ആധികാരികത വിഷയമേയല്ലാത്ത സമൂഹമായി നമ്മൾ മാറുന്നതിന്റെ ഇരയാണ് ആ യുവ ഡോക്ടർ

ആധികാരികത വിഷയമേയല്ലാത്ത സമൂഹമായി നമ്മൾ മാറുന്നതിന്റെ ഇരയാണ് ആ യുവ ഡോക്ടർ

അറിയുന്നിടത്തോളം അതൊരു പിഴവുപോലുമായിരുന്നില്ല, ഒരു നന്മ ചെയ്യാൻ അറിഞ്ഞുകൊണ്ട് എടുത്ത റിസ്കായിരുന്നു.

ഹൃദയത്തിനു ജന്മനാ തകരാറുള്ള പെൺകുട്ടിയ്ക്ക് കാലിനുള്ള വൈകല്യം പരിഹരിക്കാനുള്ള ശസ്തക്രിയ നടത്താൻ പല ആശുപത്രികളും വിസമ്മതിച്ചപ്പോൾ അത് നടത്താൻ മുന്നോട്ടുവന്നതിന്റെ പേരിലാണ് ഡോ. അനൂപ് കൃഷ്ണ എന്ന കൊല്ലത്തെ ചെറുപ്പക്കാരനായ ഓർത്തോപീഡിക് സർജന് ആത്മഹത്യ ചെയ്യേണ്ടി വന്നത്.

സർജറി സെപ്റ്റംബർ 23-നായിരുന്നു; കുട്ടിയുടെ നിർഭാഗ്യകരമായ മരണം ചികിത്സാ പിഴവുമൂലമാണ് എന്ന ആരോപണം വന്നു; പോലീസ് അന്വേഷണം തുടങ്ങിയിരുന്നു എന്നറിയുന്നു. അതു സ്വാഭാവികമാണ്; മരണത്തിൽ ദുഖിതരായ ബന്ധുക്കൾ പലപ്പോഴും അതാവശ്യപ്പെടും; ഒരു നഷ്ടത്തിന് കാരണക്കാരായവരെ കണ്ടുപിടിക്കണം എന്ന തോന്നൽ മനുഷ്യർക്കുള്ളതാണ്.

പക്ഷെ അപ്പോഴേക്കും ഡോക്ടറാണ് മരണത്തിനു കാരണക്കാരൻ എന്ന മട്ടിൽ വാർത്തകൾ വന്നു തുടങ്ങി. രാഷ്ട്രീയക്കാർ അതേറ്റുപിടിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് അങ്ങിനെ പറയുന്നു എന്നുപോലും ഇന്നലെ വാർത്ത വന്നു. അറിഞ്ഞിടത്തോളം പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്നലെ വന്നിട്ടില്ല; പോസ്റ്റ് മോർട്ടം റിപ്പോർട്ടുകൾ അല്ല ഇത്തരം കാര്യങ്ങൾ പറയുക. ചികിത്സാ പിഴവാണോ മരണ കാരണം എന്നാണ് കണ്ടുപിടിക്കാൻ വിശദമായ പ്രക്രിയ വേറെയുണ്ട്. അത് ഇതുവരെ തുടങ്ങിപോലുമില്ല. പക്ഷെ മാധ്യമങ്ങളുടേയും സമൂഹത്തിന്റെയും കുറ്റവിചാരണയിൽ പിടിച്ചുനിൽക്കാൻ വയ്യാതെ ഡോക്ടർ കൈയിലെ ഞരമ്പ് മുറിച്ചു കെട്ടിത്തൂങ്ങി ഇന്നലെ ആത്മഹത്യ ചെയ്തു.

