റേഡിയോ രംഗത്തെ പുത്തന്‍ ചുവടുവയ്പ്, 360 റേഡിയോ അജ്മാനില്‍പ്രവർത്തനമാരംഭിച്ചു

റേഡിയോ രംഗത്തെ പുത്തന്‍ ചുവടുവയ്പ്,  360 റേഡിയോ അജ്മാനില്‍പ്രവർത്തനമാരംഭിച്ചു

വിദ്യാർത്ഥികൾക്കും വീട്ടമ്മമാർക്കും പ്രവാസികൾക്കും വിജ്ഞാനവും വിനോദവും പകരാൻ ലക്ഷ്യമിട്ടുള്ള പുതിയ ഓൺലൈൻ- ഡിജിറ്റൽ റേഡിയോ സ്റ്റേഷൻ -360 റേഡിയോക്ക് തുടക്കമായി. അജ്മാനിലെ 360 റേഡിയോ നിലയത്തിൽ നടന്ന ചടങ്ങിൽ അറബ് ടെലിവിഷൻ-റേഡിയോ രംഗത്തെ പ്രമുഖനായ അബു റാഷിദാണ് സ്റ്റേഷന്‍റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചത്. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് വിഭാവനം ചെയ്തതുപോലെ, യു എ ഇ എല്ലാവരെയും ഉൾക്കൊള്ളുന്ന, സംസ്കാരം പിന്തുടരുന്ന രാജ്യമാണ്. അതിനാൽ വിവിധ ഭാഷകളും സംസ്കാരവുമുൾക്കൊള്ളുന്ന പരിപാടികളുമായി മുന്നോട്ട് പോകാൻ 360 റേഡിയോക്ക് കഴിയട്ടെയെന്ന് അബു റാഷിദ് ആശംസിച്ചു.

സാധാരണ റേഡിയോകളിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ്, മലയാളം എന്നീ രണ്ടു ഭാഷകളിൽ ഒരേപോലെ സ്റ്റേഷൻ പ്രവർത്തിക്കും. ഹിന്ദി, തമിഴ്, ബംഗാളി തുടങ്ങി വിവിധ ഇന്ത്യൻ, ദക്ഷിണേഷ്യൻ ഭാഷകളിലുള്ള പരിപാടികളും വിവിധ സന്ദർഭങ്ങളിൽ പ്രക്ഷേപണം ചെയ്യും. "കേൾക്കുന്നത് നന്മയാണ്" എന്നുളളതാണ് 360 റേഡിയോയുടെ ആപ്തവാക്യം. പോറ്റുന്ന നാടിനെ കൂടുതൽ അറിയാനും അതെ സമയം പിറന്ന നാടിന്‍റെ ഭാഷയെയും സംസ്കാരത്തെയും ഓർക്കുവാനും ഉള്ള വേദിയൊരുക്കുകയുമാണ് ദൗത്യമെന്ന് അജ്‌മാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വൈസ് ചെയർമാനും റേഡിയോ 360 ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ സഖർ അൽ നുഐമി പറഞ്ഞു.

യു എ ഇ യിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിദ്യാഭ്യാസവിചക്ഷണരുടെയും പ്രഭാഷണങ്ങൾക്കും ശില്പശാലകൾക്കും സംഭാഷണങ്ങൾക്കും 360 റേഡിയോ വേദിയാകും. കുടുംബങ്ങൾക്ക് ഒരുമിച്ചിരുന്നു കേൾക്കാനുള്ള പരിപാടികൾക്ക് പുറമെ ഇമാറാത്തി സംസ്കാരത്തെയും ചരിത്രത്തെയും പ്രവാസത്തിന്‍റെ ആദ്യകാലത്തെ കഥകളെയും ജീവിതങ്ങളെയും റേഡിയോ പരിചയപ്പെടുത്തും. കലാ-സാംസ്കാരിക-കച്ചവട- കാരുണ്യമേഖലകളിൽ നിന്നുള്ള പ്രവാസികളുമായുള്ള മുഖാമുഖങ്ങളുമൊരുക്കും. ഇതിനു പുറമെ ഗാനങ്ങളും വിനോദപരിപാടികളും വാർത്തകളും ഈ ഓൺലൈൻ റേഡിയോയിൽ സംപ്രേക്ഷണം ചെയ്യും.

"എല്ലാ കേൾവിക്കാരിലും പഠനമാഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിയും എല്ലാ വിദ്യാർത്ഥികളിലും വിനോദമാഗ്രഹിക്കുന്ന കേൾവിക്കാരും ഉണ്ട് എന്ന് പറയാറുണ്ട്. ഈ ഒരു വശത്തെ സംബോധന ചെയ്യാനാണ് പുതിയ സ്റ്റേഷൻ ശ്രമിക്കുന്നതെന്ന് 360 റേഡിയോ പ്രോഗ്രാം ഡയറക്ടർ ബിഞ്ചു കൊച്ചുണ്ണി പറഞ്ഞു. ഓൺലൈൻ റേഡിയോ രംഗത്ത് ഗൾഫിൽ തന്നെ ഇത്തരത്തിലുള്ള ആദ്യ കാൽവയ്പ്പാണ് 360 റേഡിയോ. സ്ഥലത്തിന്‍റെയോ ഫ്രീക്വൻസി പരിമിധികളോ ഇല്ലാതെ, മൊബൈൽ ഫോണുകളിലൂടെയും മറ്റും കേൾവിക്കാരന്‍റെ സൗകര്യത്തിനനുസരിച്ച് കേൾക്കാനും റെക്കോർഡ് ചെയ്യാനും ഡിജിറ്റൽ ലോകത്തെ പുത്തൻ ട്രൻഡുകളും സൗകര്യങ്ങളും 360 റേഡിയോയിലൂടെ അനുഭവിക്കാനുമാകും .www.360.radio എന്നതാണ് വെബ്സൈറ്റ് .360radiouae എന്ന ആപ് വഴി മൊബൈൽ ഫോണുകളിലൂടെയും റേഡിയോ കേള്‍ക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in