അമിത് ഷാ ആഭ്യന്തരം ഭരിക്കുമ്പോള്‍ സംഘപരിവാര്‍ വിളയാട്ടത്തില്‍ ഡല്‍ഹി പോലീസ് ഒന്നും ചെയ്യില്ല 

അമിത് ഷാ ആഭ്യന്തരം ഭരിക്കുമ്പോള്‍ സംഘപരിവാര്‍ വിളയാട്ടത്തില്‍ ഡല്‍ഹി പോലീസ് ഒന്നും ചെയ്യില്ല 
Summary

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തെക്കുറിച്ച്, മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെക്കുറിച്ചും പൊലീസ് നിഷ്‌ക്രിയത്വത്തെക്കുറിച്ചും ഒന്നരപ്പതിറ്റാണ്ടിലേറെയായി ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായ പി കെ മണികണ്ഠന്‍ എഴുതുന്നു.

സുഹൃത്തുക്കളും വീട്ടുകാരും സുരക്ഷിതനല്ലേ എന്നു ചോദിച്ചു നിരന്തരം വിളിക്കുന്നു. തലസ്ഥാനം അരക്ഷിതമെന്നു തന്നെയാണ് ഉത്തരം. ഏതു നിമിഷവും എവിടെയും സംഘര്‍ഷം പൊട്ടിപ്പുറപ്പെടാം. ഭരണത്തിന്റെ തണലുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ തന്നെ അതു ചെയ്യുമ്പോള്‍ അരക്ഷിതമാവാതെ നിവൃത്തിയുമില്ലല്ലോ. ഡല്‍ഹി പോലീസില്‍ വിശ്വാസം നഷ്ടപ്പെട്ടു. കലാപമേഖലകളില്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിനിടെ മര്‍ദ്ദനമേറ്റ മാധ്യമ സുഹൃത്തുക്കള്‍ക്കൊന്നും ഒരു സംരക്ഷണവും ലഭിച്ചില്ല. 24 X 7 ചാനല്‍ ലേഖകനു വെടിയേറ്റു, എന്‍.ഡി.ടി.വി റിപ്പോര്‍ട്ടറുടെ പല്ലടിച്ചു കൊഴിച്ചു. ഭരണത്തിളപ്പില്‍ സംഘപരിവാരങ്ങള്‍ അഴിഞ്ഞാടുന്ന അരങ്ങാണ് ഡല്‍ഹി.

മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഞാനും കലാപമേഖലയില്‍ പോയി. ബാരിക്കേഡുകള്‍ കൊണ്ടടച്ച വഴിയോരം വിജനമായിരുന്നു. ചുറ്റിലും ഭീതി തളം കെട്ടിക്കിടക്കുന്നു. വീടുകളുടെ ടെറസിലും ജാലകപാളികളിലും ഭയം തുടിച്ച മുഖഭാവങ്ങള്‍. എന്നാല്‍, എന്തിനും തയ്യാറായ ജനക്കൂട്ടത്തെയും കണ്ടു. ജാഫറാബാദിലെ ഒരു നടപ്പാലത്തില്‍ നിന്ന് ഒരു കിലോമീറ്ററിനപ്പുറം പുകപടലങ്ങള്‍. അപ്പുറത്ത് കടകള്‍ കത്തിയെരിയുകയാണ്. ജാഫറാബാദില്‍ ജനക്കൂട്ടം തടഞ്ഞു. മുസ്ലീം സഹോദരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖല. മാധ്യമപ്രവര്‍ത്തകര്‍ ആണെന്നു മനസിലാക്കിയതോടെ പോവാന്‍ അനുവദിച്ചു. സത്യം എഴുതണമെന്നു മാത്രമാണ് അവരുടെ അഭ്യര്‍ഥന. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന തങ്ങളെ പാക്കിസ്താനികളെന്നു മുദ്ര കുത്തുന്നതിലെ വേദനയും രോഷവും. ഒരാളുടെ ചോദ്യമിതായിരുന്നു. 'ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ സുപ്രീംകോടതിവിധി ഞങ്ങള്‍ ആദരപൂര്‍വം അംഗീകരിച്ചില്ലേ? ഈ നാടിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരില്‍ ആയിരക്കണക്കിനു മുസ്ലിങ്ങളുമില്ലേ?' ശരിയാണ് ഇപ്പോള്‍ ഈ നാടതോര്‍ക്കുന്നില്ല. പൗരത്വ ഭേദഗതിയില്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ വേട്ടയാടപ്പെട്ടതിന്റെ വികാരമായിരുന്നു അവരുടെ വാക്കുകളില്‍. സര്‍ക്കാരിനെതിരെ സമരം ചെയ്താല്‍ എങ്ങനെ ഹിന്ദുവിരുദ്ധമാവുമെന്നാണ് ചോദ്യം.

