ജീവിത പ്രശ്നങ്ങൾ രാഷ്ട്രീയ പ്രമേയമാകുമ്പോൾ ഉയരുന്ന പ്രതിരോധത്തിന്റെ ചങ്ങലകൾ

ജീവിത പ്രശ്നങ്ങൾ രാഷ്ട്രീയ പ്രമേയമാകുമ്പോൾ ഉയരുന്ന പ്രതിരോധത്തിന്റെ ചങ്ങലകൾ
Summary

"ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന" എന്ന മുദ്രവാക്യമുയർത്തി, റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്ര നിയമന നിരോധനത്തിനു, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ , രാമക്ഷേത്ര ഉദ്‌ഘാടനത്തിന്റെ രണ്ടു ദിവസം ജനുവരി 20 നു കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങല ഉന്നയിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സുബിൻ ലാൽ കെയും., ദീപക് പച്ചയും എഴുതുന്നു

ഇന്ന് രാജ്യം മുഴുവൻ സജീവമായി ചർച്ച ചെയ്യുന്ന വിഷയം 1992 ൽ സംഘപരിവാർ നേതൃത്വത്തിൽ ബാബറി പള്ളി പൊളിച്ചു നീക്കിയ അയോദ്ധ്യയിൽ നിർമ്മിച്ച രാമക്ഷേത്രം  ജനുവരി 22 നു ഉദ്‌ഘാടനം ചെയ്യുന്നു എന്നതാണല്ലോ. ലോക സഭ തിരഞ്ഞെടുപ്പ് ആസന്നമായ സന്ദർഭത്തിൽ മുഖ്യധാരാ രാഷ്ട്രീയത്തിലെ ആഖ്യാനങ്ങളെല്ലാം മതവിശ്വാസത്തെയും വർഗീയതയെയും  ചുറ്റിപറ്റിയാകണം എന്ന നിർബന്ധമാണ് ധൃതിപിടിച്ചുള്ള ഈ ഉദ്ഘാടനത്തിനുള്ള കാരണമെന്ന് ഏതാണ്ട് എല്ലാവർക്കുമറിയാം.  മറിച്ചു ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് ചർച്ച വിഷയമായാൽ നരേന്ദ്രമോദിക്കും കൂട്ടർക്കും ജയം ഒട്ടുമേ എളുപ്പമാകില്ല എന്നതാണ് വാസ്തവം. ജനങ്ങളുടെ ശരിയായ പ്രതിരോധത്തെ മതത്തിന്റെ-വിശ്വാസത്തിന്റെ രാഷ്ട്രീയ പ്രയോഗം കൊണ്ട് ദുർബ്ബലപ്പെടുത്തുക എന്ന ഈ തന്ത്രം പുതിയതൊന്നുമല്ല. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ പ്രയോഗിച്ചു തുടക്കത്തിലെങ്കിലും  വിജയിച്ച വിദ്യയാണത്. പലസ്തീൻ-ഇസ്രായേൽ വിഷയത്തിൽ അമേരിക്കൻ സാമ്രാജ്യത്വം കാലങ്ങളായി പ്രയോഗിക്കുന്നതും ഇതേ തന്ത്രമാണ്.

ഒരു സമൂഹത്തിന്റെ ക്ഷേമം ആഗ്രഹിക്കുന്ന ഉത്പതിഷ്ണുക്കളായവർ ഈ മതരാഷ്ട്രീയത്തെ എങ്ങനെയാണു ചെറുക്കേണ്ടത് എന്നതിനുള്ള ഉത്തരമാണ് രണ്ട്  വർഷം  മുൻപ് കർഷക സമരത്തിലൂടെ ഇന്ത്യയിലെ സാധാരണക്കാരായ കർഷകകരും  തൊഴിലാളികളും നമുക്ക് കാട്ടി തന്നത്. ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യരുടെ നിത്യജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉയർത്തി അതൊരു രാഷ്ട്രീയ ശക്തിയാക്കി വികസിപ്പിച്ചാൽ മാത്രമേ പള്ളിപൊളിച്ചു പണിയുന്ന "രാമക്ഷേത്ര" ത്തിലൂടെ സംഘപരിവാർ ഉയർത്തുന്ന മതരാഷ്ട്രവാദത്തിന്റെ രാഷ്ട്രീയത്തെ നമുക്ക് തോൽപിക്കാൻ കഴിയൂ.

ഈയൊരു പശ്ചാത്തലത്തിലാണ് "ഇനിയും സഹിക്കണോ  ഈ കേന്ദ്ര അവഗണന " എന്ന മുദ്രവാക്യമുയർത്തി,  റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്ര നിയമന നിരോധനത്തിനു, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ , രാമക്ഷേത്ര ഉദ്‌ഘാടനത്തിന്റെ രണ്ടു ദിവസം ജനുവരി 20 നു കാസർകോഡ്  മുതൽ തിരുവനന്തപുരം വരെ തീർക്കുന്ന മനുഷ്യ ചങ്ങല കേരളാതിർത്തിക്കും പുറത്തു രാഷ്ട്രീയ പ്രസക്തി ഉള്ള ഒന്നാകുന്നത് എന്ന്  ഈ ലേഖകർ കരുതുന്നു. രാമക്ഷേത്ര ഉദ്ഘാടനത്തിന് രാഷ്ട്രീയ ലക്‌ഷ്യം വച്ച് പ്രമുഖരെ  സംഘപരിവാർ ക്ഷണിക്കുന്നത് വലിയ വാർത്തയാകുമ്പോൾ ജനകീയ പ്രശ്നങ്ങൾ ഉയർത്തിയുള്ള മനുഷ്യചങ്ങലയ്ക്ക് പ്രമുഖർ ഐക്യദാർഢ്യം അറിയിക്കുന്ന വാർത്ത മുങ്ങിപോകുന്നതും വേറൊരു രാഷ്ട്രീയം. അതുകൊണ്ട് തന്നെ ഈ മനുഷ്യചങ്ങല ഉയർത്തുന്ന ഏറ്റവും സുപ്രധാനമായ പ്രശ്നങ്ങളെ  വിശദീകരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

ഇങ്ങനെ മതിയോ നമ്മുടെ തീവണ്ടി യാത്ര ?

