വായിച്ചുതീരാത്ത ചിത്രമെഴുത്തുകൾ

ആർട്ടിസ്റ്റ് നമ്പൂതിരി
ആർട്ടിസ്റ്റ് നമ്പൂതിരിNamboodiri
Published on

നമ്പൂതിരിയുടെ വര ഞാനാദ്യം കാണുന്നത് എന്റെ കൗമാരത്തിൽ ഒരു പഴയ വാർഷികപ്പതിപ്പിലാണ്. ചന്ദ്രികയാണെന്നാണ് ഓർമ. മൂത്താപ്പാക്ക് വാരികകളും പുസ്തകങ്ങളും അടുക്കിവെച്ച ഒരു ചെറിയ ട്രങ്ക്‌പെട്ടിയുണ്ടായിരുന്നു. അതിൽ നിന്നാണ് ആ പുസ്തകം കിട്ടിയത്. നമ്പൂതിരിയുടെ ഒരു അഭിമുഖവും അതിലുണ്ടായിരുന്നു. അമൂർത്തമായ രേഖകളിലൂടെ മൂർത്തമായ ചിത്രഭാവം തീർക്കുന്നതിന്റെ അൽഭുതം ഞാനാ വരകളിൽ കണ്ടു. അഭിമുഖം ഒറ്റയിരുപ്പിന് വായിച്ചു. നമ്പൂതിരി എന്ന സിഗ്നേച്ചർ അങ്ങനെ മനസ്സിൽ പതിഞ്ഞതാണ്.

പിന്നീട് കലാകൗമുദിയിലും മലയാളം വാരികയിലും അലസമെന്ന് തോന്നുന്ന വരകളിലൂടെ കഥാപാത്രങ്ങളുടെ ഭാവരസങ്ങളെ രേഖപ്പെടുത്തുന്നത് കൗതുകത്തോടെ അനുഭവിച്ചു. കോഴിക്കോട് യൂണിവേഴ്‌സൽ ആർട്‌സിൽ ചിത്രകല പഠിക്കുമ്പോഴാണ് ലൈബ്രറികളിൽ കയറി പഴയകാല മാതൃഭൂമി ആഴ്ചപ്പതിപ്പുകൾ തിരഞ്ഞുപിടിച്ച് ദേവനെയും നമ്പൂതിരിയെയും എ.എസിനെയുമെല്ലാം പഠിക്കാൻ ശ്രമിക്കുന്നത്. മൂന്നാളും മൂന്നുവഴികളിലൂടെ അതിഗംഭീരമായി വരച്ചുനടന്നത് കണ്ടറിഞ്ഞു.

മലയാളിയുടെ വായനാനുഭവത്തെ മാറ്റിപ്പണിതതിൽ നമ്പൂതിരിയുടെയും എ.എസിന്റെയുമെല്ലാം വരകൾക്ക് പങ്കുണ്ട്. ദൃശ്യാനുഭവത്തിന്റെ പുതിയ ഭാവങ്ങളിലേക്ക് നമ്പൂതിരി വരകളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോയി. അതുല്യ സാഹിത്യരചകൾക്ക് അദ്ദേഹം രേഖാചിത്രങ്ങളിലൂടെ പൂർണത നൽകി എന്നു പറയാം. അത്തരം കൃതികൾ വായിക്കുമ്പോഴും അവയെ കുറിച്ച് സംസാരിക്കുമ്പോഴും അതിനോടൊപ്പം വന്ന വരകൾ കൂടി ചേർത്തുപറയുന്ന സ്ഥിതിയുണ്ടായി. പിന്നീടുവന്ന ചിത്രകാരൻമാർ നമ്പൂതിരിയെ അനുകരിക്കാൻ ശ്രമിച്ചു. നമ്പൂതിരി ശൈലി ഒരു ബ്രാന്റായി മലയാള സാഹിത്യത്തിൽ അടയാളപ്പെട്ടു. ഇല്ലസ്‌ട്രേഷൻ കുറേ കാലം ആ മായാവലയത്തിൽ പെട്ടുകിടന്നു.

