കമ്പനികള്‍ക്ക് സ്വദേശിവല്ക്കരണ നടപടികള്‍ പൂർത്തിയാക്കാന്‍ ഇനി 50 ദിവസം, യുഎഇ തൊഴില്‍ മന്ത്രാലയം

കമ്പനികള്‍ക്ക് സ്വദേശിവല്ക്കരണ നടപടികള്‍ പൂർത്തിയാക്കാന്‍ ഇനി 50 ദിവസം, യുഎഇ തൊഴില്‍ മന്ത്രാലയം
@mohre.gov

തൊഴില്‍ മന്ത്രാലയം അനുശാസിക്കുന്ന രീതിയില്‍ സ്വദേശി വല്‍ക്കരണ നടപടികള്‍ പൂർത്തിയാക്കാന്‍ ഇനി 50 ദിവസം കൂടിയുണ്ടെന്ന് ഓ‍ർമ്മപ്പെടുത്തി അധികൃതർ. 2023 ജനുവരി ഒന്നോടെ 50 ലോ അതില്‍ അധികമോ തൊഴിലാളികളുളള സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണത്തിന്‍റെ 2 ശതമാനം സ്വദേശികളെ നിയമിക്കണമെന്നതാണ് നിർദ്ദേശം. തീരുമാനം നടപ്പിലാക്കാത്ത കമ്പനികള്‍ക്ക് പിഴ നല്‍കുമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ ലോകമെമ്പാടുമുളള കമ്പനികളെയും നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നത്. തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന നിയമനിർമ്മാണങ്ങൾ പാലിക്കുന്നത് ആത്യന്തികമായി സ്വകാര്യ മേഖലയിലെ കമ്പനികളുടെയും അവരുടെ ജീവനക്കാരുടെയും താൽപ്പര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്വദേശിവല്‍ക്കരണ നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് ഒരു സ്വദേശിക്ക് മാസം 6000 ദിർഹം എന്ന കണക്കില്‍ പിഴ ചുമത്തും.അതായത് വർഷത്തില്‍ ഒരു സ്വദേശിക്ക് 72,000 ദിർഹമാണ് പിഴ നല്‍കേണ്ടിവരിക. 2023 ല്‍ മാസം 6000 ദിർഹമാണ് പിഴയെങ്കില്‍ 2024 ല്‍ അത് 1000 ദിർഹം കൂടി വർദ്ധിപ്പിക്കും. 2026 ഓടെ 10,000 ദിർഹമാകും മാസം നല്‍കേണ്ട പിഴ.

2026 ഓടെ സ്വകാര്യമേഖലയില്‍ 10 ശതമാനം സ്വദേശി വല്‍ക്കരണമാണ് യുഎഇ ലക്ഷ്യമിടുന്നത്. മന്ത്രാലയം അനുശാസിക്കുന്ന രീതിയില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്ന കമ്പനികള്‍ക്ക് വിവിധ ആനുകൂല്യങ്ങളും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലെ മൊത്തം ജനസംഖ്യ 10 ദശലക്ഷമാണെങ്കില്‍ ഇതില്‍ 11 ശതമാനം മാത്രമാണ് സ്വദേശികള്‍. യുഎഇ പൗരന്മാരെ തൊഴില്‍ മേഖലയിലേക്ക് ആകർഷിക്കുകയെന്നുളളതാണ് സ്വദേശിവല്‍ക്കരണത്തിലൂടെ യുഎഇ ലക്ഷ്യമിടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in