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഏതാണ്ട് എല്ലാ മേഖലകളും കൂടിയ തോതിൽ നഗരവൽക്കരിക്കക്കപ്പെട്ട പ്രദേശമാണ് കേരളം. അതുകൊണ്ട് തന്നെ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള വികസനത്തിന് സുപ്രധാനയമായ ഒരു പങ്ക് മെച്ചപ്പെട്ട റെയിൽവേ യാത്ര സംവിധാനത്തിന് വഹിക്കാനുണ്ട്. കേരളത്തിലെ സർക്കാരിനും പൊതു സമൂഹത്തിനും ഏറെക്കുറെ ഇക്കാര്യം ബോധ്യമുണ്ട് എന്നത് പോലെ തന്നെ കേരളത്തിലെ വികസനം മുടക്കികൾക്കും ഈ വസ്തുത നന്നായി അറിയാം.

യഥാർത്ഥത്തിൽ കേരളത്തിലെ റെയിൽവേയോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന എന്തെങ്കിലും പുതുമയുള്ള ഒന്നല്ല. എന്നാൽ അതിൻ്റെ  മുൻകാല അതിരുകളെല്ലാം ലംഘിച്ചു കൊണ്ടുള്ള  രാഷ്ട്രീയ വിരോധം തീർക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയാണ്  മലയാളിയുടെ ട്രെയിൻ യാത്ര ജീവിതത്തെ നിത്യേന എന്നോണം കൂടുതൽ ക്ലേശകരമാക്കുന്നത്.   ലാഭകരമായ സർവീസുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ റെയിൽവേയിൽ  സംസ്ഥാനാടിസ്ഥാണത്തിൽ ഏറ്റവും മുന്നിലാണ് കേരളം. എന്നിട്ട് കൂടിയാണ് ഈ അവഗണന എന്നോർക്കണം.

ഇക്കാര്യത്തിൽ ഒരു ഡബിൾ എൻജിൻ' അവഗണനയാണ് കേരളം ഇപ്പോൾ നേരിടുന്നത്. ഒരു ഭാഗത്ത്  രാഷ്ട്രീയ വിരോധം തീർക്കാൻ കേന്ദ്രം കേരളത്തിലെ റെയിൽവേ വികസനം നടത്താത്തത്, മറ്റൊന്ന് റെയിൽവേയുടെ സ്വകാര്യം വൽക്കരണം ലക്‌ഷ്യം വച്ച് രാജ്യത്ത് ആകമാനം നടപ്പിലാക്കുന്ന ജനവിരുദ്ധമായ നടപടികൾ മൂലം കേരളം നേരിടുന്ന ബുദ്ധിമുട്ട്.

കേരളത്തിലോടു സുപ്രധാന  ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകള്‍ വെ'ിക്കുറച്ച് പകരം എ.സി കോച്ചുകൾ ആക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊണ്ടത് കഴിഞ്ഞ വർഷമാണ്.  ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ വെട്ടിക്കുറക്കുന്നതിലൂടെ സാധാരണക്കാരുടെ യാത്ര കൂടുതൽ  ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഓണം ഉൾപ്പെടെയുള്ള ഉത്സവകാലങ്ങളിൽ അനുവദിക്കപ്പെടുന്ന  പ്രത്യേക ട്രെയിനുകളിൽ 'dynamic pricing " എന്ന പേരിൽ യാത്രക്കാരിൽ നിന്നും തീവെട്ടിക്കൊള്ള നടത്തുകയാണ് റെയിൽവേ നിലവിൽ ചെയ്യുന്നത്. മറ്റൊന്നാണ് കൺഫോം ആവാത്ത ടിക്കറ്റുകളുടെ ക്യാൻസലേഷൻ വഴി നേടുന്ന ഭീമമായ തുക. 2023 ഏപ്രിൽ 1 നും സെപ്റ്റംബർ 30 നും ഇടയിൽ ബുക്ക് ചെയ്തിട്ടും  ബർത്ത് ലഭിക്കാത്ത 1.44 കോടി യാത്രക്കാർ ഉണ്ടെന്നാണ് റെയിൽവേയുടെ ഉദ്യോഗിക കണക്ക്. ഈ  വെയിറ്റ്‌ലിസ്റ്റ് യാത്രക്കാരുടെ ടിക്കറ്റുകൾ ഓട്ടോ റദ്ദ് ചെയ്യപ്പെടുക വഴി  റദ്ദാക്കൽ ചാർജായി റെയിൽവേയ്ക്ക് ലഭിച്ചത് 83.85 കോടി രൂപയാണ്. അതായത് യാത്ര ചെയ്യാത്ത യാത്രക്കാരിൽ നിന്ന് കേവലം ആറു മാസം കൊണ്ട് റെയിൽവേ പിഴിഞ്ഞ തുകയാണിത്.

രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല സ്ഥാപനവും തൊഴില്‍ ദാതാക്കളുമായ ഇന്ത്യന്‍ റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കാനുള്ള നയങ്ങള്‍  കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയി'് നാളുകള്‍ കുറച്ചായി. പൊതു മേഖലാ സ്ഥാപനങ്ങള്‍ വിറ്റ് തുലയ്ക്കുതിനായി മോദി  സര്‍ക്കാര്‍ ആരംഭിച്ച നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ ഭാഗമായി 400 റെയില്‍വേ സ്റ്റേഷനുകള്‍, 90 പാസഞ്ചര്‍ ട്രെയിനുകള്‍, 1400 കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക്, 741 കിലോമീറ്റര്‍ കൊങ്ക റെയില്‍വേ, 15 റെയില്‍വേ സ്റ്റേഡിയങ്ങള്‍, തിരഞ്ഞെടുത്ത റെയില്‍വേ കോളനികള്‍, 265 റെയില്‍വേ ഗുഡ്സ് ഷെഡുകള്‍, 4 ഹില്‍ റെയില്‍വേ എിവയെല്ലാം  കൂടി വെറും 1.5 ലക്ഷം കോടി രൂപയാണ് വിലയി'ിരിക്കുത്. ചുരുങ്ങിയ ചിലവില്‍ ദീര്‍ഘയാത്ര നടത്താന്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് അത്താണിയായ റെയില്‍വേയുടെ സ്വകാര്യവല്‍ക്കരണം സാധാരണ ജനതയുടെ ജീവിതത്തെ സാരമായി ത െബാധിക്കും. കോവിഡ്  സമയത്ത്  അത്യാവശ്യമല്ലാത്ത യാത്രകൾ തടയുന്നതിന്റെ ഭാഗമായി 2020 മാർച്ച് 19 ന്, മുതിർന്ന പൗരന്മാർ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾക്കുള്ള ട്രെയിൻ ടിക്കറ്റ് ഇളവ് പിൻവലിച്ച നടപടി ഇതുവരെ പുനസ്ഥാപിക്കാൻ റെയിൽവേ തയ്യാറായിട്ടില്ല.  മുതിർന്ന പൗരന്മാർക്ക് നേരത്തെ റെയിൽവേയിൽ ഉണ്ടായിരുന്ന  ഇളവുകൾ ഒഴിവാക്കുക വഴി  2020 മാർച്ചിനും 2022 സെപ്‌റ്റംബറിനും ഇടയിൽ  റെയിൽവേയ്ക്ക് ഏകദേശം 2560.9 കോടി രൂപ ലാഭിക്കാനായി എന്നാണ് വിവരാവകാശ രേഖകൾ പറയുന്നത്. ലാഭം മാത്രം ലക്ഷ്യം വച്ചുള്ള ഇത്തരം നടപടികള്‍ റെയില്‍വേയെ പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടികളുടെ ഭാഗമായി'് ത െവേണം കാണാന്‍.

