ജനങ്ങള്‍ പട്ടിണിയിലും ദുരിതത്തിലും;പ്രധാനമന്ത്രിയുടെ മുന്‍ഗണന രാമക്ഷേത്രത്തിന് തറക്കല്ലിടലില്‍: വിജു കൃഷ്ണന്‍

ജനങ്ങള്‍ പട്ടിണിയിലും ദുരിതത്തിലും;പ്രധാനമന്ത്രിയുടെ മുന്‍ഗണന രാമക്ഷേത്രത്തിന് തറക്കല്ലിടലില്‍: വിജു കൃഷ്ണന്‍
Summary

കൊവിഡ് പ്രതിസന്ധിക്കിടയിലെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം, ഇന്ത്യന്‍ ഗ്രാമങ്ങളിലെ കര്‍ഷകരുടെയും തൊഴിലാളികളുടെയും കൊവിഡ് കാലത്തെ ജീവിതം, നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് പലായനം ചെയ്ത മനുഷ്യരുടെ അവസ്ഥ എന്നിവയെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യ കിസാന്‍സഭ നേതാവും കിസാന്‍ ലോങ് മാര്‍ച്ച് നയിച്ചവരില്‍ പ്രധാനിയുമായ വിജു കൃഷ്ണന്‍ സംസാരിക്കുന്നു.

Q

കേന്ദ്ര സര്‍ക്കാരിന്റെ രക്ഷാകര്‍തൃത്വത്തില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചിരിക്കുകയാണ്. വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. എങ്ങനെയാണ് ഇതിനെ കാണുന്നത്

A

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പട്ടിണിയും പോഷകാഹാരക്കുറവും കൊണ്ടുള്ള മരണങ്ങള്‍ സംഭവിക്കുകയാണ്. ഇതിനിടെയാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടല്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഗണനയാണ് ഇതില്‍ കാണേണ്ടത്. കൊവിഡിന്റെ തുടക്കത്തില്‍ സംഘപരിവാര്‍ തബ്ലീഗി ജമായത്ത് പരിപാടി മുന്‍നിര്‍ത്തി വലിയ തോതില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തിയതാണ്. കൊവിഡ് വ്യാപിക്കാന്‍ കാരണം ആ പരിപാടിയാണെന്ന് പ്രചരിപ്പിച്ചു. രാജ്യത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഈ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഇത്തരത്തിലൊരു പരിപാടിയില്‍ പങ്കെടുക്കുന്നു. ട്രസ്റ്റ് രൂപീകരിച്ച് രാമക്ഷേത്രം നിര്‍മ്മിക്കാനാണ് സുപ്രീംകോടതി വിധി. എന്നിട്ടും സര്‍ക്കാര്‍ തന്നെ ഏറ്റെടുത്ത് നടപ്പാക്കുകയാണ്. ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും യാതൊരു പരിഗണനയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ല. വര്‍ഗ്ഗീയതയും രാഷ്ട്രീയ അജണ്ടകളും സാമ്പത്തിക നയങ്ങളും നടപ്പാക്കാനാണ് ശ്രമിക്കുന്നത്. കൊവിഡില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്ന സമയത്ത് ഐക്യത്തോടെ അതിനെ പ്രതിരോധിക്കണമെന്ന സന്ദേശം നല്‍കുന്നതിന് പകരം വര്‍ഗ്ഗീയ ധ്രൂവീകരണം ഉണ്ടാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബിഹാര്‍ തെരഞ്ഞെടുപ്പടക്കം രാഷ്ട്രീയ ലക്ഷ്യങ്ങളാണ് കേന്ദ്രസര്‍ക്കാരിനുള്ളത്.

