വൈക്കം മുഹമ്മദ് ബഷീർ; ഇമ്മിണി ബല്യ ഒരാൾ

വൈക്കം മുഹമ്മദ് ബഷീർ;  ഇമ്മിണി ബല്യ ഒരാൾ
Summary

വൈക്കം മുഹമ്മദ്​ ബഷീർ മരിച്ചിട്ട്​ ഇന്ന്​ 29 വർഷം തികയുന്നു.

കവലകളിൽ, മൈതാനങ്ങളിൽ, ഉത്സവപ്പറമ്പുകളിൽ, അങ്ങാടിയിൽ, തെരുവിൽ, വീടകങ്ങളിൽ എല്ലാം ബഷീറിന്റെ കഥാപാത്രങ്ങൾ നമ്മെ ഉറ്റുനോക്കുന്നുണ്ട്. പല കഥാപാത്രങ്ങൾക്കും ബഷീർ നൽകുന്ന പേരുകൾ രസകരമാണ്. ലിബിൻ.കെ.കുര്യൻ എഴുതുന്നു

മനുഷ്യപ്രകൃതിയെയും മനഃശാസ്ത്രത്തെയും സംബന്ധിച്ച ബൗദ്ധികമായ അറിവ് മാത്രം മൂലധനമായുള്ള ഒരു വ്യക്തിക്ക് ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളോട് കൂടിയ സാഹിത്യസൃഷ്ടികൾ നിർമിക്കുവാൻ സാധിക്കുകയില്ല. തങ്ങൾക്ക് ചുറ്റുമുള്ള ലോകത്തെയും അതിലെ സമസ്ത ജീവജാലങ്ങളെയും സൂക്ഷ്മതയോടെ നിരീക്ഷിക്കുവാനുള്ള പാടവമാണ് എഴുത്തുകാർക്ക് ഉണ്ടായിരിക്കേണ്ട സവിശേഷതകളിൽ ഒന്ന്. സമൂഹത്തിനു നേരെ സദാ കണ്ണും കാതും തുറന്നുവെച്ച്, ഭാവനാസമ്പന്നമായ തന്റെ മനസ്സിനെ ആകർഷിക്കുന്ന എന്തും സ്വംശീകരിച്ചാണ് ഓരോ കഥാപാത്രങ്ങളെയും അവർ സൃഷ്ടിക്കുന്നത്. അനുഭവത്തിന്റെയും ആഖ്യാനത്തിന്റെയും കാണാത്ത ലോകങ്ങൾ തന്റെ മാന്ത്രിക തൂലികയാൽ നമുക്ക് കാട്ടിത്തന്ന വിശ്വസാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. വിട പറഞ്ഞിട്ട് മൂന്നു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും മലയാള സാഹിത്യത്തിന്റെ ഉമ്മറക്കോലായിൽ ബഷീർ ഒഴിച്ചിട്ട ചാരുകസേര ഇപ്പോഴും പകരക്കാരനില്ലാതെ ഒഴിഞ്ഞു തന്നെ കിടക്കുന്നു.        