അപ്പുറത്തേക്കു പോവാന്‍ തുനിഞ്ഞപ്പോള്‍ അവര്‍ സ്‌നേഹപൂര്‍വം വിലക്കി. 'അപകടമാണ്, നിങ്ങള്‍ക്കെന്തു സംഭവിക്കുമെന്നറിയില്ല.' അകലെയുള്ള പുകച്ചുരുളുകള്‍ മരണത്തിന്റെ സൂചന പോലെ അവര്‍ ചൂണ്ടിക്കാട്ടി. 'എന്തും സംഭവിക്കാം, എന്തിനു സാഹസം കാണിക്കണം?' ഇതാണ് ഉപദേശം. ഞങ്ങള്‍ പിന്മാറി.

മറ്റൊരിടത്തു വെച്ച്, സംഘര്‍ഷഭൂമിയില്‍ നിന്നു വരുന്ന ചില മാധ്യമപ്രവര്‍ത്തകരെ കണ്ടു. രക്ഷപ്പെട്ടതിന്റെ ആശ്വാസം അവരുടെ മുഖത്തുണ്ടായിരുന്നു. അക്രമിസംഘത്തിനു മുന്നില്‍ ജെയ് ശ്രീറാം വിളിക്കേണ്ടി വന്ന ദുര്‍ഗതി, വടിവാളുകളേന്തിയുള്ള അക്രമിക്കൂട്ടത്തെ കണ്ടതിന്റെ ഞെട്ടല്‍.. ഇങ്ങനെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഫാസിസ്റ്റ് വലയില്‍ നിന്നും ജീവന്‍ തിരിച്ചു കിട്ടിയതില്‍ അവര്‍ നെടുവീര്‍പ്പിട്ടു.

ഇതിനിടയില്‍ പലായനം ചെയ്യുന്ന ചില കുടുംബങ്ങളുടെ ഭീതിയും നേരിട്ടു കണ്ടു. അമിത് ഷാ ആഭ്യന്തരം ഭരിക്കുമ്പോള്‍ സംഘപരിവാര്‍ വിളയാട്ടത്തില്‍ പോലീസ് ഒന്നും ചെയ്യില്ല. പൊതു സുരക്ഷാ നിയമം ഉപയോഗിക്കാന്‍ ഡല്‍ഹി പോലീസിനു നേരത്തെ അനുവാദം നല്‍കിയിട്ടും ബി.ജെ.പി നേതാവ് കപില്‍ മിശ്ര എന്തുകൊണ്ട് അറസ്റ്റു ചെയ്യപ്പെട്ടില്ല? ഷഹീന്‍ ബാഗിലൂടെ പാക്കിസ്താന്‍ ഇന്ത്യയിലേയ്ക്കു നുഴഞ്ഞു കയറുന്നുവെന്ന് തിരഞ്ഞെടുപ്പുകാലത്ത് പ്രസംഗിച്ചയാളാണ് ഈ മിശ്ര. ഇയാളാണ് ഞായറാഴ്ച ജാഫറാബാദിലെ പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെ ഭീഷണി മുഴക്കിയത്. ഞങ്ങള്‍ തെരുവിലിറങ്ങുമെന്ന് പോലീസിനെ സാക്ഷി നിര്‍ത്തി മിശ്ര കൊലവിളി നടത്തി. പിറ്റേദിവസം മുതല്‍ക്കു തന്നെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തില്‍ കത്തുമ്പോള്‍ നാമെന്തു മനസിലാക്കണം? ചൊവ്വാഴ്ച സംഘപരിവാര്‍ തെരുവുകള്‍ തീയില്‍ മുക്കുമ്പോള്‍ ഉത്തരവാദികളെ കണ്ടെത്താന്‍ എന്താണ് സംശയം? കപില്‍ മിശ്ര മാത്രമല്ല, മോജ്പുരില്‍ പ്രകോപനപരമായി പ്രസംഗിച്ച ബി.ജെ.പി നേതാവ് ജെയ് ഭഗവാന്‍ ഗോയലും അറസ്റ്റു ചെയ്യപ്പെട്ടിട്ടില്ല.

