പരാജിതരുടെ ചാവുനിലങ്ങൾ

പരാജിതരുടെ ചാവുനിലങ്ങൾ

ദളിത് കർതൃത്വത്തോട് ഏറ്റവും സൂക്ഷ്മമായി ഐക്യപ്പെട്ട്, കേരളത്തിലെ ദളിത് ജീവിതങ്ങളുടെ സംഘർഷ നിലങ്ങളെ ആഴത്തിൽ ആഖ്യാനം ചെയ്തെടുത്ത ഡോക്യുമെന്ററി അനുഭവമാണ് സാനു കുമ്മിളിന്റെ ‘6 Feet Under’.

ജാതി എന്നത് വ്യക്തിയുടെ ഇഛയ്ക്ക് പുറത്ത് പ്രവർത്തിക്കുന്ന ഒരു സാമൂഹിക യാഥാർത്ഥ്യമാണ്. അതിന്റെ തട്ട് തട്ടായുള്ള അസമത്വവ്യവസ്ഥിതിയിൽ മേൽ തട്ടിലുള്ളവർക്ക് അതൊരു സാംസ്കാരിക മൂലധനവും, കീഴ്ത്തട്ടിൽ ബാധ്യതയുള്ള വലിയൊരു തെറ്റുമാണ്. ഒരു വ്യക്തി ദളിതനായി ജനിക്കുന്നു എന്നത് കൊണ്ട് മാത്രം അയാൾ കൊല്ലപ്പെടുവാൻ അത് കാരണമാവുന്ന സ്ഥിതി വിശേഷം ഇന്ത്യയിലല്ലാതെ മറ്റെവിടെയാണ് കാണാനാവുക? ഈ കൊലപാതകങ്ങൾ വ്യക്തിയധിഷ്ഠിതമല്ല, മറിച്ച് അത് കീഴ് ജാതിയോടുള്ള ഒരു വിധ്വംസക കുറ്റകൃത്യമാണ്. ഇത് തെറ്റാണെന്നും മാനുഷിക വിരുദ്ധമാണെന്നും മനസിലാക്കുന്നില്ലെന്നു മാത്രമല്ല, ഇതിനെയെല്ലാം ന്യായീകരിക്കുന്ന വലിയൊരു ദർശനവും ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്നു എന്ന് വേണം നമ്മൾ മനസിലാക്കാൻ. ജാതി നിർമിക്കുന്ന വിവേചനം ഇന്ത്യയുടെ അടിസ്ഥാന പ്രശ്നമായി മനസിലാക്കാതെ, ജാതിയെ സംബന്ധിച്ച ചർച്ചകൾ കേവലമായ ജാതിവിരുദ്ധതകളിലേക്കും, സംവരണ വിരുദ്ധ ചർച്ചകളിലേക്കും വഴി മാറിയിട്ടുണ്ട്. സംവരണം ഒരു ഭരണഘടനാ സംവിധാനമായിരിക്കെ അതിനെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണവും ഏക സിവിൽ കോഡുമടക്കം എളുപ്പത്തിൽ നടപ്പിലാവുമെന്ന് ഉറപ്പുള്ള കാലത്താണ് നാം ജീവിക്കുന്നത്.

വരേണ്യജാതിയുടെ കൊണ്ടാടലുകളല്ലാതെ ജാതിയുടെ പ്രവർത്തനവും ജാതി നിർമിക്കുന്ന അസമത്വവും ചർച്ചയാവുന്ന കലാ-സാഹിത്യ സൃഷ്ടികൾ വിരലിലെണ്ണാവുന്നവ മാത്രമാണ്. സാംസ്കാരിക മേൽക്കോയ്മയിൽ ദളിത് സാഹിത്യത്തിനും സിനിമയ്ക്കും കൾച്ചറൽ ഡെപ്പോസിറ്റില്ല എന്നതാണ് കാരണം. മലയാളത്തിൽ തന്നെ നരണിപ്പുഴ ഷാനവാസിന്റെ കരി മാറ്റി നിർത്തിയാൽ സൂഷ്മമായി ജാതിയുടെ പ്രവർത്തനം ചർച്ച ചെയ്ത ചിത്രങ്ങൾ ഇല്ല എന്നു തന്നെ പറയാം.

