പ്രണയം പറഞ്ഞ് ഷാജി അസീസിന്‍റെ 'പ്രധാനപ്രണയങ്ങളിലെ താപനില'

ഷാജി അസീസ്, പുസ്തകോത്സവ വേദിയില്‍
ഷാജി അസീസ്, പുസ്തകോത്സവ വേദിയില്‍

നീ എന്നോട്

നുണകളൊന്നും പറഞ്ഞിട്ടില്ല

എന്ന്

വിശ്വസിക്കാനാണ്

എനിക്കിഷ്ടം.

പറ‍ഞ്ഞ

നുണകള്‍

ഓരോന്നും

ഓർമ്മചെന്നായകളായി

ഒരിക്കല്‍

തിരിഞ്ഞാക്രമിക്കുമെന്ന്

നമ്മള്‍ അറിഞ്ഞില്ല ( നുണ,പ്രധാന പ്രണയങ്ങളിലെ താപനില, ഷാജി അസീസ്)

ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സ്വന്തം പുസ്തകവുമായി വരണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്ന് സംവിധായകനും എഴുത്തുകാരനുമായ ഷാജി അസീസ്. ഇതിന് മുന്‍പ് രണ്ട് തവണ പുസ്തകോത്സവത്തില്‍ വന്നിട്ടുണ്ട്. ലോകത്തിന്‍റെ പലകോണുകളില്‍ നിന്നുളളവർ പുസ്തകങ്ങളുമായി പോകുന്ന കാഴ്ച മോഹിപ്പിക്കുന്നതാണ്. സ്വന്തം പുസ്തകമെന്ന ആഗ്രഹം ഇത്തവണ സഫലമായെന്നും അദ്ദേഹം പറഞ്ഞു. ഷാജി അസീസിന്‍റെ 58 കവിതകളുടെ സമാഹാരം 'പ്രധാന പ്രണയങ്ങളിലെ താപനില' ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് പ്രകാശനം ചെയ്യും. ഇന്ദുമേനോന്‍ പുസ്തകം ഏറ്റുവാങ്ങും.ഒലീവ് ബുക്സാണ് പ്രസാധകർ.

"ഇത്തവണ നൊബേൽ പുരസ്കാരം നേടിയ ആനി എർണോ ഒരിയ്ക്കൽ പറഞ്ഞ ഒരു കാര്യമുണ്ട്.എന്‍റെ ഭൂതകാലവും ഭാവിയും തലകീഴായിട്ടാണ്, ഞാൻ കൊതിക്കുന്നത് ഭൂതകാലത്തെയാണ്, ഭാവിയെ അല്ല എന്ന്.ആ വാചകത്തോട് ചേർന്നു നിൽക്കുന്ന അർത്ഥത്തിൽ,മുൻപിലേക്ക് പോകും തോറും പിന്നിലേക്ക് നോക്കിക്കൊണ്ടേയിരിക്കുന്ന പ്രണയത്തിന്‍റെ ചില കുറിപ്പുകൾ ആണ് 'പ്രധാന പ്രണയങ്ങളിലെ താപനില' എന്ന ഈ പുസ്തകം" കവി പറയുന്നു.

നീയെന്ന

സങ്കടത്തിലേക്ക്

എന്തുമാത്രം

ആനന്ദമാർഗങ്ങളാണ്

(ആനന്ദമാർഗം, പ്രധാന പ്രണയങ്ങളിലെ താപനില)

പ്രണയത്തെ കുറിച്ചാണ് പുസ്തകത്തിലൂടെ പറയാന്‍ ശ്രമിച്ചത്. ആദ്യത്തെ പുസ്തകം പ്രണയത്തെ കുറിച്ചായത് യാദൃശ്ചികമായാണ്. സാഹിത്യത്തോടുളള ഇഷ്ടം കൊണ്ട് മലയാള സാഹിത്യം പഠിച്ചയാളാണ് താന്‍. യാത്രയെകുറിച്ചും ഓർമ്മകളെകുറിച്ചുമെല്ലാം എഴുതണമെന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാത്രയുമായി ബന്ധപ്പെട്ടെഴുതിയ കവിതയുടെ തലക്കെട്ടായിരുന്നു പ്രധാനപ്രണയങ്ങളിലെ താപനില.വിവിധ സ്ഥലങ്ങളിലേക്കുളള യാത്രകളില്‍ പ്രണയവും കൂടെ വരുന്നുവെന്നതായിരുന്നു, ആ കവിത. അത് ഈ പുസ്തകത്തിന് തലക്കെട്ടായെന്ന് മാത്രം അദ്ദേഹം പറയുന്നു.

ഒരു മഴയും

നമ്മള്‍ ഒന്നിച്ചുകൊണ്ടിട്ടില്ല

എന്നിട്ടും

മഴയുടെ

ആദ്യതുളളി വീഴുമ്പോള്‍

നീയെന്‍റെ

മനസിലേക്കോടിക്കയറുന്നു.

അനുവാദം പോലും ചോദിക്കാതെ

തിമിർത്തു പെയ്യുന്നു.

(അനുവാദം, പ്രധാനപ്രണയങ്ങളിലെ താപനില)

സമൂഹമാധ്യമങ്ങളിലെ എഴുത്ത് സ്വാധീനിക്കാറുണ്ട്. പുതിയ കാലത്തിന്‍റെ എഴുത്ത് രീതി വ്യത്യസ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ എഴുതിയ കവിതകളാണ് ഈ പുസ്തകത്തിലുളളത്. ഇന്ദ്രന്‍സ് നായകനായ സിനിമയുടെ പണിപ്പുരയിലാണെന്നും അദ്ദേഹം പറഞ്ഞു. ഷേക്സ്പിയർ എം എ മലയാളം എന്ന സിനിമയുടെ തിരക്കഥയിലും സംവിധാനത്തിലും പങ്കാളിയാണ് ഷാജി അസീസ്. വൂള്‍ഫ്, ഒരിടത്തൊരു പോസ്റ്റ്മാന്‍ എന്നീ സിനിമകളുടെയും എം 80 മൂസ എന്ന ജനപ്രിയ പരമ്പരയുടെയും സംവിധായകനുമാണ് ഷാജി അസീസ്.

Related Stories

No stories found.
logo
The Cue
www.thecue.in