ഇന്ത്യ റെയിൽവേയുടെ സുരക്ഷയുടെ കാര്യത്തിലുള്ള കെടു കാര്യസ്ഥതയുടെ അങ്ങേയറ്റമാണ്  ഒഡിഷയിലെ ബാലസോറിൽ കഴിഞ്ഞ വർഷം ജൂണ് രണ്ടിന് കണ്ടത്. ആവശ്യം അനുസരിച്ചുള്ള നിയമനം നടക്കാത്തതും ലോക്കോ പൈലറ്റുമാരെ   നിശ്ചിത ജോലി സമയത്തിന് മുകളിൽ വിന്യസിക്കുന്നതും  ട്രെയിൻ അപകടങ്ങൾ കൂടുന്നതിനുള്ള പ്രധാന കാരണങ്ങളാണ് എന്ന്  റെയിൽവേ തന്നെ സമ്മതിക്കുന്നുണ്ട്.  നിയമങ്ങൾ അനുസരിച്ച്, ഒരു കാരണവശാലും ഒരാളുടെ തുടർച്ചയായ  ഡ്യൂട്ടി സമയം 12 മണിക്കൂറിൽ കൂടരുത്. എന്നാൽ ആളുകളുടെ കുറവുമൂലം പല സോണൽ റെയിൽവേകളും ലോക്കോ പൈലറ്റുമാർ  നിശ്ചിത ഡ്യൂട്ടി സമയത്തിനപ്പുറം ഡ്യൂട്ടിയിൽ വരാൻ ആവശ്യപ്പെടുന്നത് പതിവാണ്. ഉദാഹരണത്തിന്, സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ, 2023 വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ  12 മണിക്കൂറിലധികം ഡ്യൂട്ടിയിൽ വിന്യസിച്ച ലോക്കോ പൈലറ്റുമാരുടെ ഡ്യൂട്ടി സമയം യഥാക്രമം 35.99%, 34.53%,  എന്നിങ്ങനെയാണ്. അതായത് ഏതാണ്ട് മൂന്നിലൊന്നുപേർ അനുവദിക്കപ്പെട്ട സമയത്തിനും കൂടുതൽ ജോലി ചെയ്യുന്നുണ്ട് എന്ന്  സാരം. ഇത് യാത്ര സുരക്ഷയെ സാരമായി ബാധിക്കുന്ന ഒന്നാണ്.

സാധാരണക്കാരുടെ ട്രെയിൻ യാത്ര ഈ വിധത്തിൽ ദുരിതമാകുമ്പോഴാണ് മറുഭാഗത്ത് മോദിക്കൊപ്പമുള്ള  സെൽഫി പോയിന്റുകൾക്ക് വേണ്ടി  റെയിൽവേ കോടികൾ ചിലവാക്കുന്നത്. വിവരാവകാശ മറുപടി പ്രകാരം, റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള  ഓരോ സ്ഥിരം 3D സെൽഫി ബൂത്തിനും 6.25 ലക്ഷം രൂപയും ഓരോ താൽക്കാലിക ബൂത്തിനും 1.25 ലക്ഷം രൂപയും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. രാജ്യത്ത് ആകമാനം നൂറു കണക്കിന് റെയിൽവേ സ്റ്റേഷനുകളിൽ യാതൊരു ഉപകാരവും ഇല്ലാത്ത സെൽഫി പോയിന്റുകൾ സ്ഥാപിക്കുക വഴി കോടികടക്കിണ്  രൂപയാണ് കേന്ദ്രം പൊടിച്ചു കളഞ്ഞിരിക്കുന്നത്. റെയിൽവേ യാത്ര ചെയ്യുന്ന സാധാരണക്കാരോടും പ്രത്യേകിച്ച് കേരളത്തിലെ റെയിൽവേയോടും കേന്ദ്രം കാണിക്കുന്ന  ഈ അവഗണയ്ക്ക് ഒരറുതി വരുത്തേണ്ടതുണ്ട്. അതിനു ആവശ്യമായ വിശാല സമരത്തിന്റെ തുടക്കമാകണം ജനുവരി 20 നുള്ള  മനുഷ്യ ചങ്ങല. 