Q

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ വലിയ പ്രതിസന്ധിയുണ്ടായെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ മറികടക്കാനുള്ള നീക്കമാണോ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

A

കൊവിഡിനെതിരെ ലോകാര്യോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയ സമയത്ത് പൗരത്വ ഭേദഗതി നിയമത്തിലൂടെയെല്ലാം വര്‍ഗ്ഗീയ ധ്രൂവീകരണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ഇതേ സമയത്താണ് അമേരിക്ക പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിളിച്ചു വരുത്തി നമസ്തേ ട്രംപും നടത്തിയത്. കൊവിഡ് പ്രോട്ടോക്കോളും പാലിക്കാതെ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത പരിപാടിയാണിത്. യാതൊരു തയ്യാറാടെപ്പുമില്ലാതെയാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ കര്‍ഷകരെയും കര്‍ഷത്തൊഴിലാളികളെയും അസംഘടിത വിഭാഗങ്ങളെയും ഇത് വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ലോക് ഡൗണിലായിരുന്ന ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഗോതമ്പ് വിളവെടുക്കേണ്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാളും 11 ശതമാനം അധികം പ്രദേശങ്ങളില്‍ കൃഷിയിറക്കിയിരുന്നു. ലോക് ഡൗണ്‍ കാരണം തൊഴിലാളികളെ ലഭിക്കാതെയും ഉല്‍പ്പന്നം വിറ്റഴിക്കാന്‍ മാര്‍ക്കറ്റ് ലഭിക്കാതെയും വലിയ നഷ്ടം കര്‍ഷകര്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കരുതല്‍ ശേഖരം 2.3 കോടി ടണ്ണാണെങ്കില്‍ അതിനേക്കാള്‍ 8 കോടി ടന്നുകള്‍ അധികം 10.5 കോടി ടണ്‍ അരിയും ഗോതമ്പും എഫ്സിഐ ഗോഡൗണില്‍ ഇപ്പോള്‍ ഉണ്ട്. എന്നിട്ടും പോഷകാഹാരക്കുറവും പട്ടിണിയും കാരണം മരണം സംഭവിക്കുന്നത്. അങ്ങനെ സംഭവിക്കുമെന്ന് ലോകാരോഗ്യ സംഘടനയും ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിലൊന്നും കേന്ദ്ര സര്‍ക്കാര്‍ ഒരുവിധത്തിലും ഇടപെടുന്നില്ല.

Q

അതിഥി തൊഴിലാളികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുടിയേറ്റത്തൊഴിലാളികളെ എങ്ങനെയാണ് കൊവിഡ് ബാധിക്കുന്നത്

A

ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്ക് പലായനം ചെയ്തവര്‍ കര്‍ഷക-കര്‍ഷകത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. കൃഷിയില്‍ നിന്നും ആദായം ലഭിക്കാതായതോടെയാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാന്‍ ഇവര്‍ നിര്‍ബന്ധിതരായത്. ലോക് ഡൗണ്‍ സൃഷ്ടിച്ച അരക്ഷിത സാഹചര്യത്തില്‍ ഇവര് സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകേണ്ടി വന്നു. സര്‍ക്കാര്‍ ഇവര്‍ക്ക് യാതൊരു സഹായവും ചെയ്ത് കൊടുക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് അവര്‍ ഇതിന് നിര്‍ബന്ധിതരായത്. തിരിച്ചെത്തുന്നവര്‍ക്ക് അവിടെയും ജോലിയില്ല.റേഷന്‍കടകളില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ പോലും കിട്ടാത്ത കുടുംബങ്ങളുണ്ട്.ലോക് ഡൗണിന്റെ ആദ്യഘട്ടത്തില്‍ കുടുംബത്തിന് ഒരു കിലോ പരിപ്പ് പ്രഖ്യാപിച്ചത് 20 ശതമാനം കുടുംബങ്ങള്‍ക്ക് പോലും ലഭിച്ചിട്ടില്ല. ഒരു കിലോ പരിപ്പ് കുടുംബങ്ങള്‍ക്ക് ഒന്നിനും തികയില്ല. പക്ഷേ അതുപോലും കിട്ടിയിട്ടില്ല.കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പ്രയോജനം പതിനാലരക്കോടി കര്‍ഷകര്‍ക്ക് ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. 8.6 കോടി കര്‍ഷകര്‍ക്ക് ലഭിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ആറ് കോടി കര്‍ഷകരാണ് പുറത്താകുന്നത്. പാട്ടകൃഷിക്കാരും സ്ത്രീകളും ആദിവാസികളും ഭൂരഹിതരും ഇതില്‍ ഉള്‍പ്പെടുന്നില്ല. എല്ലാ വിളകളുടെ വിലയും വലിയ തകര്‍ച്ച നേരിടേണ്ടി വന്നിട്ടുണ്ട്. കര്‍ഷക തൊഴിലാളികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഇല്ല. എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും ആദായം നഷ്ടപ്പെട്ടു. ഗുരുതരമായ സ്ഥിതിയാണ് കര്‍ഷകര്‍ നേരിടുന്നത്. അതിനെ മറികടക്കാനുള്ള യാതൊന്നും ചെയ്യുന്നില്ല.

