ദുബായില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വർദ്ധനവ്

ദുബായില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വർദ്ധനവ്

ദുബായില്‍ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വർദ്ധനവ്. 2023 ആദ്യപകുതിയില്‍ ദുബായ് മെട്രോ ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 337 ദശലക്ഷം കടന്നു. 2022 ന്‍റെ ആദ്യ പകുതിയിൽ ഇത് 304.6 ദശലക്ഷമായിരുന്നു.

പതിവുപോലെ ഇത്തവണയും ദുബായ് മെട്രോയിലാണ് ഏറ്റവും അധികം പേർ യാത്ര ചെയ്തത്. പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് യാത്രചെയ്തവരില്‍ 36.5 ശതമാനം പേരും മെട്രോയിലാണ് യാത്ര ചെയ്തത്. ദുബായ് ടാക്സിയില്‍ 29 ശതമാനം പേരും പൊതുബസുകളില്‍ 24.5 പേരും യാത്ര ചെയ്തു. 2022 നെ അപേക്ഷിച്ച് പൊതു ഗതാഗത സംവിധാനമുപയോഗിച്ച് യാത്ര ചെയ്തവരുടെ എണ്ണത്തില്‍ 11 ശതമാനമാണ് വർദ്ധനവ്.

ദുബായ് മെട്രോയുടെ ഗ്രീന്‍ -റെഡ് ലൈനുകളിലൂടെ 123.4 ദശലക്ഷം പേർ യാത്ര ചെയ്തു. ബുർജുമാന്‍ മെട്രോ സ്റ്റേഷനിലൂടെ 7.25 ദശലക്ഷം പേർ യാത്ര ചെയ്തപ്പോള്‍ യൂണിയന്‍ സ്റ്റേഷനിലൂടെ 5.6 ദശലക്ഷം പേർ യാത്ര ചെയ്തു. റെഡ് ലൈനിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷന്‍ അല്‍ റിഗ്ഗയാണ്. 5.4 യാത്രക്കാരാണ് അല്‍ റിഗ്ഗയിലൂടെ യാത്ര ചെയ്തത്. ഗ്രീന്‍ ലൈനില്‍ ഷറഫ് ഡിജി സ്റ്റേഷനിലൂടെ 4.4 ദശലക്ഷം പേർ യാത്ര ചെയ്തു.ബനിയാസ് സ്റ്റേഷനിലൂടെ 3 ദശലക്ഷം പേരാണ് യാത്ര ചെയ്തത്.

2023 ന്‍റെ ആദ്യ പകുതിയിൽ, ദുബായ് ട്രാമിലൂടെ 4.2 ദശലക്ഷം പേർ യാത്ര ചെയ്തു. പൊതു ബസുകളിലൂടെ 83 ദശലക്ഷം പേരും സമുദ്ര ഗതാഗത മാർഗങ്ങളിലൂടെ (അബ്രാസ്, വാട്ടർ ബസ്, വാട്ടർ ടാക്സി, ഫെറി) 9.1 ദശലക്ഷം പേരും യാത്ര ചെയ്തു. ദുബായ് ടാക്സിയിലൂടെ 96.2 ദശലക്ഷം പേർ യാത്ര ചെയ്തു.

സംയോജിത ഗതാഗത സംവിധാനങ്ങളാണ് എമിറേറ്റിലെ പൊതുഗതാഗതം സുഗമമാക്കുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറല്‍ മാത്തർ അല്‍ തായർ പറഞ്ഞു. കാല്‍നടയാത്രക്കാരെയും സൈക്കിള്‍ യാത്രക്കാരെയും പരിഗണിച്ചാണ് ഓരോ വികസന പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതെന്നുളളതും ഗതാഗതനവീകരണ പ്രവർത്തനങ്ങളുടെ സൂക്ഷ്മത വ്യക്തമാക്കുന്നു. സാമ്പത്തികമേഖലയുടെ ഉണർവ്വാണ് യാത്രാക്കാരുടെ വർദ്ധനവിലും പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി.

Related Stories

No stories found.
logo
The Cue
www.thecue.in