നിയമന നിരോധനവും തൊഴിൽനാശവും രൂക്ഷമാകുന്ന മോദിക്കാലം

 വർഷാവർഷം രണ്ടുകോടി തൊഴിലുകൾ പുതുതായി സൃഷ്ടിക്കും എന്ന പ്രഖ്യാപനത്തോടെ അധികാരത്തിലെത്തിയ മോദി  സർക്കാർ പത്ത് വർഷം പിന്നിടുമ്പോൾ തൊഴിലില്ലായ്മ ഒരു പകർച്ചവ്യാധി കണക്കെ വർഷാവർഷം രൂക്ഷമാകുന്ന സ്ഥിതിക്കാണ് ഇന്ത്യൻ റിപ്പബ്ലിക്  സാക്ഷ്യം വഹിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ തന്നെ പീരിയോഡിക് ലേബര്‍ സര്‍വ്വേ അനുസരിച്ച് ഏറ്റവും ഒടുവില്‍ 2022ൽ ഗ്രാമീണ മേഖലയില്‍ 6% വും നഗരമേഖലയില്‍ 8.3 ശതമാനവും ആണ് തൊഴിലില്ലായ്മ നിരക്ക്  എന്നാണ് കേന്ദ്രതൊഴിൽമന്ത്രാലയം പുറത്ത് വിട്ടിരിക്കുന്ന കണക്ക്. ഇതില്‍ കൗതുകരമായ ഒരു കാര്യം ഗ്രാമീണ മേഖലയില്‍ വർഷത്തിൽ 30 ദിവസമെങ്കിലും കാര്‍ഷിക മേഖലയിലോ മറ്റോ ഒരാള്‍ കൂലിപ്പണി ചെയ്താല്‍പോലും അയാളെ തൊഴിലുള്ള ഒരാളായാണ് പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ അടയാളപ്പെടുത്തുന്നത്. പ്രഭാത്‌ പട്നായിക്കിനെ പോലുള്ള സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായത്തില്‍  അതുകൊണ്ട് തന്നെ രാജ്യത്തെ ജനങ്ങളുടെ പ്രതിശീര്‍ഷഭക്ഷ്യധാന്യ ഉപഭോഗത്തിന്‍റെ കണക്കാണ് തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട കൃത്യമായ  സൂചനകള്‍ നല്‍കുവാൻ കുറേക്കൂടി ഉപകാരപ്പെടുക. രാജ്യത്ത് ഭക്ഷ്യ ധാന്യങ്ങളുടെ ഉല്‍പ്പാദനം കുറയുന്ന സ്ഥിതി ഇല്ലാത്തതിനാല്‍ പ്രതിശീര്‍ഷ ഭക്ഷ്യ ധാന്യ ഉപഭോഗം കുറയുന്നു എന്നത് സാധാരണ ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറയുന്നതിന്‍റെ അടയാളമാണ്. രാജ്യത്ത് നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ ആരംഭിക്കുന്നതിനു തൊട്ട് മുന്‍പുള്ള 1989-91 കാലത്തെ ശരാശരി വാര്‍ഷിക പ്രതിശീര്‍ഷഭക്ഷ്യ ധാന്യ ഉപഭോഗം എന്നത് 180.2 കിലോഗ്രാം ആയിരുന്നു. എന്നാല്‍ മഹാമാരിക്ക് തൊട്ടു മുന്‍പുള്ള 2016-18 കാലത്ത് ഇത് 178.7 കിലോഗ്രാമായി കുറഞ്ഞു. നേരത്തെ ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസ്സും ഇപ്പോള്‍ ബി.ജെ.പി യും തുടരുന്ന സാമ്പത്തിക നയങ്ങള്‍ ഈ രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തെ എങ്ങനെയാണ് പ്രതികൂലമായി ബാധികുന്നത് എന്നതിന്‍റെ തെളിവുകളാണിത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുടെ സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എംപ്ലോയ്മെന്റ് പുറത്തിറക്കിയ 'സ്റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ 2023' റിപ്പോരട്ട് ഇക്കാര്യം അടിവരയിട്ട് പറയുന്നുണ്ട്. 2021-22 ല്‍ ഇന്ത്യയിലെ 25 വയസ്സിന് താഴെയുള്ള ബിരുദധാരികളില്‍ 42 ശതമാനത്തിലധികം പേരും തൊഴിലില്ലാത്തവരായിരുന്നു എന്നാണ് ആ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. തൊഴില്‍ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച്, കൊറോണ വൈറസ് പാന്‍ഡെമിക്കിന് ശേഷം, 60 ശതമാനം സ്ത്രീകളും സ്വയം തൊഴില്‍ ചെയ്യുവരായിരുന്നുവെന്ന് റിപ്പോർട്ട് കണ്ടെത്തുന്നു. കൊറോണക്ക് മുമ്പ് ഇത് 50 ശതമാനമായിരുന്നു. സ്ത്രീകളുടെ തൊഴില്‍ സേനയിലെ പങ്കാളിത്തം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കുത്തനെ കുറഞ്ഞു വരുതാണ് കാണുന്നത്.

ഈ ഘട്ടത്തിലാണ് മാതൃകാ തൊഴില്‍ദാതാവ് എന്ന നിലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിയമന നിരോധന നടപടികളുടെ ദ്രോഹം വിലയിരുത്തേണ്ടത്.  റെയില്‍വേ അടക്കം ഒട്ടുമിക്ക കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് ഒഴിവാണ് നിയമനം നടത്താതെ മാറ്റിവെച്ചിരിക്കുന്നത്. അഗ്‌നി വീര്‍ പദ്ധതി കൊണ്ടുവന്ന് സൈനിക മേഖലയില്‍ അടക്കം തൊഴിലുകള്‍ കരാര്‍വല്‍ക്കരിച്ചു. 2021-22-ല്‍ രാജ്യത്തെ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളിലേക്കും ഒറ്റ നിയമനം പോലും നടത്തിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യനന്തര ചരിത്രത്തില്‍ ആദ്യമായാണ് ഒറ്റ ഒഴിവിലേക്ക് പോലും ഒരു സാമ്പത്തിക വര്‍ഷം രാജ്യത്തെ സൈന്യത്തിലേക്ക് പുതുതായി ആളെ എടുക്കാതെ പോയത്. കോവിഡ് കാരണമാണെന്ന് ഇക്കാര്യത്തില്‍ വിശദീകരണം നടത്തിയ സര്‍ക്കാര്‍ കോവിഡിന് ശേഷം ഒരു ലക്ഷം പേര്‍ക്ക് ഒറ്റയടിക്ക് സൈന്യത്തിലേക്ക് നിയമനം നല്‍കുമെന്ന് പിന്നീട് പ്രഖ്യാപിച്ചെങ്കിലും  അതും അതും പാഴ് വാക്കായി. 2022 ഡിസംബര്‍ 15 വരെയുള്ള കണക്കനുസരിച്ച് കരസേനയിലെ സര്‍വീസ് പേഴ്‌സണല്‍ വിഭാഗത്തില്‍ 126359 പേരുടെയും സിവിലിയന്‍സ് വിഭാഗത്തില്‍ 38169 പേരുടെയും ഒഴിവുള്ളതായി പ്രതിരോധ സഹമന്ത്രി അജയ്ഭട്ട് തന്നെ വ്യക്തമാക്കിയിരുന്നു. പൊതുമണ്ഡലത്തിൽ ലഭ്യമായ വിവരങ്ങൾ വെച്ച് കരസേനയില്‍ നിലവിലുള്ളത് 164528 പേരുടെ ഒഴിവാണ്. നാവികസേനയില്‍ 22927 പേരുടെ ഒഴിവുകളുണ്ട്. 2022 ഡിസംബർ മാസത്തെ കണക്കനുസരിച്ച് വ്യോമസേനയില്‍ 9684 പേരുടെ ഒഴിവുണ്ട്. അതായത് മന്ത്രി തന്നെ വ്യക്തമാക്കിയ കണക്കനുസരിച്ച് സേനകളിലെല്ലാം കൂടി 197139 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഇത്തരത്തില്‍ ഒരു സാഹചര്യം മുമ്പ് കേള്‍ക്കാത്തതാണ്. സൈന്യങ്ങള്‍ കഴിഞ്ഞാല്‍ യുവാക്കള്‍ പ്രതീക്ഷ പുലര്‍ത്തു മറ്റൊന്നാണ് അര്‍ധ സൈനിക വിഭാഗങ്ങള്‍. നിയമനത്തിന്റെ കാര്യത്തില്‍ അവിടെയും സ്ഥിതി വ്യത്യസ്തമല്ല. 2023 ഏപ്രില്‍ അഞ്ച് വരെയുള്ള കണക്കനുസരിച്ച് 85292 ഒഴിവുകളാണ് അര്‍ധസൈനിക വിഭാഗങ്ങളിലായിലുള്ളത്. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിലാണ് (സി.ആര്‍.പി.എഫ്.) ഏറ്റവും കൂടുതല്‍ - 29756. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (ബി.എസ്.എഫ്.) 20963 ഒഴിവാണുള്ളത്. മറ്റ് വിഭാഗങ്ങളിലെ ഒഴിവുകള്‍: അസം റൈഫിള്‍സ് - 4393, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്.) 16370, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി.) 5400, സശസ്ത്ര സീമാബല്‍ (എസ്.എസ്.ബി.) 8410. 