ബോധപൂർവ്വമായ തിരസ്കരണത്തിനും തമസ്കരണത്തിനും വിധേയമായ പാർശ്വവത്കൃതരുടെ ജീവിതം മലയാള സാഹിത്യത്തിന്റെ മുഖ്യധാരയിൽ ഇന്നും ബഷീറിലൂടെ സംസാരിക്കുന്നു. ബഷീർ കൃതികളിലൂടെയുള്ള സഞ്ചാരം അനുഭവത്തിന്റെയും അനുഭൂതികളുടെയും പുതു വൻകരകളിലേക്കു നമ്മെ കൊണ്ടെത്തിക്കുന്നു. ഭാവനാലോകത്തിനപ്പുറമുള്ള യാഥാർഥ്യത്തിന്റെ ഏകാന്തമായ ചെറുദ്വീപുകളാണവ. മലയാളിയുടെ അനുഭവസീമയ്ക്കപ്പുറമുള്ള ശീലമായ ധാരണകളെ തിരുത്തി എഴുതുന്ന പൊള്ളുന്ന സത്യങ്ങളാണവ. ഘടനാപരമായും പ്രമേയപരമായും മൗലികമായ പുതുശില്പങ്ങളാണ് ബഷീറിന്റെ ഓരോ രചനയും. അനുഭവപരമായ സത്യസന്ധതയാണ് ബഷീർ സാഹിത്യത്തിന്റെ മുഖമുദ്ര. കരുണയാണ് ബഷീർ കൃതികളുടെ സത്താപരമായ ഉള്ളടക്കം. അതിനാൽ, അദ്ദേഹത്തിന്റെ സൃഷ്ടികളിൽ നിന്നും പരന്നൊഴുകുന്ന നന്മയുടെ പൂനിലാവ് അനുവാചകരെ വിമലീകരിക്കുന്നു. ചിലപ്പോൾ ചിരിപ്പിച്ചും മറ്റു ചിലപ്പോൾ ചിന്തിപ്പിച്ചും അല്ലെങ്കിൽ കരയിപ്പിച്ചും അവ മനസ്സുകളെ ശുദ്ധീകരിക്കുന്നു. മാനവികതയുടെ ഉയർന്ന തലത്തിലേക്ക് നമ്മെ ആനയിക്കുന്നു.        

വൈക്കം മുഹമ്മദ് ബഷീർ
വൈക്കം മുഹമ്മദ് ബഷീർഫോട്ടോ- പുനലൂർ രാജൻ

അടിസ്ഥാനപരമായി അനുഭവങ്ങളാണ് ബഷീറിന്റെ സർഗ്ഗാത്മകതയുടെ മൂലധനം എന്ന് പറയാം. ദീർഘകാലത്തെ ലോകസഞ്ചാരം ബഷീറിന്റെ അറിവനുഭവങ്ങളുടെ ചക്രവാളങ്ങൾ വിപുലപ്പെടുത്തുകയും കാഴ്ചപ്പാടുകൾ വിശാലമാക്കുകയും ചെയ്തു. ഈ യാത്രകളിൽ അദ്ദേഹം ചെയ്യാത്ത ജോലികളില്ല. സൂഫികളുടെയും സന്യാസികളുടെയും കൂടെ, അവരിൽ ഒരാളായി ബഷീർ ജീവിച്ചത് ഈ സഞ്ചാരകാലത്താണ്. ഹിജഡകളെയും ആൺവേശ്യകളെയും കണ്ടതും ഈ യാത്രകൾക്കിടയിലാണ്. നമ്മൾ കണ്ടതും അറിഞ്ഞതും മാത്രമല്ല ലോകമെന്നും നമ്മൾ അനുഭവിച്ചത് മാത്രമല്ല യാഥാർഥ്യങ്ങൾ എന്നും ബഷീർ തന്റെ രചനകളിലൂടെ മലയാളിയെ ബോധ്യപ്പെടുത്തുകയായിരുന്നു. അനുഭവങ്ങൾ കൊണ്ട് മലയാളിയുടെ ലാവണ്യബോധത്തെയും വരേണ്യബോധത്തെയും അട്ടിമറിക്കുകയായിരുന്നു ബഷീർ ചെയ്തത്. അനുഭവങ്ങളെ അതേപടി ആവിഷ്കരിക്കുകയല്ല ബഷീർ ചെയ്തത്. മറിച്ച്, അവയെ ചെത്തിമിനുക്കി, സത്ത പിഴിഞ്ഞെടുത്ത് അതിൽ കലാംശവും ദാർശനികാംശവും ചേർത്ത് മറ്റൊന്നാക്കി പുതുക്കി പണിയുകയായിരുന്നു.

