'കരുത്തരാണ് ആ സഹപാഠികള്‍', ലോ അക്കാദമി ബാച്ചിലെ കെ.രാജനെയും റോഷി അഗസ്റ്റിനെയും ഓര്‍ത്തെടുത്ത് സലാം ബാപ്പു

'കരുത്തരാണ് ആ സഹപാഠികള്‍', ലോ അക്കാദമി ബാച്ചിലെ കെ.രാജനെയും റോഷി അഗസ്റ്റിനെയും ഓര്‍ത്തെടുത്ത് സലാം ബാപ്പു
Summary

സംവിധായകനും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ട്രഷററുമായ സലാം ബാപ്പു എഴുതുന്നു, മന്ത്രിസഭയിലെത്തിയ ലോ അക്കാദമി കാലത്തെ സഹപാഠികളെ കുറിച്ച്

ചരിത്രം തിരുത്തി കുറിച്ചുകൊണ്ട് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ രാഷ്ട്രീയത്തിനൊപ്പം വ്യക്തിപരമായും ഞാനേറെ സന്തോഷവാനാണ്, ഒരേ ക്ലാസിലിരുന്ന് പഠിച്ച രണ്ട് സഹപാഠികള്‍ ഈ മന്ത്രിസഭയില്‍ അംഗമാണെന്നത് തന്നെയാണ് എന്നെ ആനന്ദിപ്പിക്കുന്ന കാര്യം. വെറും സഹപാഠികള്‍ മാത്രമല്ല, അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് അവര്‍.

തിരുവന്തപുരം ലോ അക്കാദമിയില്‍ 1997-2000 ബാച്ചില്‍ ഞങ്ങളൊടോപ്പം നിയമ ബിരുദ വിദ്യാര്‍ത്ഥികളായിരുന്ന കെ. രാജന്‍ റവന്യു മന്ത്രിയായും റോഷി അഗസ്റ്റിന്‍ ജലവിഭവ വകുപ്പ് മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ ഞങ്ങള്‍ സഹപാഠികള്‍ക്കെല്ലാം നിറഞ്ഞ സന്തോഷവും അഭിമാനവും. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ച് ഉറക്കെ മുദ്രാവാക്യം വിളിച്ച് തുടങ്ങുമ്പോള്‍ അധികാര സ്ഥാനങ്ങള്‍ ഒരിക്കലും മനസ്സിലേക്ക് വരാറില്ല, ആത്മാര്‍ത്ഥമായ ജനസേനവും സമര്‍പ്പണവും നടത്തുന്നവര്‍ക്ക് ഉയരത്തിലെത്താന്‍ കാലം അവസരം നല്‍കും. ആ ഭാഗ്യം നമുക്ക് വേണ്ടപ്പെട്ടവര്‍ക്ക് ലഭിക്കുമ്പോള്‍ വല്ല്യ സന്തോഷം തോന്നാതിരിക്കില്ലല്ലോ... അവര്‍ പിന്നിട്ട വഴികളിലൂടെ എന്റെ ഓര്‍മ്മകള്‍ സഞ്ചരിക്കുന്നു...

ലോ അക്കാദമിയില്‍ ചേരുന്നതിന് മുന്‍പ് തന്നെ വ്യക്തിപരമായി രാജനെ അടുത്തറിയാം, ഞങ്ങളുടെ നാട്ടില്‍ തന്നെയാണ് രാജന്റെ അമ്മവീട്, പൊന്നാനി, വെളിയങ്കോട് കോതമുക്കിലെ മഠത്തില്‍ തറവാട്ടിലെ രമണി ചേച്ചിയുടെ മകന്‍, രാജന്റെ ബാല്യവും കൗമാരവും കോതമുക്കില്‍ തന്നെയായിരുന്നു. പിന്നീട് തൃശൂര്‍ അന്തിക്കാടുള്ള അച്ഛന്റെ തറവാട്ടിലേക്ക് സ്ഥിരതാമസമാക്കിയെങ്കിലും ഇടക്കൊക്കെ 'അമ്മ വീട്ടില്‍ വരുമ്പോള്‍ രാജനുമായി കാണാറുണ്ട്, സംസാരിക്കാറുണ്ട്, അപ്പോഴേക്കും രാജന്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് വളര്‍ന്നിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം എനിക്ക് കൈ വന്നു... ആ സൗഹൃദം ലോ അക്കാദമിയിലും അതിന് ശേഷവും രാജന്‍ നിയമസഭാ സാമാജികനായപ്പോഴും ചീഫ് വിപ്പ് ആയപ്പോഴും തുടര്‍ന്നു. മികച്ച സംഘാടകനായ, സാധാരണക്കരന്റെ മനസ്സറിയുന്ന രാജനു മന്ത്രിയെന്ന രീതിയില്‍ ശോഭിക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. നടന്ന് നീങ്ങിയ വഴികളില്‍ പതിഞ്ഞ് പോയ മുദ്രകള്‍ അത് സാക്ഷ്യപ്പെടുത്തുന്നു.