Anushree Fadnavis
Q

കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യന്‍ ഗ്രാമീണ ജനതയുടെ ജീവിതം എങ്ങനെയാണ്

A

കൊവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രം സഹായിക്കുന്നില്ല. ജിഎസ്ടി വിഹിതം നല്‍കുന്നില്ല. പ്രധാനമന്ത്രി കെയര്‍സ് എന്ന നിധിയിലേക്കാണ് പണം ശേഖരിക്കുന്നത്. കര്‍ഷക- തൊഴിലാളി വര്‍ഗ്ഗ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍ കുറച്ച് ആവശ്യങ്ങള്‍ വച്ചിരുന്നു. ജോലി നഷ്ടപ്പെട്ട്, വരുമാനം ഇല്ലാതായവര്‍ക്ക് വേണ്ടി ഓരോ മാസവും ചുരുങ്ങിയത് 7500 രൂപയെങ്കിലും സഹായം നല്‍കണം, റേഷന്‍ കടകളിലൂടെ 10 കിലോ അരിയോ ഗോതമ്പോ വിതരണം ചെയ്യണം, കേരള മാതൃകയില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യണം, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കണം എന്നിവയായിരുന്നു പ്രധാന നിര്‍ദേശങ്ങള്‍. അത് നടപ്പിലാക്കിയില്ല. വിഭജനത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ പലായനമാണ് നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് ഉണ്ടായത്. നാല് മാസത്തിനിടെ ഈ യാത്രയ്ക്കിടെ ആത്മഹത്യകളും അപകടങ്ങളിലുമായി 1000ത്തിലധികം തൊഴിലാളികള്‍ മരിച്ചിട്ടുണ്ട്. തൊഴിലില്ലായ്മ വലിയ തോതില്‍ കൂടി. സിഎംഐഈയുടെ കണക്ക് പ്രകാരം ഇത് 27ശതമാനമാണ് തൊഴിലില്ലായ്മ. തൊഴിലുറപ്പ് പദ്ധതിയിലൂടെ ഇതിന് പരിഹാരം കാണുകയോ തൊഴിലില്ലായ്മ വേതനം നല്‍കുകയോ വേണമെന്ന നിര്‍ദേശവും കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു.

കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ സാമ്പത്തിക അജണ്ടകള്‍ നടപ്പിലാക്കാനുള്ള സമയമായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. നവലിബറല്‍ നയങ്ങള്‍ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ചോദ്യം ചെയ്യപ്പെടുമ്പോഴാണ് ഇവിടെ നടപ്പാക്കുന്നത്. നീതി ആയോഗിന്റെ ചെയര്‍പേഴ്സണ്‍ (സിഇഒ) സുവര്‍ണ്ണാവസരം എന്നാണ് പറഞ്ഞത്. തൊഴില്‍, ഭൂമി, മാര്‍ക്കറ്റ് എന്നീ മേഖലകളില്‍ മാറ്റം വരുത്തുകയാണ്. തൊഴില്‍ സമയത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാറ്റം വരുത്തുന്നുണ്ട്. തൊഴിലാളി വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുകയാണ്. കാര്‍ഷിക മേഖലയെ ബാധിക്കുന്ന മൂന്ന് ഓര്‍ഡിനന്‍സുകളും കൊണ്ടു വന്നു. അടിയന്തരഘട്ടങ്ങളില്‍ പോലും കുത്തകകള്‍ക്ക് കര്‍ഷകരില്‍ നിന്നും അവശ്യവസ്തുക്കള്‍ വാങ്ങി സംഭരിക്കാനും കയറ്റുമതി ചെയ്യാനും അനുവദിക്കുന്നതാണ് ഒര് ഓര്‍ഡിനന്‍സ്. സാധാരണക്കാര്‍ക്ക് വിലക്കയറ്റം നേരിടേണ്ടി വരും. കൃത്രിമ ഭക്ഷ്യക്ഷാമം സൃഷ്ടിക്കാനും കഴിയും.