ഇനി, ബി.ജെ.പിക്കു കനത്ത തിരിച്ചടി നല്‍കിയെന്ന് നാം വാഴ്ത്തുന്ന കെജരിവാളോ? അദ്ദേഹം സമാധാനത്തിന് ആഹ്വാനം നല്‍കി രാജ്ഘാട്ടിലെ ഗാന്ധി സ്മൃതി കുടീരത്തില്‍ പോയി പ്രാര്‍ഥന നടത്തി. സ്വന്തം നാട്ടിലെ ജനങ്ങള്‍ കലാപത്തീയില്‍ വെന്തു നിലവിളിക്കുമ്പോള്‍ മൗനമായ പ്രാര്‍ഥനയാണോ ഒരു ഭരണാധികാരിയുടെ മറുപടി? എ.എ.പിയുടെ മന്ത്രി ഗോപാല്‍ റായിയുടെ മണ്ഡലമാണ് സംഘര്‍ഷമുണ്ടായ പ്രദേശങ്ങളിലൊന്നായ ബാബര്‍പുര്‍. പോലീസ് പോലും ഞങ്ങളെ രക്ഷിക്കാനില്ലെന്നു ജനക്കൂട്ടം നിലവിളിക്കുമ്പോള്‍ അവര്‍ക്കിടയില്‍ ചെല്ലുകയല്ലേ കെജരിവാള്‍ ചെയ്യേണ്ടിയിരുന്നത്? സമാധാനദൗത്യം ജനങ്ങളുടെ മാത്രം ഉത്തരവാദിത്വമാണോ സര്‍? ഇതാണോ അങ്ങു പഠിച്ച സ്വരാജ് സങ്കല്പം. വര്‍ഗീയകലാപങ്ങളുടെ വിളനിലങ്ങളില്‍ ശാന്തിദൂതുമായി ഇറങ്ങിത്തിരിച്ച മനുഷ്യസ്‌നേഹിയായിരുന്നു സ്വരാജ് എന്ന ആശയം നിങ്ങളെ പഠിപ്പിച്ച ഗാന്ധിജി. ചരിത്രം ഒന്നു പരതി നോക്കൂ, അങ്ങ് ഭരിക്കുന്ന ഡല്‍ഹിയിലും കാണാം, ആ കാല്പാടുകള്‍.

ഇവിടുത്തെ കാറ്റിലുണ്ട് ചോരയുടെ മണം. ഗലികളില്‍ പതിഞ്ഞു കിടപ്പുണ്ട്, തേങ്ങലും ജീവന്‍ മരണമുനമ്പില്‍ നില്‍ക്കുന്നതിന്റെ നെഞ്ചിടിപ്പും. ഇല്ല പ്രിയപ്പെട്ടവരേ,

ഞാന്‍ മാത്രമല്ല, ഇവിടെയാരും സുരക്ഷിതരല്ല. വിഷവൃക്ഷങ്ങള്‍ വളരുന്ന മണ്ണില്‍ എനിക്കു മാത്രമായി വിരിയുന്നതല്ല രക്ഷയുടെ തണല്‍!

Related Stories

No stories found.
logo
The Cue
www.thecue.in