മറ്റുള്ളവർ ഒഴിവാക്കിയ ഒരു റിസ്കെടുക്കാൻ ഡോക്ടർ കൂടെക്കൂട്ടിയത് അദ്ദേഹത്തിൻറെ ഭാര്യയായ അനസ്‌തേഷ്യോളജിസ്റ്റിനെ ആണ് എന്നത് അയാൾക്ക്‌ താങ്ങാനായിട്ടുണ്ടാവില്ല. ഒരു വേള അവരും പറഞ്ഞിട്ടുണ്ടാകും എന്തിനാണ് ഇത്ര റിസ്ക് എടുക്കുന്നത് എന്ന്. ഒടുവിൽ ഭാര്യ കൂടി സമൂഹത്തിന്റെ മുൻപിൽ കുറ്റവാളിയായി നിൽക്കേണ്ടി വരുന്ന അവസ്‌ഥ എല്ലാവര്ക്കും താങ്ങാൻ പറ്റണമെന്നില്ല. പല കൂട്ടലും കിഴിക്കലും നടത്തിയിട്ടായിരിക്കണം ആ മനുഷ്യൻ മരണം തെരഞ്ഞെടുത്തത്.

***
കുറ്റങ്ങളെപ്പറ്റിയും പിഴവുകളെപ്പറ്റിയും അന്വേഷിക്കാൻ നമ്മുടെ നാട്ടിൽ സംവിധാനങ്ങളുണ്ട്. അവ എല്ലാം ഏറ്റവും ഭംഗിയായും കൃത്യമായും നടന്നുപോകണമെന്നില്ല; അത് നടക്കാതെ വരുമ്പോൾ മാധ്യമങ്ങൾ അത് ചൂണ്ടിക്കാട്ടണം; സമൂഹവും സംവിധാനങ്ങളും ചേർന്ന് അത് തിരുത്തിക്കണം.

പക്ഷെ ഇന്ത്യയിൽ, കേരളത്തിൽ പക്ഷെ അതല്ല പലപ്പോഴും കാണുന്നത്.

തന്നെ വിടുവായൻ ഗോസ്വാമിയുടെ ചാനൽ വേട്ടയാടുന്നുവെന്നു പറഞ്ഞു ഡോ. ശശി തരൂർ നൽകിയ ഹർജിയിൽ കഴിഞ്ഞ മാസം ദൽഹി ഹൈക്കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിൽ പറഞ്ഞ പ്രധാന കാര്യം അന്വേഷണപ്രക്രിയയ്ക്കു അതിന്റെ ആധികാരികത ഉണ്ടെന്നും അതിനെ എല്ലാവരും മാനിക്കണമെന്നുമാണ്. തങ്ങളുടെ കൈയിൽ തെളിവുണ്ടെന്ന് പറഞ്ഞപ്പോൾ സമാന്തര അന്വേഷണം നടക്കില്ലെന്നും തെളിവ് പരിശോധിച്ചു വിധി പറയാനാണ് തങ്ങൾ ഇവിടെ ഇരിക്കുന്നതെന്നും കോടതി ആ വിഡ്ഢിയെ ഓർമ്മിപ്പിച്ചു.

'ഉണ്ടത്രേ'കളും സൂചനകളും സൂചന നൽകുന്ന വെളിപ്പെടുത്തലുകളുമായി നമ്മുടെ നാട്ടിലെ മാധ്യമപ്രവർത്തനം ഒരുതരം വിചിത്രരൂപം പൂണ്ടിരിക്കുകയാണ്. ഒരു സ്ത്രീയും ഭർത്താവും അവരുടെ സുഹൃത്തും കൂടി നിൽക്കുന്ന ചിത്രത്തിൽനിന്ന് ഭർത്താവിനെ വെട്ടിമാറ്റി സ്ത്രീയും സുഹൃത്തും തമ്മിൽ അടുത്ത ബന്ധമെന്ന് കഴിഞ്ഞ മൂന്നുമാസമായി നടത്തുന്ന പിതൃശൂന്യ മാധ്യമപ്രവർത്തനം നമ്മൾ കാണുന്നുണ്ട്. ഇതിന്റെയൊക്കെ ഇരകൾ തിരിഞ്ഞുനിന്നു ചോദ്യം ചെയ്യില്ല എന്ന ഉറപ്പിലാണ് ഈ തരവഴിത്തരം കാണിക്കുന്നത്.