എവിടെ വേണമെങ്കിലും വിളകള്‍ വില്‍ക്കാനുള്ള അനുമതി കര്‍ഷകര്‍ക്ക് നല്‍കിയെന്ന് അവകാശപ്പെടുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോഴും കര്‍ഷകര്‍ക്ക് കിട്ടിയിട്ടില്ലെന്നും നരേന്ദ്രമോദിയാണ് അത് നല്‍കിയെന്നും പ്രചരിപ്പിക്കുന്നു. കള്ളപ്രചരണമാണത്. 6700ഓളം അഗ്രിക്കള്‍ച്ചറല്‍ പ്രോഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി യാര്‍ഡുകളും 23000 ചെറിയ ചന്തകളും ഇവിടെയുണ്ട്. 85 ശതമാനം കര്‍ഷകരും അഞ്ച് ഏക്കറില്‍ താഴെ കൃഷി ഭൂമിയുള്ളവരാണ്. അവര്‍ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ കൊണ്ടു പോയി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ സാഹചര്യമില്ല.

താങ്ങുവില യും സര്‍കാര്‍ സംഭരണവും പിന്‍വലിക്കാന്‍ ഉള്ള തയ്യാറെടുപ്പ് ആണ്.ഈ രീതിയിലാണ് നയങ്ങള്‍.കരാര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതാണ് മറ്റൊന്ന്. ഇതിലൂടെയെല്ലാം കോര്‍പ്പറേറ്റ് കമ്പനികളെ സഹായിക്കുകയാണ്.കര്‍ഷകരുടെ കടങ്ങള്‍ അവഗണിക്കുന്ന സര്‍ക്കാര്‍ വിജയ് മല്യയെ പോലെയുള്ളവരുടെ കടം എഴുതി തള്ളുന്നു.

Q

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ കൊവിഡ് കാലത്തെ ഇടപെടലുകളെയും പ്രവര്‍ത്തനങ്ങളെയും എങ്ങനെ വിലയിരുത്തുന്നു

A

പ്രതിപക്ഷം കൂടുതല്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ട സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ജനാധിപത്യ അവകാശങ്ങള്‍ ഇല്ലാതാക്കപ്പെടുകയും ഭരണഘടന തന്നെ ഭീഷണി നേരിടുകയും ചെയ്യുകയാണ്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും രാമക്ഷേത്ര നിര്‍മ്മാണത്തെ സ്വാഗതം ചെയ്യുകയാണ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ അവര്‍ക്കും താല്‍പര്യമില്ല. ഇടതുപക്ഷ സംഘടനകള്‍ മാത്രമാണ് ശ്രമം നടത്തിയത്. ഓഗസ്ത് ഒമ്പതിന് ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും സമരം നടത്തും. 250 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയും തൊഴിലാളി സംഘടനകളും ഭൂമി അധികാര്‍ അന്ദോളന്‍ എന്ന കൂട്ടായ്മയും ചേര്‍ന്നാണ് സമരം സംഘടിപ്പിക്കുന്നത്. കോര്‍പ്പറേറ്റ് കൊള്ള അവസാനിപ്പിച്ച് ഇന്ത്യയെ രക്ഷിക്കുക എന്നതാണ് ഇതിലെ ഒരു മുദ്രാവാക്യം.

Related Stories

No stories found.
logo
The Cue
www.thecue.in