ഫിക്ഷന്റെ ജനപ്രിയ ഇടത്തിൽ മാത്രമല്ല, ഡോക്യുമെന്ററികൾ പോലുള്ള നോൺ ഫിക്ഷനുകളിലും ഈ അസാന്നിദ്ധ്യം നമുക്ക് കാണാനാവും. ഉള്ളവയെല്ലാം, കർതൃത്വം (ഏജൻസി) ഏറ്റെടുക്കുന്ന തരത്തിൽ മേൽക്കോയ്മ നില നിർത്തുന്നവയുമാണ്. ദളിത് കർതൃത്വത്തോട് ഏറ്റവും സൂക്ഷ്മമായി ഐക്യപ്പെട്ട്, കേരളത്തിലെ ദളിത് ജീവിതങ്ങളുടെ സംഘർഷ നിലങ്ങളെ ആഴത്തിൽ ആഖ്യാനം ചെയ്തെടുത്ത ഡോക്യുമെന്ററി അനുഭവമാണ് സാനു കുമ്മിളിന്റെ '6 Feet Under'.

 പരാജിതരുടെ ചാവുനിലങ്ങൾ
വേണു,രാജീവ് രവി, ആഷിഖ് അബു, ജെയ് കെ; മലയാളത്തില്‍ വീണ്ടുമൊരു ആന്തോളജി ചിത്രം ഒരുങ്ങുന്നു 

വീട്ടിലെ ഒരാൾ മരിച്ചാൽ, അടുക്കള മാന്തിയും നടവഴിയിലും ശവശരീരം കുഴിച്ചിടേണ്ട ഗതികേടിൽ ജീവിയ്ക്കുന്ന മണ്ണിന്റെ പങ്കുവെപ്പിൽ അധികാര കേന്ദങ്ങൾ മന:പൂർവ്വം അകറ്റി നിർത്തിയ ലക്ഷം വീട് കോളനികളിലെ ദളിത് ജീവിതങ്ങളുടെ ഉള്ളു നോവുന്ന സംഘർഷാവസ്ഥയാണ് സാനുവിന്റെ 6 feet under. അധികാരത്തിന്റെയും സ്വത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സ്ഥലത്തിന്റെയും എല്ലാം പങ്കുവെപ്പിൽ പുറന്തള്ളപ്പെട്ട ജീവിതങ്ങളുടെ അതിജീവനത്തിന്റെ കൂടെ നേരാഖ്യാനമാണ് ചിത്രം. ലക്ഷം വീട് കോളനി പദ്ധതി ആദ്യമായി നടപ്പിലാക്കിയ കൊല്ലം ചടയമംഗലം ലക്ഷം വീട് കോളനിയിലെ ജീവിതങ്ങൾക്കാണ് അവസാനമുറക്കത്തിന് ഒരു പിടി മണ്ണില്ലാത്ത അവസ്ഥയുള്ളത്. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയെന്ന് ഊറ്റം കൊളുന്ന ഒരു ജനതയാണ് നമ്മൾ. ആ സമൂഹത്തിൽ തന്നെയാണ് ഇത്രയും വലിയൊരു അസമത്വം നില നിൽക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഏതെങ്കിലും നിലയ്ക്കുള്ള സാമ്പത്തിക വ്യാകരണങ്ങളല്ല, മറിച്ച് ജാതി മാത്രമാണ് ഈ അസമത്വത്തെ നിർമ്മിച്ചിരിയ്ക്കുന്നത്. അശാന്തന്റെ മൃതദേഹം അയിത്തമായ ദേവ വഴികളും പാലത്തിൽ നിന്ന് കെട്ടിയിറക്കുന്ന ശവശരീരങ്ങളും സ്വന്തം വീടിന്റെ അടുക്കള മാന്തി നിർമ്മിയ്ക്കുന്ന ശവകുടീരങ്ങളും അസമത്വമായി കാണാതെ, ആ അസമത്വത്തെ ഏതു വിധേനയും ന്യായീകരിച്ചെടുക്കുന്ന പ്രത്യയ ശാസ്ത്രങ്ങളുള്ള ഒരു രാഷ്ട്രവും ജനസമൂഹവുമാണ് നമ്മുടേത്. ഈ പ്രശ്നത്തെ സൂക്ഷ്മമായി ആവിഷ്കരിച്ചു എന്നതാണ് സാനുവിന്റെ ഡോക്യുമെന്ററിയെ സമീപകാലത്തിറങ്ങിയ ഏറ്റവും മികച്ച വർക്കുകളിലൊന്നായി മാറ്റുന്നത്.