കേന്ദ്രസർക്കാറിന്റെ മറ്റ് പൊതുവകുപ്പുകളിലെ ഒഴിവുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്.പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ കേന്ദ്ര സഹമന്ത്രി ജിതേന്ദ്രസിങ് അറിയിച്ചത്, 2018 മാര്‍ച്ച് ഒന്നിലെ കണക്കുപ്രകാരം 6.83 ലക്ഷം ഒഴിവുണ്ടെന്നാണ്.  നിലവിലെ ഒഴിവുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2019, 2020 വര്‍ഷങ്ങളില്‍ ലക്ഷത്തിലേറെ പേര്‍ വിരമിച്ചിട്ടുണ്ട്.   ഇതിലൊന്നും നിയമനം നടത്തിയിട്ടില്ല.   റവന്യൂവകുപ്പില്‍ പകുതിയോളം തസ്തിക ഒഴിഞ്ഞുകിടക്കുന്നു. പ്രതിരോധ (സിവില്‍), ആരോഗ്യ വകുപ്പുകളില്‍ 30 ശതമാനം വീതവും തപാല്‍ വകുപ്പില്‍ 25 ശതമാനവും റെയില്‍വേയില്‍ 20 ശതമാനവും ആഭ്യന്തരവകുപ്പില്‍ 10 ശതമാനവും ഒഴിവുണ്ട്. മൂന്നരലക്ഷം തസ്തിക ഒഴിഞ്ഞുകിടക്കു റെയില്‍വേയില്‍ നിയമനം പൂര്‍ണമായും നിരോധിച്ച് അടുത്തിടെ ഉത്തരവിറക്കി.  ഇതര വകുപ്പുകളില്‍ ശരാശരി 25 ശതമാനം തസ്തികകളില്‍ നിയമനമില്ല. രാജ്യത്തെ എല്ലാ ഡിപ്പാർട്ട്മെൻ്റുകളിലും കുറഞ്ഞത് അഞ്ചില്‍ ഒന്നുവീതം തസ്തിക ഒഴിഞ്ഞുകിടക്കുകതന്നെയൊണ്. ഇതിനിടെ കേന്ദ്ര പേഴ്സണൽ മന്ത്രാലയം ഇറക്കിയ ഒരു ഉത്തരവിൽ പറയുന്നത് ഒരു വർഷത്തിൽ കൂടുതൽ ഒരു തസ്തിക ഒഴിഞ്ഞ് കിടന്നാൽ ആ തസ്തിക തന്നെ നിലവിലില്ലാത്തതായി കണക്കാക്കാം എന്നാണ്. ഇങ്ങനെ പന്ത്രണ്ട് ലക്ഷത്തിലേറെയുള്ള നിലവിലെ വിവിധ വകുപ്പുകളിലെ കേന്ദ്ര സർക്കാർ ഒഴിവുകള്‍ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളെ കണക്കിലെടുക്കാതെയാണ് എന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. കേന്ദ്ര ഗവൺമെൻ്റ്  ആവേശത്തോടെ നടപ്പിലാക്കുന്ന  പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം തൊഴിലവസരം ഇനിയും  വന്‍തോതില്‍ ഇല്ലാതാക്കും.

2022 റിപ്പബ്ലിക് ദിനത്തില്‍ RRB-NTPC (Railway Recruitment Board's Non-Technical Popular Categories) പരീക്ഷയുമായി ബന്ധപ്പെട്ടു ഉദ്യോഗാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയില്‍ ആളിപ്പടര്‍ന്ന സമരം  നാം കണ്ടതാണ്. ഏറ്റവും ഞെട്ടിക്കുന്ന വസ്തുത ലെവല്‍ 2 മുതല്‍ ലെവല്‍ 6 വരെയുള്ള തസ്തികകളിലെ 35000 ഒഴിവുകളിലേ ക്കായി റെയില്‍വേ ബോര്‍ഡ് 2020-21 വര്‍ഷങ്ങളിലായി അപേക്ഷ ക്ഷണിച്ച പരീക്ഷയ്ക്ക് അപേക്ഷിച്ചത് 1.25 കോടി ചെറുപ്പക്കാരാണ് എന്നതാണ്. റെയില്‍വേ മന്ത്രിയായിരുന്ന പിയൂഷ് ഗോയല്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി റെയില്‍വേയില്‍ നാല് ലക്ഷം ഒഴിവുകള്‍ രണ്ട് വര്‍ഷം കൊണ്ട് നികത്തുമെന്ന് പറഞ്ഞിരുന്നു. ഇതിനായി അപേക്ഷിച്ച 2.42 കോടി അപേക്ഷകരില്‍ നിന്നായി പരീക്ഷാ ഫീസായി ഏതാണ്ട് 1200 കോടി രൂപയോളം സമാഹരിച്ചിരുന്നു. എന്നാല്‍ കാര്യമായ  യാതൊരുവിധ നിയമനവും നടത്താതെ ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്.  