ജീവിതത്തിൽ കുട്ടിക്കാലം മുതൽ അറിയേണ്ട ഒരാളാണ് ബഷീർ. ഭാഷയുടെ മണമുള്ള, ജീവിത യാഥാർഥ്യങ്ങളുടെ ചൂടും ചൂരും പകരുന്ന സാഹിത്യ സൃഷ്ടികൾ നിർമിക്കുന്ന വളരെ ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് അദ്ദേഹം. തികച്ചും അപരിചിതരായ മനുഷ്യരോട് ഇന്നലെ കണ്ടു മറന്നവരോടെന്ന പോലെ സംവദിക്കാൻ തക്ക സഹൃദയത്വം നെഞ്ചിൽ പേറിയ ഒരു സാധാരണ മനുഷ്യൻ. അനശ്വരവും വിശുദ്ധവുമായ പ്രണയത്തെ കുറിച്ചും മനുഷ്യബന്ധങ്ങളുടെ ഇഴയടുപ്പങ്ങളെ കുറിച്ചും സരസമായും വികാര തീക്ഷ്ണമായും സംസാരിച്ച അസാമാന്യ പ്രതിഭ.

ആ പൂവ് നീ എന്ത് ചെയ്തു?

ഏതു പൂവ്?

രക്തനക്ഷത്രം പോലെ കടും ചെമപ്പായ ആ പൂവ്?

ഓ അതോ....?

അതെ അതെന്തു ചെയ്തു?

തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്?

ചവിട്ടി അരച്ച് കളഞ്ഞോ എന്നറിയുവാൻ...

കളഞ്ഞെങ്കിലെന്ത്?

ഓ... ഒന്നുമില്ല. അതെന്റെ ഹൃദയമായിരുന്നു.

ഹൃദയം നിറഞ്ഞു തുളുമ്പുന്ന പ്രണയത്തെ ഇതിലും മനോഹരമായി വർണിക്കുവാൻ ബഷീറിനല്ലാതെ ആർക്ക് സാധിക്കും?          

സൈനബ വാഴക്കുലയുമായി നനഞ്ഞൊലിച്ചു കരയിൽ കയറി. ഇങ്ങനെ ഒരാൾ കരയിൽ നിൽക്കുന്ന വിവരം അവൾ അറിഞ്ഞില്ല. മണ്ടൻ മുത്തപായെ കണ്ടപ്പോൾ ... നേന്ത്രക്കുല താനെ താഴെ വീണു. അവളുടെ മുഖം ചുവന്നു. ഉടനെ തന്നെ വിളറി വെളുക്കുകയും ചെയ്‌തു. തലമുടിയിൽ നിന്നും മറ്റും വെള്ളം ഒലിപ്പിച്ചു കൊണ്ട് തീർത്താൽ തീരാത്ത വലിയ കുറ്റബോധത്തോടെ അവൾ തലകുനിച്ച് മണ്ടൻ മുത്തപായുടെ തിരുമുമ്പിൽ നിന്നു.

സൈനബാ.... മണ്ടൻ മുത്തപാ പതുക്കെ വിളിച്ചു. ആ വിളിയിൽ സ്നേഹവും വേദനയും പരിഭവവും മറ്റും കലർന്നിട്ടുണ്ടായിരുന്നു എന്നാണ് ചരിത്രം.

ഓ.... എന്ന് സൈനബ പതുക്കെ വിളി കേട്ടു.

നീ ഇച്ചെയ്തതു നല്ലതാണോ?

ഹല്ല.

ഞ്ഞിങ്ങനെ ചെയ്യുവോ?

ഹില്ല.

പോയി വേകം തലേക്ക തൊകർത്തി മുണ്ടും കുപ്പായവും മാറ്റ്. പനി പിടിക്കും.

സൈനബ ഏത്തക്കുല എടുക്കാതെ വീട്ടിലേക്ക് പോയി. മണ്ടൻ മുത്തപായാണ് കുല എടുത്തു കൊണ്ടുപോയി കൊടുത്തത്.  

            പൈങ്കിളി പ്രണയത്തിന് ജീവിതചക്രത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിൽ നിന്നും വളരെയേറെ ദൂരമുണ്ടെന്നും പ്രായോഗിക ജീവിതത്തിന് വൈകാരികതയുടെ അതിലോലഭാവങ്ങൾ അനിവാര്യമല്ലെന്നും വളരെ കൃത്യമായി മുച്ചീട്ടുകളിക്കാരന്റെ മകൾ പറഞ്ഞു വെക്കുന്നുണ്ട്.

