എസ്‌കലേറ 2025ന് സമാപനം; സ്ത്രീ സംരംഭകര്‍ക്കായി വിപുലമായ പ്രദര്‍ശന-വിപണന മേള ഡിസംബറില്‍

എസ്‌കലേറ 2025ന് സമാപനം; സ്ത്രീ സംരംഭകര്‍ക്കായി വിപുലമായ പ്രദര്‍ശന-വിപണന മേള ഡിസംബറില്‍
Published on

വനിതാ സംരംഭകര്‍ക്കായി സംഘടിപ്പിച്ച പ്രദര്‍ശന വിപണന മേള എസ്‌കലേറ 2025 തിങ്കളാഴ്ച സമാപിക്കുന്നു. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന രണ്ടാമത്തെ മേളയാണ് എസ്‌കലേറ 2025. വിവിധ ജില്ലകളില്‍ നിന്നുള്ള 70 ഓളം സ്ത്രീ സംരംഭകര്‍ മേളയുടെ ഭാഗമായി. മേളയുടെ ഭാഗമായ സംരംഭകര്‍ക്ക് വര്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുകയും വില്‍പ്പനയിലൂടെ വരുമാനം ലഭിക്കുകയും ചെയ്തുവെന്നും മേള വന്‍വിജയമാണെന്നും വനിതാ വികസന കോര്‍പറേഷന്‍ അറിയിച്ചു. സ്ത്രീ സംരംഭകര്‍ക്കായി ഡിസംബറില്‍ വിപുലമായ മേള സംഘടിപ്പിക്കുമെന്നും കോര്‍പറേഷന്‍ വ്യക്തമാക്കി.

തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ ആര്‍ഡിആര്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് ഏഴ് ദിവസം നീണ്ട മേള നടന്നത്. ശാക്തീകരണത്തിലേക്ക്, ആനന്ദത്തിലേക്ക്, പാതി ആകാശത്തിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എസ്‌കലേറ 2025 സംഘടിപ്പിച്ചത്. ആരോഗ്യം ആനന്ദം - അകറ്റാം അര്‍ബുദം എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തി വരുന്ന കാന്‍സര്‍ രോഗ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി സൗജന്യ ക്യാന്‍സര്‍ പരിശോധനയും മേളയില്‍ നടന്നു. 2023 ലാണ് സംസ്ഥാനത്ത് ആദ്യമായി എസ്‌കലേറ മേള സംഘടിപ്പിച്ചത്. കോഴിക്കോട് കടപ്പുറത്ത് നടത്തിയ മേള വന്‍ വിജയമായതിന് പിന്നാലെയാണ് ഇത്തവണ തിരുവനന്തപുരത്ത് മേള നടത്താന്‍ തീരുമാനിച്ചത്.

തിങ്കളാഴ്ച രാവിലെ 10 മുതല്‍ യുവ വനിതാ സംരംഭകരുടെ -നവാംഗന 2025 - മത്സരം നടക്കും. ഉച്ചയ്ക്ക് രണ്ടര മുതല്‍ വനിതാ സംരംഭകരും സാങ്കേതിക വിദ്യയും എന്ന വിഷയത്തില്‍ ടെക്‌നിക്കല്‍ സെഷന്‍ നടക്കും. വയനാട് സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൊന്ന്യൂ ഐടി കമ്പനിയുടെ സിഇഒ അലന്‍ റിന്‍ടോളാണ് ഈ വിഷയത്തില്‍ ക്ലാസെടുക്കുന്നത്. ഇതിന് ശേഷം വൈകിട്ട് അഞ്ചര മുതല്‍ ഗവണ്‍മെന്റ് ആര്‍ട്സ് കോളേജിലെയും ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങിലെയും വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. തുടര്‍ന്ന് ഏഴ് മണി മുതല്‍ യുവഗായകരുടെ മ്യൂസിക് ബാന്റ് സായി കൃഷ്ണ ലൈവിന്റെ സംഗീത പരിപാടിയും നടക്കും.

Related Stories

No stories found.
logo
The Cue
www.thecue.in