2018 നും 2022 നുമിടയിൽ രാജ്യത്ത് തൊഴിലില്ലായ്മ കാരണം 25231 യുവജനങ്ങൾ ആത്മഹത്യ ചെയ്തു എന്നാണ് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 'തൊഴിൽ രഹിതർ' സ്ഥിരമായി ഒരു തൊഴിൽ ഇല്ല എന്നതിൻ്റെ പേരിൽ നടത്തിയ ഈ ആത്മഹത്യാക്കണക്ക് മോഡി സർക്കാരിനോട് ഗൗരവമായ ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. യുവാക്കളുടെ തൊഴിൽപ്രശ്നം ഇത്ര സങ്കീർണമായിരിക്കേ, രാജ്യം നേരിടുന്ന ഈ ഗുരുതര പ്രതിസന്ധി പരിഹരിക്കാന്‍ പദ്ധതികളൊന്നും ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നില്ല എന്ന് മാത്രമല്ല, സൈന്യത്തെയടക്കം സ്വകാര്യവൽക്കരിച്ചുകൊണ്ട് തൊഴിൽനാശം  സൃഷ്ടിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്.ചുരുക്കത്തിൽ തൊഴിലില്ലായ്മ ഉയർത്തുന്ന ദേശീയ പ്രതിസന്ധിക്കെതിരായ സമരം നമ്മുടെയെല്ലാം ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

കേരളത്തിന് അർഹമായ വിഹിതം കേന്ദ്രം തരാത്തതിന്റെ രാഷ്ട്രീയം

തങ്ങൾക്ക് രാഷ്ട്രീയ അധികാരം ഇല്ലാത്ത സംസ്ഥാന സർക്കാരുകൾക്ക് എല്ലാം സാമ്പത്തികമായ ഉപരോധം ഏർപ്പെടുത്തി അവരുടെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ട്ടിച്ചു രാഷ്ട്രീയ നേട്ടം ഉണ്ടാക്കാം എന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം കരുതുന്നത്. രാജ്യത്ത് തന്നെ ബിജെപി വിരുദ്ധ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ചാലക ശക്തികളായ രണ്ട്  സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടും. അതുകൊണ്ട് തന്നെ ഫെഡറൽ തത്വങ്ങൾ കാറ്റിൽ പറത്തിയുള്ള ബിജെപി സർക്കാരിന്റെ ദ്രോഹങ്ങൾക്ക് ഇരയാകുന്നത് സംസ്ഥാനങ്ങളാണ് ഇവ രണ്ടും. അർഹമായ നികുതി വിഹിതം കൊടുക്കാതിരിക്കുക, മുട്ടാപോക്ക് ന്യായങ്ങൾ പറഞ്ഞു ആവശ്യമായ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കാതിരിക്കുക, വായ്പയെടുപ്പിനു മറ്റ് പല സംസ്ഥാനങ്ങൾക്കും ഇല്ലാത്ത വിധം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ തന്ത്രങ്ങളാണ് കേന്ദ്രം കേരളത്തിനെതിരെ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. വിവേചനപരമായ  നടപടികൾ അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം പല തവണ കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തിയെങ്കിലും സംസ്ഥാനത്തിന്റെ  അതിജീവനം അസാധ്യമാക്കുന്ന തരത്തിൽ പ്രതികാരബുദ്ധിയോടെയുള്ള നീക്കങ്ങൾ ശക്തമാക്കുകയാണു കേന്ദ്രം ചെയ്തത്.

സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സഹായം തീരുമാനിക്കുന്നത് ധനകാര്യ കമ്മീഷന്‍ വ്യവസ്ഥ അനുസരിച്ചാണ്. നിലവിലുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം 2021 മുതല്‍ 2026 വരെയുള്ള രാജ്യത്തെ ആകെ നികുതി വരുമാനം ഏതാണ്ട് 135 ലക്ഷം കോടി രൂപയാണ് എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ നിന്ന് സെസ്, സര്‍ചാര്‍ജ് തുടങ്ങിയവ സംസ്ഥാനങ്ങള്‍ക്ക് വീതം വെക്കേണ്ടതില്ല. അത് ഒഴിവാക്കിയുള്ള ബാക്കി തുക ഏതാണ്ട് 103 ലക്ഷം കോടി വരും. ഈ തുകയുടെ 41% ആണ് സംസ്ഥാനങ്ങള്‍ക്കായി വീതിക്കുന്നത്. ഏകദേശം 42 ലക്ഷം കോടി രൂപ.

കേന്ദ്രം മൂന്ന് രീതികളിലാണു നമുക്ക് ധനസഹായം നൽകുന്നത്.