ചികിത്സയിൽ പിഴവ് വരാം; വാർത്തകളിലും പിഴവ് വരാം. പക്ഷെ നമ്മൾ വിചാരിക്കുക മനഃപൂർവ്വം ഇവരാരും , അവനവന്റെ പ്രൊഫഷനോട് അടിസ്‌ഥാനപരമായ ആദരവുള്ള ഒരാളും, മനഃപൂർവ്വം അങ്ങിനെ ചെയ്യില്ല എന്നാണ്. പക്ഷെ അങ്ങിനെയല്ല. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള പൗരന്റെ മൗലികാവകാശം ദുരുപയോഗപ്പെടുത്തി അന്യന്റെ മെക്കട്ടു കയറുന്ന ഒരു കൂട്ടം 'പ്രവർത്തകർ' മനുഷ്യരുടെ സാമാന്യ ബുദ്ധി ചോദ്യം ചെയ്യുകയും ഒരു സമൂഹത്തെ ആകെ വിഡ്ഢിക്കൂട്ടമായി മാറ്റുകയും ചെയ്യുന്ന അവസ്‌ഥയിലാണ്‌ ഇപ്പോൾ കേരളം, ഇന്ത്യയും.

വാർത്തകളുടെ, വിവരങ്ങളുടെ, വാദങ്ങളുടെ, യുക്തികളുടെ ഒക്കെ ആധികാരികത ഒരു വിഷയമേയല്ലാത്ത ഒരു സമൂഹമായി നമ്മൾ മാറുന്നു എന്നതിന്റെ ഇരയാണ് ആ യുവ ഡോക്ടർ. വായടപ്പിക്കുന്ന വാദപ്രതിവാദം നടത്തുന്നതിലാണ് താൽപ്പര്യം; കുയുക്തിയും കുരുട്ടുബുദ്ധിയും വിചിത്രവാദങ്ങളും കൊണ്ട് മുഖരിതമായ സമൂഹത്തിൽ നീതിയ്ക്കുവേണ്ടി നിലവിളിക്കുന്നവന്റെ ശബ്ദം മുങ്ങിപ്പോകും. അവർ പറയുന്നത് കേൾക്കാൻ ആരും ഉണ്ടാവണമെന്നില്ല.
അവർ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചെന്നും വരും.

ഒട്ടേറെ മനുഷ്യരെ ജീവിതത്തിലേക്ക് തിരിച്ചുനടത്തിച്ച ഒരു ഡോക്ടർ ഇല്ലാതാകുമ്പോൾ അയാളുടെ കുടുംബത്തിനുമാത്രമല്ല നഷ്ടം, അടിസ്‌ഥാനപരമായി സമൂഹത്തിനാണ്. അയാൾ മാത്രമല്ല ഇല്ലാതാകുന്നത്; അയാളെപ്പോലെ റിസ്കെടുക്കാൻ തയ്യാറാകുന്ന ഡോക്ടർമാരും മെല്ലെ ഇല്ലാതാകും.

അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

ചികിത്സാപ്പിഴവ് ആരോപിച്ചു ആശുപത്രികൾ തല്ലിത്തകർക്കുന്നതും ഡോക്ടർമാരെ കൈയേറ്റം ചെയ്യുന്നതും നമ്മുടെ നാട്ടിൽ കുറ്റകൃത്യമാണ്; അങ്ങിനെ ഒരു ഓപ്‌ഷൻ ഇല്ല എന്ന കാര്യം സമൂഹം ഓർക്കേണ്ടതുണ്ട്. സംശയത്തിന്റെ ആനുകൂല്യം ഡോക്ടർക്കുനല്കി പരാതികൾ പെട്ടെന്ന് പരിഹരിക്കാനുള്ള വിശ്വസ്യതയുള്ള സംവിധാനം ഉണ്ട് എന്ന് സർക്കാർ ഉറപ്പുവരുത്തണം.

നീതി എന്നത് വളരെ ശ്രമകരമായ കാര്യമാണ്; അതിൽ രോഗിയും ഡോക്ടറും തമ്മിൽ വ്യത്യാസമില്ല. അതിനുള്ള സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ സമൂഹമെന്ന നിലയിൽ നമ്മൾ വലിയ തകർച്ച നേരിടും.

ഡോക്ടറുടെയും കുഞ്ഞിന്റെയും കുടുംബങ്ങളുടെ സങ്കടത്തിൽ പങ്കുചേരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ് ഫേസ്ബുക്കില്‍ എഴുതിയത്

Related Stories

No stories found.
logo
The Cue
www.thecue.in