പൊന്നാനിയിലെ വീട്ടുമുറ്റത്തെ മണലിൽ ഈർക്കിലുകൊണ്ട് ചിത്രരൂപങ്ങളുണ്ടാക്കിയ കുട്ടിക്കാലത്തെ നമ്പൂതിരി ഓർത്തെടുക്കാറുണ്ട്. മണലിൽ ഈർക്കിലു കൊണ്ടു വരക്കുമ്പോൾ രൂപപ്പെടുന്ന ഇരുളും വെളിച്ചവും അതിന് ത്രിമാന സ്വഭാവം നൽകുന്നതിനെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മണലിൽ ഈർക്കിലു കൊണ്ടു വരക്കുന്ന പോലെ തന്നെയാണ് നമ്പൂതിരി അവസാനം വരെ വരച്ചതെന്നാണ് തോന്നാറ്. രേഖകൾക്ക് ത്രിമാന സ്വഭാവം പ്രതിഫലിപ്പിക്കാനാവുമെന്ന് അങ്ങനെയാണ് നമ്പൂതിരി കാണിച്ചുതന്നത്.

നമ്പൂതിരിയുടെ വരകൾ അദ്ദേഹത്തിന്റെ ജീവിതപരിസരവുമായി ഉൾച്ചേർന്നുകിടക്കുന്നതായിരുന്നു. വീട്ടമ്പലത്തിന്റെ പിന്നിലെ ധാരുശിൽപങ്ങളിൽ നിന്ന് ആവേശം ഉൾക്കൊണ്ടതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ക്ഷേത്രങ്ങളിലെ കലാവിഷ്‌കാരങ്ങളുടെ കരുത്തിനെ അദ്ദേഹം വരകളിലേക്ക് ആവാഹിക്കാൻ ശ്രമിച്ചിട്ടുണ്ട്.

ലളിത മനോഹരമായിരുന്നു നമ്പൂതിരിയുടെ രേഖാചിത്രങ്ങൾ. ഉയരമുള്ള ആണുങ്ങളും പെണ്ണുങ്ങളും. മനോഹരമായ അഴകളവുകളുള്ള മനുഷ്യർ. നമ്പൂതിരിയുടെ സ്ത്രീകൾ സുന്ദരികളായിരുന്നു. രചനയുടെ വൈകാരികാവസ്ഥകളെ ചുരുങ്ങിയ വരകളിലൂടെ അദ്ദേഹം ആവിഷ്‌കരിച്ചു.

എ.എസിന്റെ ചിത്രങ്ങളിൽ കട്ടിവരകളുടെ തീവ്ര വൈകാരികതയായിരുന്നു പ്രതിഫലിച്ചിരുന്നതെങ്കിൽ നമ്പൂതിരിയുടെ രേഖകൾ അതിലളിതവും ആകർഷകവുമായിരുന്നു. നേർത്തു കറുത്ത രേഖകളിലൂടെ ചലനാത്മകമായ അന്തരീക്ഷത്തെ അദ്ദേഹം സൃഷ്ടിച്ചു. എണ്ണിയെടുക്കാവുന്ന രേഖകളിലൂടെ കഥാപാത്രങ്ങൾ പൂർണരായി. ധ്വനി പ്രദാനമായിരുന്നു വരകളേറെയും. സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന സ്ത്രീയുടെ ചിത്രത്തിൽ നമ്പൂതിരി വരക്കാത്ത സ്‌കൂട്ടറിനെ വായനക്കാർ വരച്ചുചേർത്തു. ആംഗ്യഭാഷയെ ചിത്രഭാഷയായി പരിവർത്തിപ്പിക്കുന്ന ഒരു മാജിക് അതിലുണ്ടായിരുന്നു. കഥാപാത്രത്തിന്റെ നിൽപ്പിൽ നിന്ന് പരിസരത്തെ വായനക്കാരൻ പൂരിപ്പിച്ചു. കഥയെ ചിത്രം പൂരിപ്പിക്കുന്ന പോലെ, ചിത്രം കഥയെ പൂരിപ്പിക്കുന്ന പോലെ. സൂക്ഷ്മമായ വൈകാരികാവസ്ഥകളെ പോലും നമ്പൂതിരി നേർത്ത വരകളിലൂടെ അനുഭവവേദ്യമാക്കി.