1. ഫിനാൻസ് കമ്മീഷൻ തീർപ്പു പ്രകാരമുള്ള നികുതി വിഹിതമാണ്. പത്താം കമ്മീഷന്റെ കാലത്ത് 3.86 ശതമാനമായിരുന്ന കേരളത്തിന്റെ ഓഹരി തുടർച്ചയായി കുറഞ്ഞ് പതിനഞ്ചാം കമ്മീഷനിലെത്തിയപ്പോൾ കേവലം 1.93 ശതമാനമായിരിക്കുകയാണ്. അതായത് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനായി മാറ്റി വെച്ചത് ആകെ 100 രൂപ ആണെന്ന് കരുതിയാല്‍ നമുക്ക് കിട്ടുന്നത് 1 രൂപ 93 പൈസ. രാജ്യത്തിന്റെ 2.8% ജനസംഖ്യയുള്ള കേരളത്തിന്‌ ജനസംഖ്യാനുപാതികമായി നോക്കിയാൽ 2.8 ശതമാനമെങ്കിലും കിട്ടേണ്ടതാണ്. ഇത് ചെറിയ വ്യത്യാസമല്ല. മുകളില്‍ പറഞ്ഞത് പോലെ ആകെ 42 ലക്ഷം കോടിയാണ് സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാനുള്ള വിഹിതം. അതില്‍ ഈ കുറവ് കാരണം ഏകദേശം പതിനെണ്ണായിരം കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ സംസ്ഥാന ഗവണ്‍മെന്‍റിന് ഉണ്ടായിട്ടുള്ളത്.    എന്തുകൊണ്ടാണ് കേരളത്തിന്റെ വിഹിതം തുടർച്ചയായി കുറയുന്നത്? അത് പരിശോധിക്കുമ്പോള്‍ ആണ് ഈ മാനദണ്ഡം കണക്കാക്കുന്നതിലെ അന്യായം ബോധ്യമാകുക. ഏറ്റവും പ്രധാന കാരണം കേരളത്തിന്റെ വികസന നേട്ടങ്ങളാണ്. ജനസംഖ്യാ നിയന്ത്രണത്തിൽ കേരളം കൈവരിച്ച നേട്ടവും, ജനങ്ങളുടെ ആളോഹരി വരുമാനത്തിൽ ഉണ്ടാക്കിയ വർധനയും വലിയ തിരിച്ചടിയായി മാറി എന്നതാണ് വസ്തുത.

2.  കേന്ദ്രം തരുന്ന ഗ്രാന്റുകളും മറ്റുമാണ്. അത് 2022-ൽ 30,000 കോടി രൂപ ലഭിച്ച സ്ഥാനത്ത് 2023-ൽ 27,000 കോടി രൂപയായി. ഏതാണ്ട് 10 ശതമാനത്തിന്റെ കുറവ്.

3. കേന്ദ്രം അനുവദിക്കുന്ന വായ്പയാണ്. ഇവിടെ കേന്ദ്രം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ന്യായങ്ങള്‍ ചമച്ച് സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. 2022-ൽ 43,000 കോടി രൂപ വായ്പയെടുക്കാൻ അനുമതി ലഭിച്ചു. 2023-ൽ അത് 22,000 രൂപയായി കുറച്ചു. അതായത് വായ്പ ഏതാണ്ട് പകുതിയായി വെട്ടിക്കുറച്ചു. ലോകബാങ്ക് അടിച്ചേൽപിച്ച നിബന്ധനപ്രകാരം ദേശീയതലത്തിലും സംസ്ഥാനതലത്തിലും ആഭ്യന്തര വരുമാനത്തിൽ 3 ശതമാനം വായ്പയേ സർക്കാരുകൾക്ക് എടുക്കാനാവൂ. കേന്ദ്രം ഈ നിബന്ധന പാലിക്കുന്നില്ല എന്നു മാത്രമല്ല കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വഴിയായും ദേശീയ പാതാ വികസന ഏജൻസി വഴിയായും ബജറ്റിനു പുറത്തും വായ്പ എടുക്കുന്നുണ്ട്. എന്നാൽ കേരളത്തിന്റെ കാര്യത്തിൽ ഇത്തരം പരിഗണനകൾ ഒന്നും നൽകാൻ കേന്ദ്രം തയ്യാറല്ല. ഇപ്പോൾ അനുവദിക്കപ്പെട്ട മൂന്നു ശതമാനം വായ്പ പോലും എടുക്കാൻ അനുവദിക്കുന്നില്ല. മുൻപ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിൽ ട്രഷറിയിലെ നിക്ഷേപങ്ങളും സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയും കിഫ്ബിയും എടുത്ത വായ്പകളും സംസ്ഥാന സർക്കാരിന്റെ വായ്പയായി കണ്ട് വായ്പാപരിധി വെട്ടിക്കുറയ്ക്കുകയാണ്.

ചുരുക്കത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു നടപ്പു വർഷമുള്ള വരുമാനക്കുറവ ഇങ്ങനെയാണ്

ജി.എസ്.ടി നഷ്ടപരിഹാരക്കുറവ്        =12000 കോടി

റവന്യു കമ്മി ഗ്രാന്റിലെ കുറവ്                =8400 കോടി

വായ്പ അനുമതി നിഷേധം മൂലമുണ്ടാകുന്ന കുറവ്     = 19600  കോടി

നികുതി വിഹിത % കുറച്ചതിലുള്ള നഷ്ട്ടം    = 18,000 കോടി

ഇതിനു പുറമെ  വിവിധ പദ്ധതികള്‍ നടപ്പിലാക്കിയ വകയിൽ  കേന്ദ്രത്തില്‍ നിന്നും കിട്ടാനുള്ള  കുടിശിക 5132 കോടി. എല്ലാം കൂടി 63132 കോടി കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മൂലം കേരളത്തിന് നഷ്ടമായി

പതിനഞ്ചാമത് ധനകാര്യ കമ്മിഷന്റെ റിപ്പോര്‍ട്ട്‌ പ്രകാരം രാജ്യത്തെ ആകെ പൊതു ചിലവിന്റെ 62.4 ശതമാനവും വഹിക്കുന്നത്‌ സംസ്ഥാനങ്ങളാണ്‌. വെറും 37.6 ശതമാനം മാത്രമാണ്‌ കേന്ദ്രം വഹിക്കുന്നത്‌. എന്നാല്‍ രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ 62.2 ശതമാനവും കേന്ദ്രം കയ്യടക്കുന്നു. അതായത് ചിലവിന്റെ മൂന്നിലൊന്ന് മാത്രം വഹിക്കുന്ന കേന്ദ്രമാണ് വരുമാനത്തിന്റെ മൂന്നില്‍ രണ്ടും നേടുന്നത്. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന സമീപനമാണിത്.

