴ്ചയുടെ ഭാഗമായ അൽ ബഹാർ ടവർ, എത്തിഹാദ് ടവർ, ക്യാപിറ്റൽ ഗേറ്റ് ബിൽഡിംഗ്, എൻബിഎഡി ആസ്ഥാനം എന്നീ കെട്ടിടങ്ങളും പൂക്കളത്തിലുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് പ്രത്യേക ഓർഡർ നൽകിയാണ് ആഘോഷത്തിനുള്ള പൂക്കൾ എത്തിച്ചത്.

പൂക്കളത്തിനു ചുറ്റും ഒരുക്കിയ പ്രത്യേക തിരുവാതിരയായിരുന്നു ആഘോഷത്തിലെ മറ്റൊരു ആകർഷണം. നാല്പത്തിനാല് ആരോഗ്യപ്രവർത്തകരാണ് തിരുവാതിരയിൽ ചുവടുവച്ചത്. വ്യത്യസ്‍തമായ ഓണാഘോഷത്തിൽ പങ്കെടുക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും അബുദാബിയുടെ നേട്ടങ്ങൾ കൂടി ആഘോഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരം പ്രമേയമായ പൂക്കളം ഒരുക്കിയതെന്നും നേതൃത്വം നൽകിയ ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

ഇന്ത്യ, നേപ്പാൾ, യുഎഇ, സൗദി, സിറിയ, ഈജിപ്റ്റ്, ഒമാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാരും ഡോക്ടർമാരും അടക്കമുള്ളവർ ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രോഗികളും കുടുംബാംഗങ്ങളും ആഘോഷങ്ങളുടെ ഭാഗമായി.

ShibilZain

Related Stories

No stories found.
logo
The Cue
www.thecue.in