ജനപ്രിയനായ ചിത്രകാരനായിരുന്നു നമ്പൂതിരി. യേശുദാസിന്റെ പാട്ട് ഇഷ്ടപ്പെടുന്ന പോലെ മലയാളികൾ നമ്പൂതിരിയുടെ വരകളെ ഇഷ്ടപ്പെട്ടു. നമ്പൂതിരി വരകളിൽ ഒരു താളമുണ്ടായിരുന്നു. പാട്ടുണ്ടായിരുന്നു. സർഗാത്മകമായി നമ്പൂതിരിയേക്കാൾ പലപ്പോഴും മുന്നിൽ നിൽക്കുന്നുവെന്ന് തോന്നിയിട്ടുള്ള സമകാലികരായ എ.എസിനും ദേവനുമൊന്നും നമ്പൂതിരിയോളം ജനപ്രിയരാവാൻ സാധിച്ചില്ല. രാജാരവിവർമക്ക് ശേഷം കേരളത്തിൽ ഇത്രയേറെ അറിയപ്പെട്ട ചിത്രകാരൻമാർ ഏറെയില്ല. രാജാരവിവർമ അദ്ദേഹത്തിന്റെ പെയ്ന്റിംഗുകൾ പ്രിന്റ് ചെയ്ത് വിതരണം ചെയ്തിരുന്നു. ആളുകൾക്കിടയിലേക്ക് പെയ്ന്റിംഗുകൾ പ്രിന്റ് രൂപത്തിൽ എത്തിയതുകൊണ്ടു കൂടിയാണ് രാജാരവിവർമ ജനപ്രിയനായത്. സാധാരണക്കാർ ആർട്ട് ഗാലറികളിൽ വന്ന് ചിത്രം കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരം ഇന്നും കേരളത്തിൽ വിപുലപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ആനുകാലികങ്ങളിൽ വരക്കുന്നവരെ ജനങ്ങൾ കാണുന്നതും ഇഷ്ടപ്പെടുന്നതും. ആനുകാലികങ്ങളിലൂടെ ചിത്രങ്ങൾ ജനങ്ങളിലേക്ക് എത്തുകയാണ്. അങ്ങനെയാണ് നമ്പൂതിരി അവരുടെ മനസ്സിൽ ഇടം നേടിയത്. തന്റെ ജീവിത പരിസരത്തിലെ കാഴ്ചാനുഭവങ്ങളെ സാഹിത്യത്തിന്റെ ഭാഗമായി പുനരാവിഷ്‌കരിക്കുക കൂടിയാണ് നമ്പൂതിരി ചെയ്തത്.

അദ്ദേഹത്തിന്റെ വരകൾക്ക് ആസ്വാദകരുള്ള പോലെ തന്നെ വിമർശകരുമുണ്ടായി. പുരുഷക്കണ്ണിലൂടെയാണ് നമ്പൂതിരി സ്ത്രീകളെ വരക്കുന്നതെന്ന തരത്തിലുള്ള ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. ആര്യഭാവമുള്ളതാണ് നമ്പൂതിരി വരകളെന്നും പറയുന്നവരുണ്ട്. ശൂദ്രന്റെ ചിത്രം വരക്കുമ്പോൾ പോലും ബ്രാഹ്മണഛായ ഉണ്ടാവുമെന്ന് ആക്ഷേപിക്കുന്നവരുമുണ്ട്.

വക്കം മൗലവി പഠനകേന്ദ്രത്തിന്റെ സാസ്‌സ്‌കാരിക വിനിമയ യാത്രയുടെ ഭാഗമായാണ് അദ്ദേഹത്തിന്റെ മനയിൽ പോവുന്നതും അടുത്ത് സംസാരിക്കുന്നതും. വരകൾ പോലെ തന്നെ എളിമയുള്ള സ്വഭാവത്തിനുടമായിരുന്നു നമ്പൂതിരി. കലാകാരന് പ്രത്യേകതയൊന്നുമില്ലെന്നും അവനും ഒരു സാധാരണ മനുഷ്യനാണെന്നുമായിരുന്നു നമ്പൂതിരിയുടെ ബോധ്യം. എല്ലാ മനുഷ്യർക്കും പലവിധത്തിലുള്ള കഴിവുകളുണ്ടെന്നും അവരത് പല രൂപത്തിൽ വിനിയോഗിക്കുന്നുണ്ടെന്നും കലാകാരൻ അവരിലൊരാൾ മാത്രമാണെന്നും അദ്ദേഹം പറയാറുണ്ട്.

