22 ഭിന്ന ശേഷി പ്രതിഭകളുടെ ദുബായ് കാണാനുള്ള സ്വപ്നം സാക്ഷാത്കരിക്കാന്‍ 'സ്‌നേഹ വിളക്ക്' കൂട്ടായ്മ

22 ഭിന്ന ശേഷി പ്രതിഭകളുടെ ദുബായ് കാണാനുള്ള സ്വപ്നം സാക്ഷാത്കരിക്കാന്‍
'സ്‌നേഹ വിളക്ക്'  കൂട്ടായ്മ

മലപ്പുറം മക്കരപറമ്പ് 'വിളക്ക്' സ്‌പെഷ്യല്‍ സ്‌കൂളിലെ 22 ഭിന്നശേഷി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം 50 പേര്‍ ജനുവരി 25 മുതല്‍ 29 വരെ ദുബായും അബുദബിയുമടക്കം യുഎഇയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ദുബായ് സന്ദർശിക്കുകയെന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ മനുഷ്യ സ്‌നേഹികളായ ഏതാനും പേര്‍ രംഗത്ത് വന്നതോടെയാണ് അതിന് വഴിയൊരുങ്ങിയിരിക്കുന്നത്.കുട്ടികളുടെ ആരോഗ്യവസ്ഥ നിരീക്ഷിക്കാനും ഏതെങ്കിലും ഘട്ടത്തില്‍ ആവശ്യമായി വന്നാല്‍ ചികിത്സ നല്‍കാനും മെഡിക്കല്‍ സംഘവും യുഎഇയില്‍ ഇവരുടെ കൂടെയുണ്ടാകും.

കുറെ നാളുകളായി ഈ വിദ്യാർത്ഥി പ്രതിഭകൾ തങ്ങളുടെ ദുബായ് യാത്ര സ്വപ്നം കണ്ടിരിക്കുകയാണെന്നറിഞ്ഞതോടെ, വ്യവസായികളും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരുമായ ഏതാനും പേര്‍ ചേര്‍ന്ന് ഇവരുടെ ഈ സ്വപ്ന യാത്രക്ക് വേണ്ടി മാത്രം 'സ്‌നേഹ വിളക്ക്' എന്ന കൂട്ടായ്മ രൂപീകരിച്ച് ഇതിനായി വഴി തുറന്നിരിക്കുകയാണ്. 22 ഭിന്ന ശേഷി കുട്ടികളും അസ്ഥി പൊടിഞ്ഞു പോകുന്ന രോഗാവസ്ഥയുള്ള സലീന സുറുമി എന്ന എഴുത്തുകാരിയും ഇവരുടെ സംഘത്തിലുണ്ട്.

ജനുവരി 25ന് രാവിലെ ഷാർജ വിമാനത്താവളത്തില്‍ 'സ്‌നേഹ വിളക്ക് കൂട്ടായ്മ പ്രതിനിധികൾ ചേര്‍ന്ന് ഈ വിദ്യാർത്ഥികൾക്ക് ഊഷ്മള സ്വീകരണം നല്‍കും. അന്നേ ദിവസം ധോ ക്രൂസ് ട്രിപ്. 26ന് ഇംഗ്ലീഷ് ഗൈഡിനൊപ്പം ദുബായ് സിറ്റി ടൂറും, ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍ സന്ദര്‍ശനവും, 27ന് അബുദാബി സിറ്റി ടൂറും ദുബായ് ബുര്‍ജ് ഖലീഫ, ബുർജ് അൽ അറബ് സന്ദ‍ർശനവുമാണ് സജ്ജീകരിച്ചിട്ടുളളത്. 28ന് രാത്രി 7 മണി മുതല്‍ 10 വരെ ദുബായ് ക്രസന്‍റ് സ്‌കൂളില്‍ ഒരുക്കുന്ന മെഗാ സ്‌റ്റേജ് ഷോയില്‍ ഈ പ്രതിഭകളുടെ കലാ പ്രകടനങ്ങള്‍ അരങ്ങേറും. 29ന് ഇവര്‍ക്ക് യാത്രയയപ്പ് നല്‍കും.

ഇത്തരമൊരു കാരുണ്യ പ്രവര്‍ത്തനം നടത്താനാകുന്നതില്‍ തങ്ങള്‍ക്കേറെ സംതൃപ്തിയും സന്തോഷവുമുണ്ടെന്ന് 'സ്‌നേഹ വിളക്ക്' ദുബായ് കൂട്ടായ്മ പ്രതിനിധികളായ കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദും ഫസ്റ്റ് ഫാസ്റ്റ് ചെയര്‍മാൻ ഹാഷിം തങ്ങള്‍ നാദാപുരം, സാമൂഹിക പ്രവർത്തകരായ റിയാസ്‌ പപ്പൻ, മുന്ദിർ കൽപകഞ്ചേരി എന്നിവർ ദുബായിൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സ്‌നേഹ വിളക്ക് കൂട്ടായ്മയിലെ മറ്റംഗങ്ങളായ യാസർ കൊട്ടാരം, കൂഖ് അൽ ഷായ് എംഡി ഇസ്മായിൽ എളമടത്തിൽ, മിഡിൽ ഈസ്റ്റ് ടൂർസ് ഡയറക്ടർ ഡോ. ഷമീൽ ബിൻ ജമീൽ, അസാൻ ഗോൾഡ് & ഡയമൊൻഡ്‌സ് എംഡി സജാദ് സി.എച്ച്, വി.എ റഹീം നാദാപുരം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in