            ബഷീർ രചനകളിൽ സമൂഹത്തിലെ അരികു വൽക്കരിക്കപ്പെട്ടവർക്ക് തനതായ ഇടം എപ്പോഴും നൽകുന്നുണ്ട്. സമൂഹത്തിലെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥ ബഷീർ പറയുമ്പോൾ അവ ജീവസ്സുറ്റതായി മാറുന്നു. അവരിൽ ജയിൽപ്പുള്ളികൾ ഉണ്ട്, ഭിക്ഷക്കാരും വേശ്യകളും ചീട്ടുകളിക്കാരും പോക്കറ്റടിക്കാരും പട്ടിണി കിടക്കുന്നവരും സ്വവർഗ്ഗാനുരാഗികളും എല്ലാമുണ്ട്. ആ കാലഘട്ടത്തെ മിക്ക സാഹിത്യകൃതികളിൽ നിന്നും അസ്പൃശ്യത കല്പിക്കപ്പെട്ട മേൽപ്പറഞ്ഞ വിഭാഗങ്ങൾക്ക് രചനാലോകത്ത് ഇടമുണ്ട് എന്ന സന്ദേശം നൽകുക വഴി സോഷ്യലിസത്തിന്റെ ഉദാത്തമായ ആശയങ്ങൾക്കാണ് ബഷീർ ജീവൻ പകരുന്നത്.         

വൈക്കം മുഹമ്മദ് ബഷീർ
വൈക്കം മുഹമ്മദ് ബഷീർ ഫോട്ടോ- പുനലൂർ രാജൻ

സാഹിത്യലോകത്ത് ബഷീർ മുൻപേ പറന്ന പക്ഷിയാണ്‌. സമീപകാലത്ത് മാത്രം നമ്മുടെ സാഹിത്യ സംവാദ വേദികളിലും രചനാലോകത്തും മുഖം കാണിച്ചു തുടങ്ങിയ 'ഭിന്നലിംഗത്തിൽ പെട്ടവരുടെ അഥവാ ലൈംഗിക ന്യൂനപക്ഷങ്ങളുടെ' പ്രശ്നങ്ങൾ പോലും ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് പ്രസിദ്ധീകരിക്കപ്പെട്ട ശബ്ദങ്ങളിൽ വ്യക്തമായി ആവിഷ്കരിച്ചിട്ടുണ്ട് ബഷീർ. കപട നിരൂപകരിലും സദാചാരത്തിന്റെ തീരെ ചെറിയ അളവുകോൽ ഏന്തി നടക്കുന്നവരിലും അങ്കലാപ്പ് സൃഷ്ടിച്ച സാമൂഹിക ഇടപെടൽ ആയിരുന്നു ബഷീറിന്റെ ഈ അടയാളപ്പെടുത്തൽ. അന്നത്തെ മലയാളി സമൂഹത്തിന് ഒട്ടുമേ പരിചിതമല്ലാത്ത സാമൂഹിക യാഥാർഥ്യത്തിന്റെ വാതായനങ്ങൾ തുറന്നിടുകയായിരുന്നു ബഷീർ.                    

നിങ്ങളുടെ അടുത്ത് ആരെല്ലാമാണ് വരുന്നത്?

പെണ്ണുങ്ങളും ആണുങ്ങളും

നിനക്ക് പുരുഷന്മാരെപ്പോലെ ......?

.....സാധ്യമല്ല.

പിന്നെ സ്ത്രീകൾ എന്തിനു നിന്റെ അടുത്ത് വരുന്നു?

അറിഞ്ഞുകൂടേ? ഞങ്ങൾ ആനന്ദിപ്പിക്കും.

... നിന്റെ കഥ എന്നോട് പറയൂ.

എനിക്ക് കഥയൊന്നുമില്ല.

നിന്റെ ചെറുപ്പകാലത്തെപ്പറ്റി. നിനക്ക് അച്ഛനും അമ്മയും ഇല്ലേ?

ഉവ്വ്... ദൂരെ.. ഞാനിപ്പോൾ ഇങ്ങനെയൊക്കെ ആണെന്ന് അവരാരും അറികില്ല....

