ഷാർജ പുസ്തകോത്സവത്തിന് എത്തിയത് 21 ലക്ഷത്തിലധികം
സന്ദർശകർ

ഷാർജ പുസ്തകോത്സവത്തിന് എത്തിയത് 21 ലക്ഷത്തിലധികം സന്ദർശകർ

ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയെന്ന സ്ഥാനം ഉറപ്പിച്ചുകൊണ്ട് 41 മത് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് എത്തിയത് 21 ലക്ഷം സന്ദർശകർ. 112 രാജ്യങ്ങളില്‍ നിന്നായി 2170000 ലധികം സന്ദർശകരാണ് 12 ദിവസം നീണ്ടു നിന്ന പുസ്തകോത്സവത്തില്‍ സംബന്ധിച്ചത്.വാക്കുകള്‍ പ്രചരിക്കട്ടെയെന്ന ആപ്തവാക്യത്തിലൂന്നിയായിരുന്നു ഇത്തവണത്തെ പുസ്തകോത്സവം.

പുസ്തകോത്സവത്തിന് എത്തിയത് വെറും സന്ദർശകരല്ല, ഷാ‍ർജ ബുക്ക് അതോറിറ്റിയുടെ സന്ദേശവും ദർശനവും ലോകത്തെത്തിക്കുന്ന അംബാസിഡർമാരാണെന്ന് എസ് ബി എ ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു. രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേള എന്ന അംഗീകാരം സന്തോഷം നല്‍കുന്നതാണ്. വായനയുടേയും സംസ്കാരത്തിന്‍റെയുമെല്ലാം പ്രധാന്യം ഓർമ്മപ്പെടുത്തുന്നതാണ് ഓരോ പുസ്തകോത്സവവുമെന്നും അദ്ദേഹം പറഞ്ഞു.

എസ് ബി എ ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി,എസ്ഐബിഎഫ് ജനറല്‍ കോർഡിനേറ്റർ കൗല അല്‍ മുജൈനി
എസ് ബി എ ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി,എസ്ഐബിഎഫ് ജനറല്‍ കോർഡിനേറ്റർ കൗല അല്‍ മുജൈനി

അതിഥിവൈവിധ്യമാണ് പുസ്തകമേളയുടെ ഏറ്റവും വലിയ ആകർഷണമെന്ന് എസ്ഐബിഎഫ് ജനറല്‍ കോർഡിനേറ്റർ കൗല അല്‍ മുജൈനി പറഞ്ഞു. രാജ്യമോ ഭാഷയോ പ്രായമോ ഘടകമാകാതെ ഒഴുകിയെത്തിയ ജനങ്ങള്‍ പുസ്തകോത്സവത്തിന്‍റെ പ്രധാന്യം ഉറപ്പിക്കുന്നുവെന്നും അവർ പറഞ്ഞു.

ഇത്തവണ മേളയ്ക്കെത്തിയവരില്‍ 54.2 ശതമാനം പുരുഷന്മാരും 45.8 ശതമാനം സ്ത്രീകളുമാണ്. സന്ദർശകരില്‍ 40.8 ശതമാനം പേർ 16 നും 25 നും ഇടയില്‍ പ്രായമുളളവരും 35.1 ശതമാനം പേർ 25 നും 45 നും ഇടയില്‍ പ്രായമുളളവരുമാണ്. പുതിയ തലമുറയെ പുസ്തകങ്ങളോട് കൂട്ടുകൂടാന്‍ പ്രേരിപ്പിക്കുന്നതില്‍ പ്രധാനമാണ് പുസ്തകോത്സവം.ഷാ‍ർജ ബുക്ക് അതോറിറ്റിയാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഇറ്റലിയായിരുന്നു ഇത്തവണത്തെ അതിഥി രാജ്യം.

സംഗീതം, നാടകം, കല, കവിതാ സായാഹ്നങ്ങള്‍ ഉള്‍പ്പടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഇത്തവണയും പുസ്തകോത്സവത്തിന്‍റെ ഭാഗമായി നടന്നത്. ഫുട്ബോള്‍ ഇതിഹാസം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, നടന്‍ ഷാരൂഖാന്‍, ഈജിപ്ഷ്യന്‍ നടന്‍ കരീം അബ്ദുള്‍ അസീസ്, സൗദി സംഗീതജ്ഞന്‍ അബാദി അല്‍ ജോഹർ തുടങ്ങിയവരെല്ലാം അതിഥികളായി എത്തി. സുഡാനീസ് ചരിത്രകാരനായ യൂസഫ് ഫദൽ ഹസൻ ഇത്തവണത്തെ സാംസ്കാരിക വ്യക്തിത്വമായി. ബുക്കർ സമ്മാന ജേതാവ് ഗീതാജ്ഞലി ശ്രീ, അൾജീരിയൻ നോവലിസ്റ്റ് വാസിനി ലാറെഡ്ജ്,, ഈജിപ്ഷ്യൻ എഴുത്തുകാരൻ അഹ്മദ് മൗറാദ്,എഴുത്തുകാരൻ സുൽത്താൻ അൽ അമിമി തുടങ്ങിയവരും മേളയ്ക്കെത്തി.

മലയാളത്തില്‍ നിന്ന് ജയസൂര്യയും പ്രജേഷ് സെന്നും സുനില്‍ പി ഇളയിടവും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും സിവി ബാലകൃഷ്ണനുമുള്‍പ്പടെയുളള പ്രമുഖരെത്തി. 350 ലധികം പുസ്തകങ്ങളും ഇത്തവണ പ്രകാശനം ചെയ്തു. 200 ഓളം സാംസ്കാരിക പ്രവർത്തനങ്ങളും പ്രമുഖ വിഷയങ്ങളെ കുറിച്ചുളള സംവാദങ്ങളും നടന്നു. എമിറേറ്റിലെ ലൈബ്രറികൾക്ക് പ്രാദേശിക, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ പുസ്തകങ്ങള്‍ വാങ്ങുന്നതിന് 4.5 ദശലക്ഷം ദിർഹം അനുവദിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദ്ദേശിച്ചിരുന്നു. മലയാളത്തില്‍ നിന്നുള്‍പ്പടെ 2213 പ്രസാധക സ്ഥാപനങ്ങളാണ് മേളയില്‍ സാന്നിദ്ധ്യം അറിയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in