കുട്ടികളുടെ വായനോത്സവം, പ്രമുഖഎഴുത്തുകാരെത്തും

കുട്ടികളുടെ വായനോത്സവം, പ്രമുഖഎഴുത്തുകാരെത്തും

ഷാ‍ർജയിലെ കുട്ടികളുടെ വായനോത്സവത്തില്‍ 25 പ്രമുഖ എഴുത്തുകാരുടെ സാന്നിദ്ധ്യമുണ്ടാകുമെന്ന് ഷാർജ ബുക്ക് അതോറിറ്റി. കുട്ടികള്‍ക്ക് ഏറെ സുപരിചിതമായ മിനിയന്‍സ് പോലുളള സിനിമകളുടെ സഹ സംവിധായകന്‍ കെയ്ൽ ബാൽഡയാണ് എത്തുന്നവരില്‍ പ്രമുഖന്‍. ഡെസ്പിക്കബിള്‍ മി, ജുമാന്‍ജി എന്നിവയുടെ ആനിമേഷന്‍ ചെയ്ത അമേരിക്കന്‍ ആനിമേറ്ററും ചലചിത്ര സംവിധായകനുമാണ് കെയ്ല്‍ ബാല്‍ഡ.

ഓസ്ട്രേലിയന്‍ എഴുത്തുകാരനായ കെന്‍ സ്പില്‍ മാന്‍, സെബാസ്റ്റ്യന്‍ ഡിസൂസ, കർട്ടിസ് ജോബ്ലിംഗ് എന്നിവരും വായനോത്സവത്തില്‍ സജീവ സാന്നിദ്ധ്യമാകും.ലിറ്റിൽ ലീഡേഴ്‌സ്, ലിറ്റിൽ ഡ്രീമേഴ്‌സ്, ലിറ്റിൽ ലെജൻഡ്‌സ് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവായ വഷ്തി ഹാരിസണും, ക്ലയർ ലെഗ്രാന്‍ഡും,ചിത്ര പുസ്തകങ്ങളിലൂടെ കുട്ടികള്‍ക്ക് പരിചിതനായ കോബി യമദയും വായനോത്സവത്തിനെത്തും. ഇവരെ കൂടാതെ അലീഷ്യ ഡി വില്ല്യംസ്, നാനെറ്റ് ഹെഫെർനാൻ എന്നിവരും കുട്ടികളെ രസിപ്പിക്കാനായി എത്തും.

മെയ് 11 മുതല്‍ 22 വരെയാണ് ഷാർജയില്‍ കുട്ടികളുടെ വായനോത്സവം നടക്കുന്നത്. 13 മത് എഡിഷനാണ് ഇത്തവണത്തേത്. റോബോട്ട് സൂ ഉള്‍പ്പടെയുളള പ്രത്യേകതകളുമായാണ് വായനോത്സവം ഒരുങ്ങുന്നത്. പതിവുപോലെ എക്സ്പോ സെന്‍ററിലാണ് വായനോത്സവം നടക്കുക.