തലയോലപ്പറമ്പിലെ ഒരു കൊച്ചുവീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങളുടെ കലാപരവും നർമോക്തി തുളുമ്പുന്നതുമായ ആവിഷ്കാരം എന്നതിനപ്പുറം ചൂഷണാത്മകവും സ്നേഹ, വിശ്വാസങ്ങളുടെ ശബ്ദം നേർത്തു വരുന്നതുമായ ഗാർഹികാന്തരീക്ഷത്തിന്റെ സത്യസന്ധമായ വരച്ചുകാട്ടൽ ആണ് പാത്തുമ്മയുടെ ആട്. ഒരു കാലഘട്ടത്തിലെ കുടുംബാന്തരീക്ഷത്തിന്റെ തെളിമയാർന്നതും ആർദ്രത തുളുമ്പുന്നതുമായ ചിത്രീകരണമാണ് ആ കൃതി. 

അബുവിന്റെ ഒച്ച കേട്ടയുടനെ പൂച്ചകൾ ഓടി. കാക്ക പറന്നു. കോഴികൾ പരക്കം പാഞ്ഞു. പാത്തുമ്മയുടെ ആട് അപ്പുറത്ത് പെണ്ണുങ്ങളുടെ അടുത്തേക്കോടി. പിള്ളേര് കരച്ചിൽ നിർത്തി. പരുന്തുകളും എറിയനും നിശബ്ദരായി എങ്ങോ ഒളിച്ചു. സ്ത്രീകളുടെയും വർത്തമാനം നിലച്ചു. വീട് നിശബ്ദമായി.

അബുവിന്റെ ഒച്ച പൊന്തി.

വല്യ ഇക്കാക്ക ഇതെല്ലം അനുവദിക്കുന്നല്ലോ. പൂച്ച, പിള്ളേര്, കോഴി, കാക്ക, ആട്! ആടിനെ തീറ്റി വളർത്താൻ കണ്ട ഒരു സ്ഥലം! എല്ലാത്തിനേം ഞാൻ പാകമാക്കാം - ഉമ്മാ, ആ വടിയും തെറ്റാലിയും എടുത്തോണ്ട് വന്നേ.

പാത്തുമ്മ ഉടനെ സങ്കടത്തോടെ പറയുന്നത് കേട്ടു.

ഖദീജാ, ഞമ്മടെ ആടിനെ വിളി. ഞമ്മക്കീ വീട്ടിൽ അവകാശമൊന്നുമില്ലെന്നു തെളിഞ്ഞു കഴിഞ്ഞ്! വാ പോകാം - പൊന്നുമ്മാ ഞങ്ങള് പോണ്!

അബു ഒച്ചയിട്ടു.

എനിക്കീ വീട്ടിൽ വല്ല അവകാശവും ഉണ്ടോയെന്ന് ഞാനും ഒന്ന് നോക്കട്ടെ. ഇന്ന് ഞാൻ ഹനീഫായ്‌ക്കെനേം കെട്ടിയോളേം പുള്ളേരേം കുടിയിറക്കും.

ഞാനും ഒച്ചയിട്ടു. വലിയ ഒച്ച:

എടാ.... ഈ വീട്ടിൽ നിന്റെ ഒച്ച കേട്ടു പോകരുത്. നിന്റെ എല്ലു ഞാൻ തകർത്തു കളയും.... 

            ഇന്നത്തെ കേരളീയ സമൂഹത്തിൽ ഏതാണ്ട് അന്യം നിന്നുകൊണ്ടിരിക്കുന്ന കൂട്ടുകുടുംബം എന്ന സവിശേഷതയെയും അതിന്റെ സങ്കീർണതകളെയും കുടുംബാംഗങ്ങൾ തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങളുടെ പാരസ്പര്യത്തെയും ഇതിലും ഹൃദ്യമായി എങ്ങനെ അവതരിപ്പിക്കും?          