അപ്ലൈഡ് ആർട്ടാണ് മദ്രാസ് ഫൈൻ ആർട്‌സിൽ നിന്ന് നമ്പൂതിരി പഠിക്കുന്നത്. അപ്ലൈഡ് ആർട്ട് പരസ്യകലയുടെ ഭാഗമാണ്. പരസ്യകല ആകർഷകവും ആളുകളെ സ്വാധീനിക്കുന്നതുമായിരിക്കണം. ഒരു വർഷമാണ് ഫൈൻ ആർട്‌സ് പഠിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അപ്ലൈഡ് ആർട്ടിലുള്ള പരിശീലനം നമ്പൂതിരിയുടെ വരയെ സ്വാധീനിച്ചിട്ടുണ്ടാവാം. നല്ലൊരു ഡിസൈൻ ആർട്ടായി പേജിൽ കഥക്കൊപ്പം വിന്യസിക്കാനുള്ള സാധ്യത കൂടി അപൂർണമായി മുറിഞ്ഞു പോവുന്ന രേഖകളാൽ തീർത്ത ചിത്രങ്ങൾക്കുണ്ട്. ചിത്രത്തിനൊപ്പം വരുന്ന രചനയും അത് പ്രിന്റ് ചെയ്ത പ്രതലവും വായനക്കാരന്റെ മനസ്സും ഉൾച്ചേരുമ്പോഴാണ് ആ ചിത്രങ്ങൾ പൂർണമാവുന്നത്.

പത്മരാജന്റെയും അരവിന്ദന്റെയും കൂടെ നടത്തിയ സിനിമാ പ്രവൃത്തിയിലും ഈ കലയുടെ ഊഷ്മളത അനുഭവിക്കാനായിട്ടുണ്ട് മലയാളിക്ക്. 'ഞാൻ ഗന്ധർവനി'ലെ ഗന്ധർവന്റെ ലളിതവും ശക്തവുമായ ആവിഷ്‌കാരം നമ്പൂതിരിയുടെ ഭാവനയാണ്. ഉത്തരായത്തിലെയും കാഞ്ചനസീതയിലെയും കലാസംവിധാനം വേറിട്ടുനിൽക്കുന്നു. കാഞ്ചനസീതയിലെ വസ്ത്രാലങ്കാരം ലളിതമെങ്കിലും എത്രമാത്രം ഗഹനമാണ്.

രേഖാചിത്രകാരൻ എന്നതിനപ്പുറത്ത് ഒരു സ്വതന്ത്ര ചിത്രകാരനെന്ന നിലക്ക് നമ്പൂതിരിക്ക് വിജയിക്കാനായിട്ടുണ്ടോ. സ്വതന്ത്ര ചിത്രകാരനാവാനാണ് നമ്പൂതിരി മാതൃഭൂമി വിടുന്നത്. എന്നാൽ വീണ്ടും അദ്ദേഹം രേഖാചിത്രത്തിലേക്ക് തന്നെ തിരിച്ചുവരുന്നുണ്ട്, കലാകൗമുദിയിലൂടെ... നമ്പൂതിരിയുടെ ശിൽപ, പെയ്ന്റിംഗ് പരീക്ഷണങ്ങളെല്ലാം രേഖാചിത്രങ്ങളുടെ തുടർച്ചയാണെന്ന് തോന്നിയിട്ടുണ്ട്.

നമ്പൂതിരിയുടെ കാഴ്ചയിൽ ഒരു ചിത്രവും വരച്ചുതീരുന്നില്ല, നിർത്താൻ തോന്നുന്ന ഒരിടത്ത് നിർത്തുന്നു. അങ്ങനെ വരച്ചുതീരാത്ത ഒരു ചിത്രമായി ഒരിടത്ത് നമ്പൂതിരി വര നിർത്തിയിരിക്കുന്നു... നമ്പൂതിരി വരകളുടെ നൈർമല്യം മലയാള സാഹിത്യത്തോടൊപ്പം നിലനിൽക്കും. നമ്പൂതിരി വരക്കുകയായിരുന്നില്ല, ചിത്രമെഴുതുകയായിരുന്നു....

Related Stories

No stories found.
logo
The Cue
www.thecue.in