കേരള കോണ്‍ഗ്രസ് എം, ഇടതുപക്ഷ ചേരിയിലെത്തി ഇപ്പൊ റോഷി അഗസ്റ്റിന്‍ എന്ന സുഹൃത്ത് മന്ത്രിയും. കാലം നമ്മെ ഒരേ രാഷ്ട്രീയ ചേരിയില്‍ നിര്‍ത്തുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമെനിക്കുണ്ട്. നിയമസഭാ സാമാജികനെന്ന രീതിയിലുള്ള ദീര്‍ഘകാല അനുഭവ സമ്പത്ത് മന്ത്രി പദവിയില്‍ തിളങ്ങാന്‍ റോഷി അഗസ്റ്റിന് കരുത്താകും.

മലപ്പുറത്തു നിന്നും തിരുവന്തപുരം ലോ ആക്കാദമിയില്‍ എല്‍ എല്‍ ബിക്ക് പഠിക്കാനായി ചെല്ലുമ്പോള്‍ ക്ലാസിലെ ഗ്‌ളാമര്‍ താരമായിരുന്നു റോഷി അഗസ്റ്റിന്‍, കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കെ. എസ്. സിയുടെ സംസ്ഥാന പ്രസിഡന്റ്, കെ. എസ്. സി. സംസ്ഥാന ഭാരവാഹികളായ എബ്രഹാം പി. മാത്യു, ജിജോ ജോര്‍ജ്, ജോബി പുതുക്കുളങ്ങര എന്നിവരുമായുള്ള എന്റെ സൗഹൃദം റോഷി അഗസ്റ്റിനുമായി ഏറെ അടുക്കാന്‍ അവസരം നല്‍കി, കോളേജ്, എം. എല്‍. എ ഹോസ്റ്റല്‍, കാന്റീന്‍, പാളയത്തെ സായാഹ്നങ്ങള്‍ ആ ബന്ധത്തിന് ദൃഢത നല്‍കി. കോളേജ് കഴിഞ്ഞയുടല്‍ റോഷി എം എല്‍ എയായി, രാഷ്ട്രീയമായി എതിര്‍ ചേരിയിലാണെങ്കിലും ക്യാമ്പസ് സൗഹൃദം തുടര്‍ന്നു, ക്ലാസ്സ് ഗെറ്റുഗതറുമായി ബന്ധപ്പെട്ട് ഇടക്ക് വിളിക്കും. ഇതിനിടയില്‍ തുടര്‍ച്ചയായി അഞ്ചു തവണയായി നിയമസഭയിലെത്തിയ റോഷി കേരള രാഷ്രീയത്തിലെ ഭാഗ്യതാരമായി ഉയര്‍ന്നു, കേരള കോണ്‍ഗ്രസ് എം, ഇടതുപക്ഷ ചേരിയിലെത്തി ഇപ്പൊ റോഷി അഗസ്റ്റിന്‍ എന്ന സുഹൃത്ത് മന്ത്രിയും. കാലം നമ്മെ ഒരേ രാഷ്ട്രീയ ചേരിയില്‍ നിര്‍ത്തുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമെനിക്കുണ്ട്. നിയമസഭാ സാമാജികനെന്ന രീതിയിലുള്ള ദീര്‍ഘകാല അനുഭവ സമ്പത്ത് മന്ത്രി പദവിയില്‍ തിളങ്ങാന്‍ റോഷി അഗസ്റ്റിന് കരുത്താകും.