പലതരം മൃഗങ്ങളും പക്ഷികളും ഭൂമിയുടെ അവകാശികൾ എന്ന കഥയിൽ എന്നത് പോലെ പാത്തുമ്മയുടെ ആടിൽ അടക്കം ഒട്ടേറെ രചനകളിലെ നിറസാന്നിധ്യമാണ്. മലയാള സാഹിത്യലോകത്ത് പാരിസ്ഥിതികാവബോധം സജീവചർച്ചകൾക്കും സംവാദങ്ങൾക്കും പ്രമേയമാകുന്നതിനു വർഷങ്ങൾക്ക് മുൻപേ ബഷീറിന്റെ പല കൃതികളിലും പാരിസ്ഥിതികമായ സന്ദേഹങ്ങളും ആലോചനകളും പലപ്പോഴും കടന്നുവരുന്നത് കാണാൻ കഴിയും. മനുഷ്യനോടൊപ്പം ഇതരജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന ഉത്കൃഷ്ടമായ കാഴ്ചപ്പാട് ബഷീർ ആന്തരവൽക്കരിച്ച ദാർശനീകാവബോധത്തിന്റെ ഗരിമയാണ്. പ്രപഞ്ചത്തെ മുഴുവൻ നെഞ്ചോടു ചേർക്കുന്ന ഏകത്വ ബോധമാണിത്. 

            കവലകളിൽ, മൈതാനങ്ങളിൽ, ഉത്സവപ്പറമ്പുകളിൽ, അങ്ങാടിയിൽ, തെരുവിൽ, വീടകങ്ങളിൽ എല്ലാം ബഷീറിന്റെ കഥാപാത്രങ്ങൾ നമ്മെ ഉറ്റുനോക്കുന്നുണ്ട്. പല കഥാപാത്രങ്ങൾക്കും ബഷീർ നൽകുന്ന പേരുകൾ രസകരമാണ്. മുച്ചീട്ടുകളിക്കാരൻ ഒറ്റക്കണ്ണൻ പോക്കർ, മകൾ സൈനബ, പോക്കറ്റടിക്കാരൻ മണ്ടൻ മുത്തപാ, പൊൻകുരിശു തോമാ, ആനവാരി രാമൻ നായർ, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങിയ പേരുകളും അവരുടെ സംസാര രീതികളും ആസ്വാദ്യത നഷ്ടപ്പെടാതെ വായനക്കാരെ മുന്നോട്ട് നയിക്കുന്നവയാണ്. ഗ്രാമ്യജീവിതത്തിന്റെ ലാളിത്യവും നനവും നോവും വേവും വിഹ്വലതകളും സമം ചേർത്ത് കണ്ണിയിണക്കി ബഷീർ വായനക്കാർക്ക് വിരുന്നൂട്ടി. അനുഭവങ്ങളുടെ വെയിലും മഴയും കുളിരും അനുഭവിച്ച ഉമ്മറക്കോലായിൽ ആഖ്യയും ആഖ്യാതവും ഇല്ലാതെ നല്ല ചപ്ലാച്ചി ഭാഷയിൽ നർമം ചാലിച്ച് ബഷീറിയൻ ഭാഷയെന്ന ക്യാൻവാസിലേക്ക് ഈ വിരുന്നു വിളമ്പി നൽകി.