 പരാജിതരുടെ ചാവുനിലങ്ങൾ
മോഹന്‍ലാലിനെ നേരിടാന്‍ സുരേഷ് ഗോപി, ബിഗ് ബോസിനെ വെല്ലാന്‍ നിങ്ങള്‍ക്കുമാകാം കോടീശ്വരനുമായി മഴവില്‍ മനോരമ 

സ്വന്തം മണ്ണിൽ അന്ത്യവിശ്രമം കൊള്ളാൻ ഭാഗ്യമില്ലാതെ പോയ ജനതയ്ക്ക്, പൊതു ശ്മശാനങ്ങളും നിഷേധിയ്ക്കപ്പെടുന്നു. കോളനിവാസികളിലൊരാൾ ഈ ചിത്രത്തിൽ ക്യാമറയോട് പറയുന്നത് ഈ സമൂഹത്തിൽ ജാതി എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്, അതിങ്ങനെയാണ്: " ഞങ്ങൾക്ക് പൊതു ശ്മശാനങ്ങൾ അനുവദിച്ചതാണ്. പക്ഷേ പ്രദേശ വാസികൾ അതെതിർത്തു. കാരണമായി അവർ പറയുന്നത് അതിനരികിലൂടെ ഒരു കനാലൊഴുകുന്നുണ്ട്, അത് മലിനമാവും എന്നാണ്. എന്നാൽ ആ കനാലിനരികിലുള്ള കൃസ്ത്യാനികളുടെ സെമിത്തേരിയോട് പ്രദേശ വാസികൾക്ക് യാതൊരു പ്രതിഷേധവുമില്ല". ശവശരീരങ്ങളിൽ പോലും പ്രവർത്തിക്കുന്ന ജാതി വിവേചനത്തിന്റെ സമാനതകളില്ലാത്ത, ഭയാനകമായ അവസ്ഥയാണ് കോളനിവാസിയുടെ വാക്കുകളിലുള്ളത്. സഹികെട്ട് ശ്മശാനം കയ്യടക്കാനുള്ള ശ്രമത്തെ പോലീസും ഭരണകൂടവും അടിച്ചമർത്തുന്ന കാഴ്ചയും സാനു ക്യാമറയിലൊപ്പിയിരിക്കുന്നു.

ജാതി വിവേചനത്തിനെതിരെയുള്ള ശക്തമായ ദൃശ്യാഖ്യാനമാണ് സാനുവിന്റെ 6 feet under. 2018 ലെ IDSFFK യിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'ഒരു ചായക്കടക്കാരന്റെ മൻകീ ബാത്ത്' ആണ് സാനു കുമ്മിളിന്റെ ആദ്യ ചിത്രം. മാധ്യമ പ്രവർത്തകനായ സാനു, ആറടി മണ്ണ് നിഷേധിയ്ക്കപ്പെട്ടവരെക്കുറിച്ച് നിരവധി തവണ ഫീച്ചറുകൾ എഴുതിയിട്ടുണ്ട്. രണ്ടാം ചിത്രമായ 6 FEET UNDER 2019 ലെ IDSFFK യിൽ പ്രദർശിപ്പിച്ചു. ഇപ്പോൾ നേപ്പാളിലെ കാഠ്മണ്ഡുവിൽ നടക്കുന്ന ഫിലിം സൗത്തേഷ്യയിൽ മത്സര വിഭാഗത്തിലും സൗത്ത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലും സെലക്ഷൻ ലഭിച്ചിട്ടുണ്ട്.

റെയിൽവേ ലൈനിൽ ഇരിയ്ക്കുന്ന കാക്കകളുടെ ദൃശ്യത്തിലാണ് സാനുവിന്റെ 6 FEET UNDER അവസാനിക്കുന്നത്. ട്രെയിൻ വരുമ്പോൾ അവ എങ്ങോട്ടെന്നില്ലാതെ പറക്കുന്നു. ചിലതെല്ലാം തിരിച്ച് ചേക്കേറുന്നു. ഇങ്ങനെ സമൂഹത്തിൽ എല്ലാ പങ്കുവെയ്പ്പുകളിലും പരാജയപ്പെട്ടു പോയവർ റെയിൽവേ ഇലക്ട്രിക് ലൈനിലെ കാക്കകളെ പോലെ തങ്ങളുടെ ചാവുനിലങ്ങളുടെ അറിയാത്ത ആകാശങ്ങളിലേക്ക് പറക്കുന്നു.

റെഫറൻസ്: സണ്ണി കപിക്കാടിന്റെ വിവിധ പ്രസംഗങ്ങൾ

Related Stories

No stories found.
logo
The Cue
www.thecue.in