രാജനും റോഷി അഗസ്റ്റിനും പുറമെ ഐ ബി സതീഷും (കാട്ടാകട) ക്ലാസില്‍ നിന്നുള്ള എം എല്‍ എയാണ്, കഴിഞ്ഞ തവണ ഇവര്‍ക്ക് പുറമെ കല്യാശേരി എം എല്‍ എ ടി.വി രാജേഷും ഉണ്ടായിരുന്നു, രണ്ട് ടേം പൂര്‍ത്തിയാക്കിയതിനാല്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം രാജേഷ് മത്സരിച്ചിരുന്നില്ല. എസ് എഫ് ഐയുടേയും ഡിവൈഎഫ്ഐയുടേയും നാളുകളില്‍ സംഘാടന മികവില്‍ ശ്രദ്ധിക്കപെട്ട രാജേഷ് ഇനി പാര്‍ട്ടിയെ മുന്നോട്ട് നയിക്കട്ടെ... മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശ് പുത്തലത്തും ഇതേ ക്ലാസില്‍ നിന്നുള്ളയാളാണെന്നത് ഭരണ രംഗത്ത് സഹപാഠി മന്ത്രിമാര്‍ക്ക് ഭരണരംഗത്ത് കാര്യങ്ങള്‍ എളുപ്പമാക്കും....

നിരവധി നിയമ വിദഗ്ധരെയും ഭരണകര്‍ത്താക്കളെയും സംഭാവന ചെയ്ത ലോ അക്കാദമിയില്‍ നിന്നും മുപ്പതിലധികം നിയമസഭാ സാമാജികര്‍ വിവിധ കക്ഷികളില്‍ നിന്നായി നിലവിലുള്ള നിയമസഭയിലുണ്ട്, അതില്‍ പത്തു പേര്‍ ഞാന്‍ പഠിച്ചിരുന്ന കാലയളവിലുള്ളവരും. ലോ അക്കാദമിയിലെ പഠനം നല്‍കിയത് ചരിത്രത്തില്‍ അടയാളപ്പെടുത്തി കടന്ന് പോകുന്ന നിരവധി സുഹൃത്തുക്കളേയാണ്.

കഴിവിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് രണ്ടാം പിണറായി സര്‍ക്കാറിലെ അംഗങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളത്, മികവും പുതുമയുമുള്ള ഒരു മികച്ച ടീം... മുന്നോട്ടുള്ള പ്രയാണത്തില്‍ അത് തെളിഞ്ഞ് വരും. അതില്‍ എന്റെ സുഹൃത്തുക്കള്‍ കൂടി ഉള്‍പ്പെട്ടതില്‍ വളരെയധികം സന്തോഷം തോന്നുന്നു. പുതുതലമുറയെ ഭരണമേല്‍പ്പിക്കാന്‍ ഒന്നാം മന്ത്രി സഭയിലെ മികച്ച ഒരുപറ്റം മന്ത്രിമാരെ മാറ്റി നിര്‍ത്തിയതില്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ സങ്കടമറിയിച്ചത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ ഈ അഭിപ്രായം പറയുന്ന ആരുമല്ല, പാര്‍ട്ടി തന്നെയാണു അവരെ നിശ്ചയിച്ചത്. അതേ പാര്‍ട്ടിയാണു ഈ പുതിയ ടീം ഒരുക്കിയതും. അതുപോലെ നല്ല ഭരണം കാഴ്ച വെക്കാനും ചരിത്രത്തില്‍ അടയാളപ്പെടുത്താനും എന്റെ പ്രിയ സുഹൃത്തുക്കള്‍ക്ക് കഴിയട്ടെ... തുടര്‍ഭരണത്തിനായി ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണക്കും ഉതകുന്ന രീതില്‍ പ്രവര്‍ത്തിക്കാന്‍ കഠിനപ്രയത്‌നം നടത്തേണ്ടി വരും. ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in