            ദുരൂഹതയോ ദുർഗ്രാഹ്യതയോ ഇല്ലാത്ത, ആറു വയസ്സുകാരനും അറുപതു വയസുകാരനും ഒരുപോലെ സംവേദനം സാധ്യമാകുന്ന ചൊവ്വായ ഭാഷയാണ് ബഷീറിന്റേത്. വായനക്കാരെ ബഷീറിലേക്ക് ചേർത്തടുപ്പിക്കുന്നതിൽ ഭാഷ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. "ഇതിലെ ആഖ്യാതം എവിടെ" എന്ന് ചോദിച്ച് ബഷീറിനെ വ്യാകരണം പഠിക്കാൻ ഉപദേശിക്കുന്ന സഹോദരൻ അബ്ദുൾഖാദറിനോട് "അവന്റെ ഒരു ലൊടുക്കൂസ് ആഖ്യയെന്നും ചട്ടുകാലൻ ആഖ്യാതമെന്നും പളുങ്കൂസൻ വ്യാകരണമെന്നും" ശകാരിക്കുന്ന ബഷീർ നമുക്ക് മുന്നിൽ പ്രകടിപ്പിക്കുന്ന എതിർപ്പിന്റെ സ്വരം ഉണ്ട്. ജീവിതവുമായി ബന്ധമില്ലാത്ത, വ്യാകരണ അലങ്കാര ഭാഷാ ശാസ്ത്രാദികളിൽ നിരന്തരം കലഹിക്കാൻ താൽപര്യപ്പെടുന്ന വൈയാകരണന്മാരോടുള്ള ധൈഷണികമായ വിയോജിപ്പാണ് ഈ എതിർപ്പിന് ആധാരം. സാഹിത്യം ഹൃദയത്തിൽ നിന്നും വരേണ്ടതാണെന്നും കൃത്രിമവും അനാവശ്യവുമായ ബാഹ്യമോടികൾക്കൊന്നും അതിൽ സ്ഥാനമില്ലെന്നുമുള്ള ഉറച്ച ബോധ്യമാണ് ബഷീറിന്റെ തൂലികയെ എക്കാലവും മുന്നോട്ട് നയിച്ചുപോന്നത്. അലക്കിത്തേച്ച് വടിവൊപ്പിച്ച വ്യാകരണവഴക്കങ്ങൾ രചനാലോകത്തിന്റെ അതിർത്തികൾക്ക് പുറത്തേക്ക് തള്ളി വരമൊഴിയുടെ ഭാഗമാക്കി തീർത്ത അനേകം വാമൊഴികളും ശബ്ദങ്ങളുമാണ് ഇതര എഴുത്തുകാരിൽ നിന്നും ബഷീറിനെ വ്യത്യസ്തനാക്കുന്നത്.

            ബഷീറിന്റെ മിക്ക കൃതികളും പല തവണ മാറ്റി എഴുതിയും വെട്ടി തിരുത്തിയുമാണ് അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ബാല്യകാലസഖി ആദ്യം എഴുതിയത് അഞ്ഞൂറ് പുറങ്ങളിൽ ആയിരുന്നു. അവ പത്തോളം തവണ മാറ്റിയെഴുതി, ഭാഷയെ ചെത്തി മിനുക്കി കൂർപ്പിച്ച് ഇന്ന് കാണുന്ന രൂപത്തിലേക്ക് കൊണ്ടുവന്നു. ബാല്യകാലസഖി ബഷീർ ആദ്യം എഴുതിയത് ഇംഗ്ലീഷിൽ ആയിരുന്നു. തുടർന്നും  ഇംഗ്ലീഷ്  ഭാഷയിൽ ആയിരുന്നു ബഷീറിന്റെ രചനകൾ നടത്തിയത് എങ്കിൽ ലോകോത്തര എഴുത്തുകാരിൽ പ്രമുഖനായി അദ്ദേഹം ഗണിക്കപ്പെടുകയായിരുന്നു.

            ഹുലീ ഹലീയോ ഹുലി, കുണ്ട്രപ്പി , ബുസ്സാട്ടോ, ഡ്രങ്ക്‌ ഡിങ്കാഹോ, ഹുലാലോ തുടങ്ങിയ രസകരമായ വാക്കുകളും പ്രയോഗങ്ങളും മലയാള സാഹിത്യത്തിന് ബഷീറിന്റെ സംഭാവന ആയിരുന്നു എന്ന് പറയാം. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന്, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, വെളിച്ചതിനെന്തു വെളിച്ചം തുടങ്ങി വിവർത്തകർക്ക് അസാധ്യമായ നിരവധി പ്രയോഗങ്ങൾ ഭാഷയ്ക്ക് അദ്ദേഹം സംഭാവന ചെയ്തു.  കാലദേശങ്ങൾക്ക് അതീതമായ വ്യാഖ്യാനസാധ്യതകൾ നമുക്ക് മുന്നിൽ തുറന്നിടുന്നുണ്ട് ഓരോ ബഷീർ രചനയും. ഇത്ര വർഷങ്ങൾക്ക് ശേഷവും അദ്ദേഹത്തിന്റെ രചനകൾ വായിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചെയ്തുപോരുന്നത് കാലാതിവർത്തിയായ അവയിലെ ഇതിവൃത്തങ്ങൾ  കൊണ്ടാവാം.   

Related Stories

No stories found.
logo
The Cue
www.thecue.in