കേന്ദ്രം സ്വീകരിക്കുന്ന മറ്റൊരു നിലപാട് സെസ്സുകളും സര്‍ചാര്‍ജുകളും കൂട്ടുക എന്നതാണ്. കാരണം ഇത് നികുതിവരുമാനം പോലെ  സംസ്ഥാനങ്ങളുമായി പങ്ക് വെക്കേണ്ടതില്ല. 2021 മുതല്‍ 2026 വരെയുള്ള രാജ്യത്തെ ആകെ നികുതി വരുമാനം ഏതാണ്ട് 135 ലക്ഷം കോടി രൂപയാണ് എന്നാണ് കണക്കാക്കിയിട്ടുള്ളത്. അതില്‍ ഏതാണ്ട് 32 ലക്ഷം കോടി സെസ്സും സര്‍ചാര്‍ജ്ജുമാണ്. വീതംവയ്ക്കണം എന്നു ധനക്കമ്മീഷൻ നിഷ്കർഷിച്ച നികുതികൾക്കു പകരം വീതം വയ്ക്കണ്ടാത്ത സെസ്സുകൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാരിന്റെ വരുമാനം വർധിപ്പിക്കുക എന്നതാണ് സ്വീകരിക്കുന്ന തന്ത്രം. കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ പത്ത് കൊല്ലം മുന്‍പ് കേവലം പത്തു ശതമാനമായിരുന്ന സെസ്സിന്റെ പങ്ക് ഇപ്പോൾ ഏകദേശം 30 ശതമാനമാണ്. ഇത്തരം കുറുക്കുവഴികള്‍ സ്വീകരിക്കുന്നത് ഫെഡറൽ സ്വഭാവത്തെ അട്ടിമറിച്ചു കേന്ദ്ര സർക്കാരിൽ അധികാരം ഉറപ്പിക്കുന്നതിന്റെ ഭാഗമാണ്.

കേരളത്തില്‍ നിന്ന് 2023-24 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 80365 കോടി രൂപയാണ് നികുതിയായി കേന്ദ്രം പിരിക്കുന്നത് (ഇന്‍കം ടാക്സ് മുതലായ പ്രത്യക്ഷ നികുതി 26320 കോടി രൂപ, ഇന്ധന നികുതിയും സെസ്സും 13401 കോടി രൂപ, കേന്ദ്ര ജി.എസ്.ടി 35982 കോടി രൂപ, കസ്റ്റംസ് 4662 കോടി രൂപ).  നമുക്ക് നികുതി വിഹിതവും ഗ്രാന്റുകളും അടക്കം കിട്ടുക 37291 കോടിയാണ്. അതായത് പിരിക്കുന്നതിന്റെ 46.4% മാത്രം.  അതായത് ഒരു രൂപ ഇവിടെ നിന്ന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് പോകുമ്പോള്‍ തിരികെ നല്‍കുന്നത് 46 പൈസ മാത്രമാണ്. എന്നാല്‍ ഇത് ബിഹാറില്‍ 7.06 രൂപയാണ്. ഉത്തര്‍പ്രദേശില്‍ 2.73 രൂപയും ആസാമില്‍ 2.63 രൂപയും മധ്യപ്രദേശില്‍ 2.42 രൂപയുമാണ്.   ഒട്ടേറെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അവരില്‍ നിന്നും പിരിക്കുന്നതിലുമധികം തുക തിരികെ ലഭിക്കുമ്പോള്‍ കേരളവും തമിഴ്നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നഷ്ടം നേരിടുന്നു.  

ഗ്രാന്റുകളിലെയും നികുതിക്കൈമാറ്റത്തിലെയും കുറവ്, വായ്പാ പരിധി കുറക്കല്‍, ജി.എസ്.ടി നഷ്ടപരിഹാരത്തിലെ കുറവ് തുടങ്ങിയ   കേന്ദ്ര നടപടികൾ മൂലമുണ്ടായ നഷ്ടം അടുത്ത അഞ്ചു വർഷംകൊണ്ട് രണ്ടുമുതൽ  3 ലക്ഷം കോടി രൂപ വരെയാകും എന്നാണ് വിലയിരുത്തൽ.   സംസ്ഥാനത്തിന്റെ  അഞ്ചുവർഷ കാലയളവിലെ ജി ഡി പിയുടെ 20 ശതമാനം മുതൽ 30 ശതമാനം വരെ വരും ഇത്. കേരളത്തെ പോലെ ഒരു ചെറിയ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ  ഗുരുതരമായി ബാധിക്കുന്നതാണിത്.  ഈ അപകടം തടഞ്ഞില്ലെങ്കിൽ കേരളത്തിന്റെ പരിമിതമായ വിഭവശേഷി വെച്ച് പതിറ്റാണ്ടുകൾ കൊണ്ടുപോലും കരകയറാനാകാത്ത പ്രതിസന്ധിയിലേക്ക് സംസ്ഥാനം ചെന്നുചേരും. കേരളത്തെ ഈ വിധത്തിൽ ബുദ്ധിമുട്ടിച്ചു നമ്മുടെ നാട് നേടിയെടുത്ത ഉയർന്ന ജീവിച്ച നിലവാരത്തെ അട്ടിമറിച്ചു താങ്കൾക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം ഒരുക്കാൻ കഴിയും  എന്ന്  തന്നെയാണ് ബി.ജെപി.യും  ലക്ഷ്യമിടുന്നത്. മലയാളികളുടെ ആകെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്രത്തിന്റെ ഈ സമീപനത്തിന് പിന്തുണ നൽകുന്ന നിലപാടാണ് കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വവും സ്വീകരിക്കുന്നത് എന്നത് ദൗർഭാഗ്യകരമാണ് .

സംസ്ഥാനത്തിന്റെ  സാമ്പത്തിക സ്വയംഭരണത്തിൽ കടന്നുകയറി വികസന, ക്ഷേമ പ്രവർത്തനങ്ങളെ താളം തെറ്റിക്കാനുള്ള ശ്രമങ്ങളിൽ നിരന്തരം ഏർപ്പെടുന്ന കേന്ദ്രസര്‍ക്കാരിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. നിയമപോരാട്ടത്തിനോടൊപ്പം അതിശക്തമായ ജനരോഷവും ഇക്കാര്യത്തില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. കേന്ദ്ര അവഗണനയ്ക്കെതിരെയുള്ള മനുഷ്യചങ്ങല എന്ന ആശയത്തിലൂടെ ഡി.വൈ.എഫ്.ഐ ഇത്തരത്തിലുള്ള ജനകീയപ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയാണ്. കക്ഷി രാഷ്ട്രീയ ഭേദമന്യെ ഈ പോരാട്ടത്തില്‍ അണിചേരുക എന്നത് കേരളത്തെ സ്നേഹിക്കുന്ന മുഴുവൻ മലയാളികളുടെയും ധാർമികമായ ചുമതലയാണ് എന്ന്  ഞങ്ങൾ കരുതുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in